Sunday 20 December 2020

ഇന്ത്യൻ വീനസ് അഥവാ ഗ്യാരസ് പൂർ ലേഡി എന്ന സാലഭഞ്ജികയുടെ നാട്ടിൽ ..

          മധ്യപ്രദേശിലെ വിദിശയിൽ ഉദയഗിരി ഗുഹകൾ സന്ദർശിച്ചതിനു ശേഷം ഖജുരാഹോയിലേക്കുള്ള യാത്രയിലാണ് ഗ്യാരസ് പൂരിൽ എത്തിപ്പെടുന്നത്. ആയിരം വർഷത്തിലധികം  പഴക്കമുള്ള കുറച്ചു സ്മാരകങ്ങൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഇവിടെ സംരക്ഷിക്കുന്നുണ്ട്. ഹിന്ദു , ബുദ്ധ ജൈന സ്മാരകങ്ങളാണ് ഇവിടെയുള്ളത്.  വിദിശയിൽ നിന്ന് സാഗറിലേക്കുള്ള ഹൈവേയിൽ നാൽപതു കിലോമീറ്ററോളം ചെല്ലുമ്പോഴാണ് ഈ ചെറു ഗ്രാമം. കടുകും ഗോതമ്പും മല്ലിയും പയറും പരിപ്പുമെല്ലാം വിളഞ്ഞു കിടക്കുന്ന വിശാലമായ പാടങ്ങൾക്കു നടുവിലൂടെയാണ് ഹൈവെ ഗ്യാരസ് പൂരിൽ എത്തുന്നത് . പുരാതനമായ മാലാദേവി ക്ഷേത്രവും ഹിന്ദോള തോർണ അഥവാ ചാർ ഖംബയുമാണ് ഞങ്ങളുടെ ലക്ഷ്യം. 

           1933 ൽ അന്നത്തെ ഗ്വാളിയോർ സംസ്ഥാന പുരാവസ്തു ഉദ്യോഗസ്ഥർ നടത്തിയ ഗവേഷണത്തിനിടയിൽ മനോഹരിയായ ഒരു സാലഭഞ്ജികയുടെ ശിൽപം .ലഭിച്ചു. ആകൃതി കൊണ്ടും അലങ്കാരം കൊണ്ടും ഉടലളവുകൾ കൊണ്ടും ഏറെ മനോഹരമായ ശിൽപത്തിന്റെ ഭാഗികമായ രൂപമാണ് ലഭിച്ചത്. ഗവേഷകരുടെയും ആസ്വാദകരുടെയും നിരീക്ഷണത്തിൽ നിരുപമമായ ശില്പഭംഗിയാണിത്.സൗന്ദര്യം കൊണ്ട് ഇന്ത്യൻ വീനസ് എന്ന് ശിൽപം വിളിക്കപ്പെട്ടു. നിലവിൽ ഗ്വാളിയോർ മ്യൂസിയത്തിലാണ് ഗ്യാരസ് പൂർ ലേഡി എന്നും വിളിപ്പേരുള്ള ഇന്ത്യൻ വീനസിന്റെ ശില്പമുള്ളത്. ഒട്ടേറെ അന്തർദേശീയ പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട് ഈ ഗ്യാരസ് പൂർ ലേഡി . ഇന്ത്യൻ മൊണാലിസ എന്നും ഈ സാലഭഞ്ജികയെ ചില പ്രദർശനങ്ങളിൽ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.  

  ഈ ചെറുനഗരത്തിൽ  കടക്കുമ്പോൾ തന്നെ വലതു വശത്തു പോലീസ് സ്റ്റേഷൻ കാണാം. പോലീസ് സ്റ്റേഷൻ കഴിഞ്ഞാൽ വലത്തോട്ട് തിരിഞ്ഞുള്ള വഴിയിൽ ടൂറിസത്തിന്റെ മാലാദേവി ക്ഷേത്രത്തിലേക്കുള്ള  ദിശാബോർഡ് ഉണ്ട്. അതിലെ ഏകദേശം ഒരുകിലോമീറ്ററിൽ താഴെ മാത്രമേയുള്ളൂ മാലാദേവി ക്ഷേത്രത്തിലേയ്ക്ക്. ഒരു കുന്നിന്റെ മുകളിൽ കീഴ്ക്കാം തൂക്കായ കൊക്കയോട് ചേർന്നാണ് മാലാദേവി ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. ക്ഷേത്രത്തിന്റെ മൂന്ന് വശവും കൊക്കയാണ്. താഴെ വിശാലമായ പാടങ്ങളും ചെറുവഴികളും പിന്നെ നമ്മൾ വന്ന ഹൈവേയും കാണാം .അങ്ങോട്ടുള്ള കയറ്റം പകുതിയാകുമ്പോൾ വഴിയിൽ ഇടത്തു വശത്ത് പുരാതനമായ മണ്ഡപവും ആർച്ചുകളും കാണാം .പുരാതന നിർമ്മിതിയായ  ഹിന്ദോള തോർണയാണത്. കോമ്പൗണ്ടിന്റെ ഗേറ്റു പൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. എങ്കിലും അതിന്റെ സൂക്ഷിപ്പുകാരാണെന്നു തോന്നുന്നു. അകത്ത്  ഒന്നുരണ്ടു പേർ  നിൽക്കുന്നുണ്ട്. മാലാദേവിയിൽ നിന്നും മടങ്ങും വഴി ഇവിടെയും ഇറങ്ങണം.( പക്ഷെ മനക്കണക്കും പദ്ധതികളെല്ലാം പാളിപ്പോയി .. അതേപ്പറ്റി താഴെപ്പറയാം)

 തേക്കുമരങ്ങൾ നിറഞ്ഞ കാടാണ് മല മുകളിൽ . ടാറിട്ട ചെറു റോഡ് മാലാദേവി ക്ഷേത്രം വരെ നീളുന്നുണ്ട്. വണ്ടിയിലിരുന്ന് ക്ഷേത്രം കാണുമ്പോൾ തന്നെ അത്ഭുതമായി. മലയുടെ ചെരുവിൽ ഒരു പാറക്കെട്ട് . ആ പാറക്കെട്ടിൽ വെട്ടിയുണ്ടാക്കിയാണ്  ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്  .മുന്നോട്ട്  ശേഷിക്കുന്ന ഭാഗം കല്ല് കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിലേക്ക് ഏതാനും കൽപ്പടവുകളിറങ്ങി വേണം പോകാൻ .. ഞങ്ങൾ പടവുകൾ  ഇറങ്ങിച്ചെല്ലുമ്പോൾ Archeological Survey of India യുടെ ക്ഷേത്ര കാവൽക്കാരൻ മുറ്റത്തു നിന്നും വാനരന്മാരെ ഓടിച്ചു വിടുന്നുണ്ട്. ഇറങ്ങി ചെല്ലും തോറും ക്ഷേത്രത്തിലെ കൊത്തുപണികളും ഗാംഭീര്യവും മനോഹാരിതയും നമ്മെ ക്ഷണിക്കുകയാണ്. ആകെ പൊളിഞ്ഞു വീഴാറായ അവസ്ഥയിലാണ് മാലാദേവിയുടെ ക്ഷേത്രം ഇപ്പോൾ .മുന്നിലെ ബാൽക്കണിയും മണ്ഡപവും ചുറ്റുമുള്ള ഭിത്തികളും ക്ഷേത്രശിഖരവുമെല്ലാം ജീർണാവസ്ഥയിലാണ് . കല്ലുകൾ , ശിൽപങ്ങൾ ഏതു നിമിഷവും താഴേക്കു പതിക്കാം  എന്നു തോന്നും ഇപ്പോളത്തെ അവസ്ഥ കണ്ടാൽ. 

പത്താം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ ക്ഷേത്രം ഒരു ജൈന മന്ദിരമാണ് . ജൈന തീർത്ഥങ്കരന്മാരും യക്ഷ-യക്ഷിണികളുമൊക്കെയാണ് ശില്പങ്ങൾ.അതെ സമയം തന്നെ ഗംഗയും യമുനയും ശില്പങ്ങളിലുണ്ട്. 

             പാറ വെട്ടിയുണ്ടാക്കിയ ഈ അമ്പലം ആദ്യ കാലത്ത് ഹിന്ദു ക്ഷേത്രമായിരുന്നത്രെ. പിന്നീട് ജൈനന്മാരുടെ കാലത്ത്  ക്ഷേത്രം ജൈനരീതിയിൽ ആക്കിയതാണെന്നും  പറയപ്പെടുന്നു. ക്ഷേത്രത്തിന്റെ ഉള്ളിലേയ്ക്ക് നിലവിൽ പ്രവേശനമില്ല. അകത്തേയ്ക്ക് കടക്കാതിരിക്കാൻ ഇരുമ്പു ഗ്രില്ല് വെച്ച് പൂട്ടിയിട്ടുണ്ട് . 

അതേതായാലും നന്നായി. ഉള്ളിൽ ഗർഭഗൃഹവും ശിഖരവും കല്ലുകൾ അടർന്നു വീണ നിലയിലുള്ള  മുകൾവശം നമുക്ക് ഗ്രില്ലിനിടയിലൂടെ കാണാം . ക്ഷേത്രത്തിനു പ്രദക്ഷിണം വെയ്ക്കാൻ ഒരു വഴിയുമില്ല . പാറ വെട്ടിയുണ്ടാക്കിയതായതിനാൽ ഇരുവശത്തും നിന്നും വഴികൾ ചെന്ന് പാറക്കെട്ടിൽ അവസാനിക്കുകയാണ്. ഇടതു വശത്തു കണ്ട ഇടുങ്ങിയ വഴിയിലൂടെ പിറകുവശത്തേയ്ക്ക്  പോകാൻ  നോക്കിയെങ്കിലും പാറമേൽ ഒരു വലിയ കടന്നൽക്കൂട് കണ്ടതോടെ മടങ്ങിവന്നു. ക്ഷേത്രമുറ്റത്തു നിന്നും താഴെ വിശാലമായ  കൃഷിപ്പാടങ്ങളും  കാഴ്ചകളും കണ്ട് അരമണിക്കൂറിലധികം ഞങ്ങൾ മാലാദേവിയിൽ ചെലവഴിച്ചു. ഇനി ഹിന്ദോള തോർണ കൂടി കണ്ട് നേരെ ഖജുരാഹൊയ്ക്ക് വെച്ച് പിടിക്കണം. അങ്ങിനെതിരികെ വണ്ടിയിലെത്തുമ്പോളാണ് എല്ലാ പദ്ധതികളും തകിടം മറിച്ച് ഞങ്ങളെയെല്ലാം വിഷമിപ്പിച്ച സംഭവമുണ്ടാകുന്നത്.

             തിരികെ വണ്ടിയിലെത്തുമ്പോൾ ഞങ്ങളിൽ ഒരാളുടെ ബാഗ് നഷ്ടമായിരിക്കുന്നു. അത് അന്വേഷിക്കുമ്പോഴാണ്  മറ്റൊരാളുടെ കൂടി ബാഗ് നഷ്ടമായ വിവരം അറിയുന്നത്. 5000 രൂപയോളം പണവും മുഴുവൻ ഐഡന്റിറ്റി കാർഡുകളും പവർബാങ്ക് ഉൾപ്പെടെയുള്ള ചില സാമഗ്രികളും മെഡിസിനുകളും മറ്റുമാണ് നഷ്ടപ്പെട്ടത്. താഴെ ക്ഷേത്രത്തിൽ വെച്ച് മറന്നോ എന്ന സംശയത്തിൽ ചിലർ അങ്ങോട്ട് നീങ്ങുമ്പോൾ ഞാൻ ആദ്യ ഫോട്ടോകൾ ചെക്ക് ചെയ്തു. ഇല്ല ക്ഷേത്രത്തിലേയ്ക്ക് ബാഗുകൾ കൊണ്ട് പോയിട്ടില്ല . ഇനി കുരങ്ങന്മാർ കൊണ്ടുപോയിരിക്കുമോ ?? ഇല്ല തിന്നാൻ ഉള്ള സാധനമില്ലെങ്കിൽ കുരങ്ങന്മാർ ബാഗ് ഉപേക്ഷിക്കും . ഞാനും ഡ്രൈവർ ആകാശും മറ്റു രണ്ടു പേരും ചേർന്ന് കാട്ടിലേക്ക് കയറിപ്പോയി നോക്കി . ഇനി പണമെടുത്തിട്ട് ബാഗ് ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ ഐ ഡി കാർഡുകൾ കിട്ടിയേനെ എന്ന ചിന്തയായിരുന്നു.

ഏതായാലും ബാഗുകൾ മോഷണം പോയതായി ഉറപ്പിച്ചു. അപ്പോഴേയ്ക്കും ക്ഷേത്രത്തിലെ ഗാർഡ് മുകളിലേയ്ക്ക് കയറി വന്നു . "ഇതിനു മുൻപും ഇതുപോലെ മോഷണം ഇവിടെ നടന്നിട്ടുണ്ട് അതുകൊണ്ടാണ് ഒരാൾ വണ്ടിയിൽ ഇരിക്കണമെന്ന് ആദ്യമേ ഞാൻ പറഞ്ഞത് " എന്ന് പറഞ്ഞ് അയാൾ ആരെയൊക്കെയോ ഫോണിൽ വിളിച്ചു. പിന്നാലെ രണ്ടു പേർ ബൈക്കിൽ വന്ന് വിവരങ്ങൾ അന്വേഷിച്ചു. ( ഹിന്ദോള തോർണ യിലെ ചുമതലക്കാരാണെന്നു പിന്നീട് മനസ്സിലായി.) കൂടാതെ ആർക്കിയോളജി ഇൻ ചാർജിനെയും അയാൾ വിളിച്ചു വരുത്തി. 

          ആ സമയത്തിനിടയിൽ ഞങ്ങൾ നൂറിലേയ്ക്കും ഗൂഗിളിൽ നോക്കി നമ്പറെടുത്ത് ഗ്യാരസ് പൂർ പോലീസിനെയും വിവരമറിയിച്ചു. പത്തുമിനുട്ടിനുള്ളിൽ പോലീസ് എത്തി. അവരും പറയുന്നു ഇതിനു മുൻപും ഇങ്ങനെ ഇവിടെ സംഭവിച്ചിട്ടുണ്ടെന്ന്. എങ്കിലൊരു ബോർഡെങ്കിലും വെക്കാമായിരുന്നല്ലോ സാർ എന്നൊക്കെ പറയുമ്പോഴും ഐ ഡി കാർഡുകൾ , എ ടി എം കാർഡുകളൊക്കെ നഷ്ടമായ വിഷമത്തിലാണ് ഞങ്ങൾ. വണ്ടിയുടെ മുന്നിലെ ഒരു സ്ലൈഡിങ് ഗ്ലാസിന്റെ ലോക്ക് പോയതാണ് . അതിലൂടെ കയ്യിട്ടാൽ കിട്ടാവുന്ന രണ്ടു ബാഗുകളാണ് പോയത്. പോലീസ് ഞങ്ങളുടെ ഡ്രൈവറെ ഏറെ പഴി പറഞ്ഞു. സത്യത്തിൽ ഡ്രൈവർ ഞങ്ങളോടൊപ്പം ക്ഷേത്രത്തിലേക്ക് ഇറങ്ങി വരികയായിരുന്നു, അപ്പോഴാണ് ആരെങ്കിലുമൊരാൾ വണ്ടിയിൽ കാണണമെന്ന്  ഗാർഡ് പറഞ്ഞത്. അപ്പോൾ തന്നെ ഡ്രൈവർ തിരികെ വണ്ടിയുടെ അടുത്തേയ്ക്ക് മടങ്ങുകയും ചെയ്തു . എന്റെ സംശയം മൊബൈലിൽ ഗെയിം കളിക്കുന്നതിൽ പ്രാന്തനാണ് ഡ്രൈവർ ആകാശ്. എപ്പോ ഞങ്ങൾ തിരികെ വണ്ടിയിലെത്തുമ്പോഴും അയാൾ ഗെയിം കളിച്ചു കൊണ്ടിരിക്കുകയായിരിക്കും.

        ഇവിടെയും സംഭവിച്ചത് അതാകാനാണ് സാധ്യത . ഡ്രൈവർ വണ്ടിയുടെ അടുത്ത് പുറത്തിരുന്ന് ഗെയിം കളിച്ചുകൊണ്ടിരുന്നു . മോഷ്ടാക്കൾ പതുങ്ങി വന്ന് ബാഗെടുത്ത് കാട്ടിലേക്ക് മറഞ്ഞു കാണണം. ഗാർഡിന്റെ നേരെയും ഞങ്ങളുടെ സംശയം നീളാതിരുന്നില്ല . ഞങ്ങൾ ചെന്നതിനു ശേഷം അയാൾ മൂന്നോ നാലോ ഫോൺ വിളികൾ നടത്തിയിട്ടുണ്ട്. പോലീസിനോട് പറഞ്ഞപ്പോൾ ആ നമ്പറുകളെല്ലാം പോലീസ് ചെക്ക് ചെയ്യുകയും അയാളെ സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോകാൻ തീരുമാനിക്കുകയും ചെയ്തു. ഇൻസ്പെക്ടറുടെ നിർദേശപ്രകാരം നഷ്ടപ്പെട്ട സാധനങ്ങളുടെ ലിസ്റ്റ് കാണിച്ച്  ഔദ്യോഗികമായി ഒരു പരാതി എഴുതിനൽകി . സ്റ്റേഷനിൽ ചെന്ന് അതിന്റെ രണ്ടു പകർപ്പിന്മേൽ പോലീസിന്റെ സീൽ വെച്ച് രസീതും തന്നു. ഇനി എയർ പോർട്ടിൽ ഐ ഡി ചോദിക്കുമ്പോൾ കാണിക്കാൻ എന്തെങ്കിലും രേഖ വേണ്ടേ.

          അങ്ങിനെ ഹിന്ദോള തോർണ , ബജ്രമാതാ തുടങ്ങിയ സന്ദർശനങ്ങളെല്ലാം ഉപേക്ഷിച്ച് യാത്ര തിരിക്കുകയായി . എന്തായാലും ബാഗ് കിട്ടുന്ന മുറയ്ക്ക് ഫോണിൽ ബന്ധപ്പെടുമെന്നാണ് പോലീസ് അറിയിച്ചത്. പോരാതെ നിരുത്തരവാദപരമായി പെരുമാറി  ടൂറിസ്റ്റുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിന്  ഞങ്ങളുടെ ഡ്രൈവർ ആകാശിന് പോലീസിന്റെ കൈയിൽ നിന്നും കണക്കിന് കിട്ടിയിട്ടുമുണ്ട് . ഞങ്ങൾ ആകെ മൂഡ് ഓഫ് ആയി.. ആകാശും ..മൂന്ന് മണിക്കൂറോളം സമയമാണ് മാലാദേവിയിൽ പോയത്. ഇനി ഖജുരാഹോയിലെത്തുമ്പോൾ രാത്രി വൈകും. ഇനിയങ്ങോട്ട് ഖജുരാഹോയിലേയ്ക്ക് മുന്നൂറിനടുത് കിലോമീറ്ററുകൾ താണ്ടാനുണ്ട് .ഏറിയ പങ്കും വനപ്രദേശങ്ങളും ഗ്രാമങ്ങളുമാണ്.സാഗർ നഗരം കഴിഞ്ഞാൽ ഛത്തർപൂർ , അവിടുന്ന് 40 കിലോമീറ്റർ കഴിഞ്ഞാൽ ഖജുരാഹോ. ഹോട്ടലിൽ ഫോൺ ചെയ്ത് രാത്രി പന്ത്രണ്ടു മണിയോടെ അത്താഴം റെഡിയാക്കാൻ പറഞ്ഞു. ഞങ്ങളെല്ലാവരും കേന്ദ്രസർക്കാരിന്റെ പര്യടൻ പർവിൽ പ്രതിജ്ഞയെടുത്തവരാണ്. അതുകൊണ്ട് പ്രധാനപ്പെട്ട ഒരു ചരിത്ര  സ്മാരകത്തിൽ ഉണ്ടായ ദുരനുഭവം പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും അറിയിച്ചു. 

 മാലാദേവി ഉൾപ്പെടെയുള്ള മനോഹരമായ ചരിത്രപ്രാധാന്യമേറിയ സ്ഥലങ്ങൾ സന്ദർശിക്കാതിരിക്കരുത്. ഒറ്റപ്പെട്ട കാട്ടിലേയ്ക്കും മറ്റും പോകുമ്പോൾ ശ്രദ്ധ കൂടുതൽ വേണമെന്നേയുള്ളൂ. . ഗ്രൂപ്പായി മാത്രമേ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സന്ദർശനം നടത്താവൂ. വാഹനത്തിന്റെ ഡോറുകളും വിൻഡോകളും കൃത്യമായി അടച്ചുറപ്പാക്കണം .

       എത്രയോ വർഷങ്ങളായി ഞാൻ യാത്രകൾ തുടങ്ങിയിട്ട്. ചമ്പൽ പ്രദേശങ്ങളിലൂടെയും മറ്റും എത്രയോ വർഷങ്ങൾക്കു മുൻപ് അതായത് മൊബൈലും എടിഎം കാർഡും വരുന്നതിനും മുന്നേ യാത്രചെയ്തിട്ടുണ്ട്. രണ്ടു വട്ടം മുൻപ് ഈ പ്രദേശങ്ങളിലൂടെ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ RRB  പരീക്ഷ എഴുതുന്നതിന് സാഗറിൽ വന്നു. 1999  ൽ ആണെന്നാണ് ഓർമ്മ. അന്ന് അവിടെ നിന്നും ട്രെയിനും ബസ്സുമൊക്കെയായി ഡൽഹിയിലേക്ക് വന്ന്  ഡൽഹിയിൽ നിന്നാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. പിന്നൊരിക്കൽ അലഹബാദിൽ നിന്നും ട്രെയിൻ പിടിക്കാൻ കഴിയാതെ വന്നതിനാൽ സ്വകാര്യ വണ്ടിയിൽ നാഗ്പൂർ വരെയെത്തി കേരള എക്സ്പ്രസ്സ് പിടിക്കേണ്ടി വന്നു. എങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണ്. ഇനിയും യാത്ര ചെയ്യുന്നവർക്ക് ദുരനുഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇതിവിടെ കുറിച്ചതിനു കാരണം.

N B : ഹിന്ദോള തോർണയുടെയും ഗ്യാരസ്പൂർ ലേഡിയുടെയും ചിത്രങ്ങൾ ഗൂഗിളിൽ നിന്നും എടുത്തതാണ്.






























No comments:

Post a Comment