Friday 18 December 2020

കർഫ്യൂ വാലി മാതാ ക്ഷേത്രം , ഭോപ്പാൽ

              ഭോപ്പാലിലെ ആസാദ് മാർക്കറ്റിന് സമീപം പീർ ഗേറ്റിനടുത്താണ് കർഫ്യൂ വാലി മാതാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാലു പതിറ്റാണ്ട് മുൻപ് ക്ഷേത്രവുമായി ബന്ധപ്പെട്ട് നഗരത്തിൽ കർഫ്യൂ  പ്രഖ്യാപിച്ചതിനാലാണ്  ക്ഷേത്രം ഈ പേരിൽ അറിയപ്പെട്ടത്. 

           1982 ലാണ് ഇവിടെ ക്ഷേത്രം നിർമ്മിക്കപ്പെടുന്നത്. മാർക്കറ്റ് പ്രദേശമായ ഇവിടെയുള്ള കച്ചവടക്കാർ നവരാത്രിക്കാലത്ത് മാർക്കറ്റിനോട് ചേർന്ന് ഒഴിഞ്ഞു കിടന്ന സ്ഥലത്ത് ദുർഗ്ഗാപൂജയും മറ്റും നടത്തിവന്നിരുന്നു. 1982 ലെ നവരാത്രിക്കാലത്ത് ഇവിടെ നിമജ്ജനം ചെയ്യാനായി വിഗ്രഹം സ്ഥാപിച്ചപ്പോൾ ഒരു വിഭാഗം ആളുകൾ അത് എടുത്തു മാറ്റാൻ ശ്രമിക്കുകയും അവിടെ മറ്റൊരു ആരാധനാലയം പണിയുവാനായി അവകാശം ഉന്നയിക്കുകയും ചെയ്‌തു. വാർത്ത പരന്നതോടെ ഇരു വിഭാഗവും സംഘടിക്കുവാനും തുടങ്ങി. സംഘർഷ സാദ്ധ്യതകൾ കൂടി ഉടലെടുത്തതോടെ  പ്രശ്‌നം ഗുരുതരമായി. 

             ശ്രീ. അർജുൻ സിങ് ആയിരുന്നു അന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി. പോലീസ് നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചു.  ജില്ലാ ഭരണകൂടം നവരാത്രി ആഘോഷത്തിന്റെ കമ്മിറ്റിക്കാരെ ജയിലിൽ അടയ്ക്കാനും വിഗ്രഹം എടുത്തുകൊണ്ടു പോകാനും തീരുമാനിച്ചു. പോലീസ് ബലം പ്രയോഗിച്ച് വിഗ്രഹം എടുത്തുകൊണ്ടുപോയി. അങ്ങിനെ നഗരത്തിലെ നവരാത്രി ആഘോഷങ്ങൾ അലങ്കോലപ്പെട്ടു. പക്ഷെ ഭക്തർ ഒരു വിധേനയും വിട്ടുകൊടുക്കാൻ തയ്യാറായില്ല. വിഗ്രഹം ഇല്ലായെങ്കിൽ പോലും നിത്യേന ആളുകൾ ഇതേ സ്ഥലത്ത് ദുർഗ്ഗാപൂജയ്ക്കായി എത്തിച്ചേർന്നു. ആളുകൾ എല്ലാവരും ചേർന്ന് സർക്കാർ നടപടികൾക്കെതിരെ സത്യാഗ്രഹസമരം ആരംഭിച്ചു. 

              പോലീസ് അറസ്റ് തുടർന്നുവെങ്കിലും സംഭവം അറിഞ്ഞ് സമീപജില്ലകളിൽ നിന്നുപോലും ആളുകൾ എത്തിച്ചേർന്ന് സത്യാഗ്രഹത്തിൽ പങ്കെടുത്ത് അറസ്ററ് വരിച്ചുകൊണ്ടിരുന്നു. വിഷയം വലിയ വാർത്തയാകുകയും രാഷ്ട്രീയമാനങ്ങളുണ്ടാക്കുകയും ചെയ്‌തു. നാളുകൾ കഴിയുന്തോറും സമരത്തിന്റെ ജനപിന്തുണ ഏറിവന്നു.

            ഏതാണ്ട് ഒരു മാസം നീണ്ട കർഫ്യൂവിനും സമരത്തിനുമൊടുവിൽ ജില്ലാ ഭരണകൂടം  വിഗ്രഹം തിരികെ സ്ഥലത്തെത്തിച്ചു നൽകി. അറസ്‌റ്റ് ചെയ്യപ്പെട്ടവരെയെല്ലാം തുറന്നുവിടാനും സർക്കാർ തീരുമാനിച്ചു. അങ്ങിനെ ഒരു പുലർച്ചെ അഞ്ചുമണിക്ക് ഇവിടെ ദുർഗ്ഗാവിഗ്രഹം സ്ഥാപിക്കപ്പെട്ടു. അവിടെ ഒരു ചെറിയ ക്ഷേത്രം നിർമ്മിക്കാൻ കമ്മിറ്റിക്കാർ തീരുമാനിച്ചു. ഒരു മാസത്തോളം നീണ്ട കർഫ്യൂവിനോടുവിൽ സ്ഥാപിക്കപ്പെട്ട ദുർഗ്ഗാക്ഷേത്രത്തിന് നഗരവാസികൾ  നൽകിയ പേരാണ് കർഫ്യൂ വാലി മാതാ മന്ദിർ.







 

No comments:

Post a Comment