Monday 21 December 2020

ഖജുരാഹോ Part II -സതേൺ ഗ്രൂപ്പ് ടെംപിൾസ് -കലയെ സ്നേഹിക്കുന്നവർക്ക് ഒരിക്കലെങ്കിലും ഇവിടെ വരാതിരിക്കാനാവില്ല.--

                       ഒരു കാലത്ത് ഭേദപ്പെട്ട ക്ഷേത്രനഗരമായിരുന്നു ഖജുരാഹോ. പ്രധാന മാർക്കറ്റ് ഏരിയ ആയിരുന്ന സ്ഥലം വിശാലമായ ഗ്രൗണ്ട് പോലെ വാമന ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ കണ്ടു. പൊതുവെ കാർഷിക മേഖലയാണ് ഖജുരാഹോ ഉൾപ്പെടുന്ന ഛത്തർപുർ ജില്ല. ഛത്തർപുർ നഗരത്തിൽ നിന്ന് ഏകദേശം 40 കിലോമീറ്ററുണ്ട് ഖജുരാഹോയിലേക്ക് .. ജനസംഖ്യ കുറഞ്ഞ പ്രദേശമാണ് ഇവിടം . എല്ലാവരുടെയും മുഖ്യ ഉപജീവനമാർഗം കൃഷിയാണ് . ടൂറിസവുമായി ബന്ധപ്പെട്ട മേഖലകളിലും ധാരാളം പേര് സജീവമാണ്. ഹോട്ടൽ , ഹോം സ്റ്റേ , റെസ്റ്റോറന്റുകൾ, ഗൈഡ് , ടാക്സി എന്നിവയിലും ചെറുപ്പക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. എങ്കിലും . ഏപ്രിൽ മുതൽ വേനൽക്കാലം തുടങ്ങുന്നതിനാൽ ടൂറിസം വളരെ മോശമാകും . ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ജീവിതങ്ങളും ഖജുരാഹോയിൽ കാണാൻ ഇടയായി. 

          മധ്യപ്രദേശ് ടൂറിസം വകുപ്പ് മികച്ച സൗകര്യങ്ങളാണ് ഖജൂരാഹോയിൽ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. ടൂറിസം ഇൻഫർമേഷൻ കേന്ദ്രങ്ങളിൽ നിന്നും വിവിധ ഭാഷകളിൽ ഓഡിയോ ഗൈഡ് ലഭ്യമാണ്. ഇംഗ്ലീഷ് , എസ്പാനോൾ, ചൈനീസ്, കൊറിയൻ ഉൾപ്പെടെ ഭാഷകളിലും ഇന്ത്യൻ ഭാഷകളിലും ഓഡിയോ ഗൈഡ് ഉണ്ടെന്നാണ് ഞാൻ അറിഞ്ഞത് . രണ്ടോ മൂന്നോ ഹോട്ടലുകളും ടൂറിസം വകുപ്പിന്റേതായി ഇവിടുണ്ട്. കൂടാതെ വിവിധ റേറ്റിലും സൗകര്യങ്ങളിലും ധാരാളം ഹോട്ടലുകളും ഹോം സ്റ്റേകളും ഹോസ്റ്റലുകളും ഉണ്ട് ഖജുരാഹോയിൽ.

        ഈസ്റ്റേൺ ക്ഷേത്രങ്ങളിൽ നിന്നും ഞങ്ങൾ ഇനി സന്ദർശിക്കാൻ പോകുന്നത് സതേൺ ക്ഷേത്രങ്ങളാണ്. ചതുർഭുജ് ടെംപിൾ , ബീജമണ്ഡൽ , ദുൽഹ ടെംപിൾ എന്നിവയാണ് സതേൺ ഗ്രൂപ്പിൽ പ്രധാനപ്പെട്ടവ. ആദ്യം ഞങ്ങൾ പോയത് ചതുർഭുജ് ക്ഷേത്രത്തിലേക്കാണ്. ചന്ദേല രാജവംശത്തിലെ യശോവർമൻ എന്ന രാജാവിന്റെ കാലത്താണ് ചതുർഭുജ് ടെംപിൾ നിർമ്മിക്കപ്പെട്ടത് . എ ഡി പതിനൊന്നാം നൂറ്റാണ്ടിലാണ് നിർമ്മാണം നടന്നത്. രണ്ടേ മുക്കാൽ മീറ്റർ അഥവാ എട്ട് അടിയിലധികം ഉയരമുള്ള ചതുർബാഹുവായ മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ . കൈകളും മറ്റും ഛേദിച്ച നിലയിലാണ് വിഗ്രഹമുള്ളത്. ശംഖ ചക്ര ഗദാ പദ്മ ധാരിയായ മഹാവിഷ്ണുവിഗ്രഹത്തിന്റെ കാലുകളുടെ നിൽക്കുന്ന രീതി കണ്ടാൽ കൃഷ്ണ സങ്കൽപമാണെന്ന് തോന്നും. ശിരസ്സിൽ ഗംഗയും ചന്ദ്രക്കലയുമുള്ളതിനാൽ ശിവസങ്കല്പമാണെന്നും തോന്നാം. ഗർഭഗൃഹത്തിന്റെ തറയിൽ പാകിയ കല്ലുകളുടെ നിറവ്യത്യാസം ശ്രദ്ധേയമാണ്. മണ്ഡപത്തിൽ നിന്നും നോക്കുമ്പോൾ ശ്രീകോവിലിനുള്ളിൽ വെള്ളം കെട്ടിക്കിടക്കുന്നതായി തോന്നും ..ഗർഭഗൃഹത്തിന്റെ വാതിലിലും ചുറ്റും മുകളിലെ തോരണവും വളരെ കലാപരമാണ് . എത്ര മനോഹരമായ കൊത്തുപണികളാണ് കല്ലിൽ തീർത്തിരിക്കുന്നത്. മണ്ഡപത്തിലെ സീലിങ്ങിൽ ചെയ്തിരിക്കുന്ന കലാവിരുതും സുന്ദരമാണ്.ഉയരം കൂടിയ ശിഖരമാണ് ക്ഷേത്രത്തിന്റേത് .. ചുറ്റിനും ധാരാളമായി ശിൽപങ്ങൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്ന അമ്പലമാണ് ചതുർഭുജ ക്ഷേത്രം.

        ബീജമണ്ഡൽ : ചതുർഭുജ ക്ഷേത്രത്തിൽ നിന്നും അരകിലോമീറ്റർ മാത്രം ദൂരെയാണ് ബീജമണ്ഡൽ ക്ഷേത്ര അവശിഷ്ടങ്ങൾ .നിലവിൽ ഉത്ഖനനം നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ബീജ മണ്ഡൽ . ആർക്കിയോളജിക്കൽ സർവ്വേ ഉദ്യോഗസ്ഥർക്ക് ലഭ്യമായ അനുമാനങ്ങൾ വെച്ച് വലിയ ശിവക്ഷേത്രമായിരുന്നു എന്ന് കരുതുന്നു . മുപ്പതു മീറ്ററിലധികം നീളമുള്ള മണ്ഡപമാണ് കണ്ടെത്തിയിട്ടുള്ളത്. അനുമാനങ്ങൾ വെച്ച് തയ്യാറാക്കിയ ഡിസൈനും ഫോട്ടോകളും ഇവിടെ വെച്ചിട്ടുണ്ട്. ഇടുങ്ങിയ നാട്ടുവഴിയിലൂടെ വേണം ബീജമണ്ഡലിലേക്ക് എത്താൻ . വഴിയിൽ നിന്നും നോക്കുമ്പോൾ രണ്ടു മൺകൂനകൾ മാത്രമാണ് നമുക്ക് കാണാൻ കഴിയുക. അടുത്തെത്തുമ്പോളാണ് ക്ഷേത്രത്തിന്റെ ചുറ്റുമതിലിന്റെ അവശിഷ്ടങ്ങളും മറ്റും ദൃശ്യമാവുകയുള്ളൂ .ഇവിടെ നിന്നും ലഭ്യമായ ശിലകളും ശില്പങ്ങളും നമ്പരിട്ട് പരിസരത്തു തന്നെ നിർത്തിയിരിക്കുന്നത് കാണാം .പാടങ്ങളുടെയും കുളത്തിന്റെയും പശ്ചാത്തലത്തിൽ നിൽക്കുന്ന ഈ ശേഷിപ്പുകൾക്കിടയിൽ ചുറ്റുമതിലിലെ കൊത്തുപണികളിൽ നിന്നു തന്നെ യഥാർത്ഥത്തിൽ ക്ഷേത്രമുണ്ടായിരുന്നതിന്റെ ഭംഗിയും പ്രൗഢിയും നമുക്ക് ഊഹിച്ചെടുക്കാം .

             ബീജമണ്ഡലിൽ നിന്നും ഒരു കിലോമീറ്ററോളം ചെറു റോഡിലൂടെ സഞ്ചരിച്ചാൽ സതേൺ ഗ്രൂപ്പിലെ ഏറ്റവും വലിയ ക്ഷേത്രമായ ദുൽഹ ടെംപിളിൽ എത്താം .. ഖജുരാഹോയിലൂടെ ഒഴുകുന്ന ഖുദർ നദിയിലെ ചപ്പാത്ത് കടന്നാൽ നദീതീരത്തു തന്നെ ഇടതു വശത്താണ് ദുൽഹ ദേവ് മന്ദിർ, അർദ്ധ നാരീശ്വരനായ , ഉമാ മഹേശ്വരനെ സങ്കല്പിച്ചുള്ള ശിവക്ഷേത്രമാണ് ഇത്. മലയാളത്തിൽ പറഞ്ഞാൽ വധൂവരന്മാരുടെ അല്ലെങ്കിൽ ഭാര്യ ഭർത്താക്കന്മാരുടെ അമ്പലം എന്നാണ് . വലിയ ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠ . ശിവലിംഗത്തിന്മേൽ ചെറു ചെറുതായി ഒട്ടേറെ ശിവലിംഗങ്ങൾ കൊത്തിയിരിക്കുന്നു. ഒരു ശിവലിംഗത്തിൽ തന്നെ 1111 ശിവലിംഗങ്ങളാണ് എന്നാണ് പറയപ്പെടുന്നത്.മനോഹരമായ ഒരു ഗാർഡൻ ക്ഷേത്രത്തിനു ചുറ്റുമായി ഒരുക്കിയിട്ടുണ്ട്. പൂച്ചെടികൾക്കും ഗാർഡനും നടുവിൽ ക്ഷേത്രത്തിന്റെ കാഴ്ച്ച മനോഹരമാണ്. അപ്സരസുകളുടെയും ശിവന്റെയും നന്ദിയുടെയും മറ്റു ദേവന്മാരുടെയും സാലഭഞ്ജികകളുടെയും ശിൽപങ്ങളോടൊപ്പം ഇറോട്ടിക് ശിൽപങ്ങളും ഉണ്ടിവിടെ. രതിയുടെ വിവിധ പോസുകൾ , യോഗയുടെ പൊസിഷനുകൾ പോലെ , അല്ലെങ്കിൽ യോഗ പ്രാക്ടീസ് ചെയ്യുന്നവർക്ക് മാത്രം സാധ്യമാവുന്ന പോലെ തോന്നുന്ന ചില സെക്സ് പൊസിഷനുകളുടെ ശില്പങ്ങളും കണ്ടു. 

                ഏതാണ്ട് ഉച്ചയാകാറായിരിക്കുന്നു. സഹയാത്രികരോട് ചോദിച്ചപ്പോൾ എന്തെങ്കിലും ചായയോ മറ്റോ കഴിച്ചിട്ട് നമുക്ക് മറ്റ് ക്ഷേത്രങ്ങൾ കൂടി പരമാവധി കാണാം . എന്നിട്ട് മതി ഉച്ചഭക്ഷണം എന്നായി. എല്ലാവരും ഉത്സാഹത്തിലാണ് .. എന്റെ ഏറെ കാലത്തെ ആഗ്രഹം തന്നെയായിരുന്നു ഖജുരാഹോ സന്ദർശിക്കുക എന്നത്. അതിനു അവസരം ഒത്തത് ഇപ്പോൾ ആണ് . ഈ സാഹചര്യം ഒത്തുവരാൻ ഇടയാക്കിയ സഹയാത്രികരായ ശ്രീ . മധുസൂദനൻ നായരും കുടുംബവും , ശ്രീ. വേണുഗോപാലകൃഷ്ണ കാമത്തും കുടുംബവും,മജീഷ്യൻ ശ്രീ നയനൻ കൽപ്പറ്റയും കുടുംബവും ആണ്. ഏറെ നന്ദിയുണ്ട് സന്തോഷമുണ്ട്. ഈ സന്ദർശന വേളയിൽ .


            മനോഹരമായ ദുൽഹാ ദേവ് മന്ദിറിൽ നിന്നും ഒരു ചെറിയ ചായക്കടയിൽ ചായ കഴിച്ചു.. ഇനി പോകാനുള്ളത് വെസ്റ്റേൺ ഗ്രൂപ്പിലെ അമ്പലങ്ങളിലേക്കാണ്.. ഖജുരാഹോയുടെ ഏറ്റവും മനോഹരമായ കന്ദരിയാ മഹാദേവ ക്ഷേത്രം , ലക്ഷ്മണ ടെമ്പിൾ ഉൾപ്പെടെയുള്ള അത്ഭുതങ്ങളിലേയ്ക്ക് ..


Part I വായിക്കാൻ ഈ ലിങ്കിൽ പോകാം 

http://yathramanjushree.blogspot.com/2020/12/part-1.html

Part III വായിക്കാൻ ഈ ലിങ്കിൽ പോകാം 

http://yathramanjushree.blogspot.com/2020/12/part-3.html 

































No comments:

Post a Comment