Friday 18 December 2020

സാഞ്ചിയിലെ സ്‌തൂപം - ക്രിസ്‌തുവിന് മുൻപ് മൂന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച സ്‌മാരകങ്ങൾ

ക്രിസ്‌തുവിനും മുൻപ് മൂന്നാം ശതകത്തിൽ നിർമ്മിക്കപ്പെട്ട സ്‌തൂപങ്ങളും ക്ഷേത്രങ്ങളും മണ്ഡപങ്ങളുമാണ് സാഞ്ചിയിലെ പൈതൃകകേന്ദ്രത്തിലുള്ളത്. മധ്യപ്രദേശിലെ വിദിശയിൽ നിന്നും പന്ത്രണ്ടു കിലോമീറ്റർ ദൂരത്താണ് സംസ്‌കൃതിയുടെ ഈ പൗരാണികഅടയാളങ്ങൾ സ്ഥിതി ചെയ്യുന്നത്. തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് വിദിശയിലേയ്ക്കുള്ള ഹൈവേയിൽ മഞ്ഞനിറം പുതച്ചു നിൽക്കുന്ന കടുകുപാടങ്ങൾക്കു നടുവിലൂടെ അൻപത്തഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ സാഞ്ചിയിലെത്താം. നല്ല റോഡുകളാണ് ഈ പ്രദേശത്തുള്ളത്. അതുകൊണ്ട് കൂടിയാൽ ഒന്നര മണിക്കൂർ സമയം കൊണ്ട് നമുക്ക് അവിടെ എത്തിച്ചേരാൻ പറ്റും. ഭോപ്പാൽ - വിദിശ ഹൈവേയിൽ സാഞ്ചിയിൽ വഴി തിരിഞ്ഞ് നാനൂറു മീറ്ററോളം കുന്നിൻമുകളിലേയ്ക്ക് യാത്ര ചെയ്‌താൽ സാഞ്ചിയിലെ മഹത്തായ സ്‌തൂപത്തിൽ നമുക്കെത്തിച്ചേരാം.

ബി സി മൂന്നാം നൂറ്റാണ്ടിൽ മഹാനായ അശോകചക്രവർത്തിയാണ് സാഞ്ചിയിലെ സ്‌തൂപവും പണി കഴിപ്പിച്ചത്. കലിംഗ യുദ്ധത്തിനു ശേഷം മനസ്സു മാറി ബൗദ്ധ ചിന്തകളിലേക്ക് നീങ്ങിയ അശോകചക്രവർത്തി 84000 ബുദ്ധസ്‌തൂപങ്ങൾ നിർമ്മിച്ചുവെന്നാണ് പറയപ്പെടുന്നത്.അതിൽ ഏറ്റവും വലുതാണ് സാഞ്ചിയിലേത്. ഭഗവാൻ ശ്രീ ബുദ്ധന്റെ പരിനിർവാണത്തിനു ശേഷം അദ്ദേഹത്തിന്റെ ചിതാഭസ്‌മം എട്ടു ഭാഗങ്ങളിലായി എട്ടു രാജ്യങ്ങളിൽ ഉണ്ടായിരുന്നു. അശോകചക്രവർത്തി അവയെല്ലാം ശേഖരിച്ച് സ്വർണ്ണ- വെള്ളി- സ്‌ഫടികപ്പാത്രങ്ങളിലാക്കി ഈ 84000 സ്‌തൂപങ്ങളിലായി സ്ഥാപിച്ചുവത്രേ. ഭാരതത്തിന്റെ മഹത്തായ പൈതൃകത്തിന്റെ ജീവസ്സുറ്റ ദൃശ്യങ്ങളാണ് സാഞ്ചിയിലും നമുക്ക് കാണാനാവുന്നത്. ചെറുകുന്നിൻ മുകളിലേയ്ക്ക് കയറിച്ചെല്ലുമ്പോൾ തന്നെ വലിയ സ്‌തൂപം കാണാം. യുനെസ്‌കോയുടെ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്‌മാരകമാണ് സാഞ്ചി സ്‌തൂപം. മൂന്നു സ്‌തൂപങ്ങളാണ് ഇവിടെയുള്ളത്. വലിയ സ്‌തൂപത്തിനടുത്തു തന്നെയാണ് മൂന്നാമത്തെ സ്‌തൂപവും സ്ഥിതിചെയ്യുന്നത്. രണ്ടാം സ്‌തൂപം കുന്നിന്റെ മറുചെരിവിൽ അൽപ്പം മാറിയാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ബുദ്ധക്ഷേത്രങ്ങളും ഗുപ്‌ത കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഏതാനും ഹിന്ദു ക്ഷേത്രങ്ങളും ഈ പുരാവസ്‌തുസമുച്ചയത്തിലുണ്ട്.

സാഞ്ചിയിലെ പ്രധാന സ്‌തൂപത്തിന് 55 അടി ഉയരവും 120 അടി വ്യാസവുമുണ്ട്. അർധഗോളാകൃതിയിലാണ് ഈ സ്‌തൂപങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. സ്‌തൂപത്തിന്റെ നാലു വശങ്ങളിലും അലങ്കാര തോരണങ്ങളോടെ കല്ലിൽ നിർമ്മിക്കപ്പെട്ട കമാനങ്ങളും അവയ്ക്കുള്ളിൽ പ്രദക്ഷിണവഴിയുമുണ്ട്. പടികൾ കയറിച്ചെന്നാൽ ഒന്നാം നിലയിൽ വീണ്ടും മറ്റൊരു പ്രദക്ഷിണവഴി കൂടി സ്‌തൂപത്തിനു ചുറ്റുമായുണ്ട്. കമാനങ്ങളും തോരണങ്ങളും ശിൽപ്പ വേലകൾ കൊണ്ട് മനോഹരമാണ്.

പന്ത്രണ്ടാം നൂറ്റാണ്ടിലെപ്പോഴോ സാഞ്ചിയുടെ പ്രാധാന്യം കുറയുകയും ഇവിടം ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്‌തു. പിന്നീട് 1818 ബ്രിട്ടീഷ് കാരനായ ജന. ടെയ്‌ലർ ഇവിടെയെത്തിയതിനു ശേഷമാണ് സാഞ്ചിയുടെ പ്രാധാന്യം സംബന്ധിച്ച പഠനങ്ങൾ തുടങ്ങുന്നത്. അങ്ങിനെ വീണ്ടും സാഞ്ചിയിലെ മഹത്തായ സ്‌മാരകങ്ങൾ അധികാരികളാൽ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. സ്വാതന്ത്രത്തിനു ശേഷം പുരാവസ്‌തുവകുപ്പ് പ്രദേശം ഏറ്റെടുക്കുകയും സ്‌മാരകങ്ങളുടെ കേടുപാടുകൾ തീർത്ത് സംരക്ഷിക്കുകയും പഠനങ്ങൾ നടത്തുകയും ചെയ്‌തുപോരുന്നു.

അശോകചക്രവർത്തിയുടെ കാലത്തിനു ശേഷം സുംഗ കാലത്തും ഇവിടെ നിർമ്മാണങ്ങൾ നടന്നിട്ടുണ്ട്. ശതവാഹന കാലഘട്ടത്തിലാണത്രേ കമാനങ്ങളും തോരണങ്ങളും മറ്റും നിർമ്മിക്കപ്പെട്ടത്.ഒന്നാം സ്‌തൂപവും മൂന്നാം സ്‌തൂപവും ഗുപ്‌തകാലഘട്ടത്തിലെ വലിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ബുദ്ധക്ഷേത്രങ്ങളും സമീപത്തുള്ള കൽമണ്ഡപങ്ങളും സന്ദർശിച്ചിട്ട് ഞങ്ങൾ രണ്ടാം സ്‌തൂപത്തിലേയ്ക്ക് നടക്കാൻ തീരുമാനിച്ചു.

വലിയ സ്‌തൂപത്തിനരുകിൽ നിന്ന് താഴേയ്ക്ക് പടികളുണ്ട്. പടികൾക്കു താഴെ വിശാലമായ പ്രദേശത്ത് ഒരു കുളവും അടുത്തായി പഴയ മൊണാസ്റ്ററിയുടെ അവശിഷ്ടങ്ങളും കാണാം.ഞങ്ങൾ അങ്ങോട്ടു നീങ്ങി മൊണാസ്റ്ററിയുടെ അടുത്താണ് കല്ലു കൊണ്ടു നിർമ്മിച്ച വലിയ പാത്രമുള്ളത്. വെള്ളം സൂക്ഷിക്കാനുപയോഗിച്ചിരുന്ന കൽപ്പാത്രം കണ്ടാൽ വലിയ മഗ് പോലെയുണ്ട്. അതിനു വശത്തു കൂടി വീണ്ടും പടികളിറങ്ങി നൂറു മീറ്ററോളം ചെല്ലുമ്പോഴാണ് രണ്ടാം നമ്പർ സ്‌തൂപം സ്ഥിതിചെയ്യുന്നത്. ആ സ്‌തൂപത്തിനരുകിലും ഒരു ചെറിയ കുളമുണ്ട്. അവിടെയും സന്ദർശനം നടത്തി മടക്കം.തിരികെ കുന്നുകയറി വലിയ സ്‌തൂപത്തിനരികിൽ മടങ്ങിയെത്തി. അവിടെനിന്നും മൂന്നാം സ്‌തൂപത്തിനു ചുവട്ടിലൂടെ ഞങ്ങൾ വ്യൂ പോയിന്റിലേയ്ക്ക് നടന്നു.

കുന്നിൻമുകളിൽ നിന്ന് സാഞ്ചിയിലെ കൃഷിഭൂമികളുടെയും സാഞ്ചി ഗ്രാമത്തിന്റെയും കാഴ്ച്ചകൾ ആസ്വദിച്ച് ടോയിലറ്റ് കോംപ്ലെക്സിനടുത്തുള്ള ഗാർഡനിലെ ടീ പാർലറിൽ നിന്ന് ഓരോ ചായയും കുടിച്ചതിനു ശേഷം യാത്ര തുടരുകയാണ്. ഖജുരാഹോയിലേയ്ക്ക്.. രതിശിൽപ്പങ്ങൾ കൊണ്ട് പ്രശസ്‌തമായ വാസ്തുകലാഭംഗി കൊണ്ട് വിസ്‌മയിപ്പിക്കുന്ന ഖജുരാഹോയിലെ ക്ഷേത്രങ്ങളിലേയ്ക്ക്..































No comments:

Post a Comment