Sunday 20 December 2020

ഖജുരാഹോ- കലയെ സ്നേഹിക്കുന്നവർക്ക് ഒരിക്കലെങ്കിലും ഇവിടെ വരാതിരിക്കാനാവില്ല... Part- 1

            ഹേമാവതി എന്നൊരു ബ്രാഹ്മണ കുമാരി പണ്ടൊരിക്കൽ ഒരു രാത്രിയിൽ നദിയിൽ കുളിക്കാനിറങ്ങി. ഹേമാവതിയുടെ സൗന്ദര്യം കണ്ടു മോഹിച്ച ചന്ദ്രദേവൻ മനുഷ്യരൂപം പൂണ്ട് അവളെ ആകർഷിച്ചത്രേ. അങ്ങിനെ ആ കൂടിച്ചേരലിൽ ഹേമാവതി ഗർഭിണിയാകുകയും ഒരു ആൺകുട്ടിയെ പ്രസവിക്കുകയും ചെയ്തു. പക്ഷെ  അവിവാഹിതയായ ആ അമ്മയെയും അച്ഛനില്ലാത്ത മകനെയും സമൂഹം ഒട്ടേറെ ദ്രോഹിച്ചു. തന്നോടൊപ്പം ജീവിക്കാത്ത ഒരുത്തനോടൊപ്പം കാമം തീർത്ത അമ്മയെ പരിഹസിക്കുന്നത് ആ മകൻ കാണേണ്ടി വന്നു. ഒടുക്കം ആ അമ്മ മകനെയും കൂട്ടി കൊടും കാടിനുള്ളിലേക്ക് പലായനം ചെയ്തു. മകനെ മികച്ച രീതിയിൽ ജീവിതധർമങ്ങൾ അമ്മ അഭ്യസിപ്പിച്ചു . ജീവിതത്തിൽ ഒരു വലിയ ലക്ഷ്യ ബോധവുമായി തിരികെ കാടിറങ്ങിയ മകനാണ് ചന്ദേല രാജവംശസ്ഥാപകനായ ചന്ദ്രവർമൻ.  മനുഷ്യകാമനകളെ മനോഹരമായി ചിത്രീകരിക്കുന്ന സ്മാരകങ്ങൾ സ്ഥാപിക്കാൻ തുടങ്ങിയത് ചന്ദ്രവർമനാണ് . അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരും ആ രീതി തുടർന്നു. കഥയങ്ങിനെ തുടരട്ടെ...

   ചതുർവിധപുരുഷാർത്ഥങ്ങളായ ധർമ -അർത്ഥ -കാമ-മോക്ഷങ്ങളെയും മാനവജീവിതത്തിന്റെ വ്യത്യസ്തധാരകളെയും മനോഹരമായി ഖജുരാഹോയിൽ ശിൽപങ്ങളായി സുന്ദരമന്ദിരഭിത്തികളിൽ കവിത പോലെ കൊത്തിയിരിക്കുന്നു. ഭക്തി ,സന്തോഷം ,ദുഃഖം ,അധ്വാനം , രതി, ജനനം , ഗുരുകുലം , ചികിത്സ, യുദ്ധം, വ്യാപാരം, കൃഷി, സംഗീത നൃത്യാദി കലകൾ എല്ലാം ഈ ശിലകളിൽ സൗന്ദര്യമായി നിറയുന്നു. കലയെ സ്നേഹിക്കുന്നവർക്ക് , ആസ്വദിക്കുന്നവർക്ക് ഒരിക്കലെങ്കിലും ഇവിടെ വരാതിരിക്കാനാവില്ല. അതാണ് സത്യം.

           എ ഡി ആറാം നൂറ്റാണ്ടു മുതലുള്ള ക്ഷേത്രങ്ങളാണ് ഖജുരാഹോയിലുള്ളത് . രതിശില്പങ്ങൾ കൊണ്ട് പ്രശസ്തിയാർജ്ജിച്ചതാണിവിടത്തെ ക്ഷേത്രങ്ങൾ. എന്നാൽ ഈ കലാവിരുതിന്റെ പത്തു ശതമാനം മാത്രമേ രതിശില്പങ്ങൾ ഉള്ളൂ . ബുന്ദേൽഖണ്ഡ് ഭരിച്ചിരുന്ന ചന്ദേല രാജവംശത്തിലെ രാജാക്കന്മാരുടെ കീഴിലാണ് ഈ ശില്പനഗരം നിർമ്മിക്കപ്പെട്ടത് . ഏതാണ്ട് ഇരുപത് കിലോമീറ്ററോളം ചുറ്റളവിലായിരുന്നു അന്ന് ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടത്. എന്നാൽ ഇന്ന് ഏറിയാൽ ഇരുപതോ ഇരുപത്തിയഞ്ചോ മാത്രമേ അവശേഷിക്കുന്നുള്ളൂ . 1022 ൽ മഹമൂദ് ഗസ്നി ഇവിടം കൊള്ളയടിക്കാനെത്തിയിരുന്നു. വലിയ തോതിൽ പണം നൽകിയതിനാൽ വൻ ആക്രമണങ്ങളിൽ നിന്നും ഖജുരാഹോ രക്ഷപ്പെട്ടു. പിന്നീട് കുത്ബുദ്ദിൻ ഐബക് ചന്ദേലയെ ആക്രമിക്കുകയും ഇവിടം തകർക്കുകയും ചെയ്തിട്ടുണ്ട്. പതിമൂന്നാം നൂറ്റാണ്ടു മുതൽ മുസ്ലിം  ഭരണാധികാരികളുടെ അധിനിവേശത്തിനു പ്രദേശം കീഴടങ്ങി. സിക്കന്ദർ ലോധിയുടെ ആക്രമണപരമ്പരയിൽ ഖജുരാഹോയും ഉൾപ്പെട്ടിരുന്നു. തകർന്ന നഗരം കാടുപിടിച്ച് ആരാലും ശ്രദ്ധിക്കപ്പെടാതെ നൂറ്റാണ്ടുകളോളം കിടന്നു. അത് ഒരു പരിധി വരെ കൂടുതൽ  ആക്രമണങ്ങളിൽ നിന്നും രക്ഷയായി. ഇത്രയെങ്കിലും കിട്ടിയെന്നത് വലിയ കാര്യം തന്നെ. 1830 ൽ ബ്രിട്ടീഷ് സർവ്വേ നടന്ന സമയത്ത് ക്ഷേത്രവിശ്വാസികളാണ് കാട് പിടിച്ചു കിടക്കുന്ന ക്ഷേത്രങ്ങൾ സർവെയർമാർക്ക് കാണിച്ചു കൊടുക്കുന്നത്. അന്ന് മുതലാണ് പ്രാധാന്യം മനസ്സിലാക്കി ഈ വിസ്മയങ്ങൾ ലോകശ്രദ്ധയിലേക്ക് ലഭിക്കുന്നത്.അക്കാലത്തും ശിവരാത്രി ദിവസം വിദൂര ദേശങ്ങളിൽ നിന്നും ഭക്തർ  ഇവിടെ എത്തുന്നുണ്ടായിരുന്നുവത്രേ .

     തണുപ്പ് കാരണം ഏതാണ്ട് ഒൻപതരയോടെയാണ്  പ്രഭാതഭക്ഷണവും കഴിഞ്ഞ് ഞങ്ങൾ ഖജുരാഹോ സന്ദർശിക്കാൻ തുടങ്ങിയത് . ഖജുരാഹോയിലെ ക്ഷേത്രങ്ങളെ വെസ്റ്റേൺ , ഈസ്റ്റേൺ , സതേൺ എന്നിങ്ങനെ  മൂന്നായി തിരിച്ചിട്ടുണ്ട്. അതിൽ ഈസ്റ്റേൺ ഭാഗത്തേക്കാണ് ആദ്യം ഞങ്ങൾ പോകുന്നത്. മഹാബലിയുടെയും വാമനന്റെയും നാട്ടിൽ നിന്നാണല്ലോ വരവ്. അതുകൊണ്ട് വാമനമൂർത്തി ക്ഷേത്രം തന്നെയാകട്ടെ ആദ്യം. വലിയ ഒരു പീഠത്തിനു മുകളിൽ നഗര വസ്തു ശൈലിയിൽ ആണ് വാമന ക്ഷേത്രം . മികച്ച കൊത്തുപണികളുള്ള ഈ ക്ഷേത്രം നിർമ്മിച്ചത് എ ഡി 1050 - 1075 കാലഘട്ടത്തിലാണ് .. വാമനക്ഷേത്രത്തിലെ കൊത്തുപണികളുടെ കൂട്ടത്തിൽ  രതിശില്പങ്ങൾ ഇല്ല.

           വാമനക്ഷേത്രത്തിൽ നിന്നും നേരെ പോയത് ജോവാരി ക്ഷേത്രത്തിലേക്കാണ് . പുറമെ നിന്ന് കാണുമ്പോൾ തന്നെ ഭംഗി അറിയാം. ചെറിയ ക്ഷേത്രമാണ് പക്ഷെ ഭംഗി കൊണ്ടും ശില്പചാതുര്യം കൊണ്ടും  ഗംഭീരം. ക്ഷേത്രത്തിന്റെ പോർച്ചിലെ മകര തോരണം ഏറെ മനോഹരമാണ്. പത്താം നൂറ്റാണ്ടിൽ നിർമിച്ച ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാവിഷ്ണു ആണ്. നിലവിൽ ശില്പങ്ങളേറെയും നശിപ്പിക്കപ്പെട്ട നിലയിലാണ് . ഗർഭഗൃഹത്തിലെ മഹാവിഷ്ണു വിഗ്രഹം ശിരസ്സു ഛേദിക്കപ്പെട്ടിരിക്കുന്നു. മറ്റു ശില്പങ്ങളും കാലും മുഖവും കൈകളും മറ്റും തകർത്തു കളഞ്ഞ അവസ്ഥയിലാണ്. എങ്കിലും മിച്ചമുള്ളവ എത്ര മനോഹരമാണ്.    ചന്ദനത്തടിയിൽ കൊത്തിയെടുത്ത് പോലെ തോന്നും സാൻഡ് സ്റ്റോണിൽ നിർമ്മിച്ച ക്ഷേത്രം .കൊത്തുപണികളുടെ കൂട്ടത്തിൽ  രതിയുടെ വിവിധ ഭാവങ്ങൾ , പൊസിഷനുകൾ , സ്നേഹത്തിന്റെ ഊർജ്ജപ്രവാഹമായ ഇണ ചേരലിന്റെ വൈവിധ്യമാർന്ന ആസ്വാദനരീതികൾ, സ്ത്രീ-പുരുഷ സ്വയംഭോഗങ്ങൾ ഒക്കെയും ഭംഗിയായി കൊത്തിയിട്ടുള്ള ശില്പങ്ങളുണ്ട് ഇവിടെ .വനിതകളുടെ ലെഗ്ഗിൻസ് പോലെയോ മറ്റോ  കനം കുറഞ്ഞ  വസ്ത്രം ഉരിയുന്ന സ്ത്രീയുടെ ഒരു ശില്പം കണ്ടു.വസ്ത്രത്തിന്റെ കനം  പോലും വ്യക്തമായി മനസിലാകത്തക്ക വിധമാണ് ശില്പി ശില്പം നിർമിച്ചിരിക്കുന്നത്.    ബ്രഹ്മാവിന്റെയും സരസ്വതിയുടെയും ഉൾപ്പെടെയുള്ള ദേവീദേവന്മാരുടെ ശിൽപങ്ങളും  ഏറെ സുന്ദരമാണ്..

           ജോവാരി ക്ഷേത്രത്തിൽ നിന്നും ഏറെ അകലെയല്ല ഖജുരാഹോയിലെ ഏറ്റവും പഴയ ക്ഷേത്രങ്ങളിൽ ഒന്നായ ബ്രഹ്മക്ഷേത്രം . കൊത്തുപണികളോ ശില്പ ഭംഗിയുടെ പ്രത്യേകതകളോ ബ്രഹ്മക്ഷേത്രത്തിൽ ഇല്ല .


Part II വായിക്കാൻ ഈ ലിങ്കിൽ പോകാം 

http://yathramanjushree.blogspot.com/2020/12/part-ii.html

Part III വായിക്കാൻ ഈ ലിങ്കിൽ പോകാം 

http://yathramanjushree.blogspot.com/2020/12/part-3.html 

Facebook : https://www.facebook.com/yathraman.../posts/1116579588673353

































No comments:

Post a Comment