Sunday 20 December 2020

കാട്ടാനയോടൊപ്പം ഗോപാലസ്വാമി ബെട്ടയിൽ ക്ഷേത്രദർശനം

 



സാമ്പത്തിക വർഷാവസാനമായതിന്റെ തിരക്കുള്ളതിനാൽ ഈയാഴ്ച വീട്ടിലേക്ക് പോകുന്നില്ലായെന്നു തീരുമാനിച്ചു. പക്ഷെ ഞായറാഴ്ച പകൽ ലോഡ്ജുമുറിയിലിരുന്ന് ചെയ്തു തീർക്കാവുന്ന പണിയൊന്നുമല്ല താനും. അങ്ങിനെയാണ് എങ്ങോട്ടേലും വിട്ടാലോ എന്ന ചിന്ത വന്നത്. ഒരു സഹപ്രവർത്തകൻ വേണ്ടുംവിധം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പറ്റിയാൽ ടിയാൻ വണ്ടിയുമായി വരാം , വീട്ടിൽ ചെന്ന് തിരക്കിയിട്ട് വിളിക്കാമെന്നും പറഞ്ഞു പിരിഞ്ഞു. പക്ഷെ ഞായറാഴ്ച അദ്ദേഹത്തിന് ഒരു കല്യാണച്ചടങ്ങ് ഉണ്ടായിരുന്നു..ഫ്രീയാകാൻ കഴിഞ്ഞില്ല. അപ്പോപ്പിന്നെ എന്തു ചെയ്യും .. 900 കണ്ടി, വടുവൻചാൽ, പനമരം ഇവിടൊക്കെ പരിചയമില്ലാത്ത ഞാൻ വണ്ടിയില്ലാതെ പോയാൽ കറങ്ങും.. അപ്പോഴാണ് ഗോപാലസാമിബേട്ട പ്ലാനിലേക്ക് ഇടിച്ചു കയറിയത്. ഗൂഗിൾ ഗുരുവിനെ അഭയം പ്രാപിച്ചു. ആവശ്യം അറിയിച്ചപ്പോൾ ഒന്നു രണ്ടു ബ്ലോഗുകളും ദൂരവും ഗുരു നല്കി. 

                 രാവിലെ എണീറ്റ ഉടനേ (അതായത് പുലർച്ചെ 10 ന് ) കഫക്കെട്ടിനുള്ള ആന്റിബയോട്ടിക്ക് എടുത്തു വിഴുങ്ങി. ഒരു മണിക്കൂർ കൊണ്ട് റെഡിയായി ബസ് സ്റ്റോപ്പിലെത്തി. പത്തു മിനിട്ടിനകം മൈസൂരിലേക്കുള്ള തൃശൂർ ഡിപ്പോയിലെ സൂപ്പർഫാസ്റ്റ് കിട്ടി. ബത്തേരിയിൽ ഒരു പതിനഞ്ചു മിനുട്ട് ചായ കുടിക്കാൻ ബസ് നിറുത്തി. പിന്നങ്ങോട്ട് നല്ല സ്പീഡ്. NH 766 ലൂടെ മുത്തങ്ങ വനത്തിലൂടെ ആനകളെയും കണ്ട് യാത്ര.. കർണാടകത്തിൽ ബന്ദിപ്പൂർ കാടും പിന്നിട്ട് വിശാലമായ കൃഷിയിടങ്ങൾക്ക് നടുവിലൂടെ ബസ് നീങ്ങി. കാബേജ് തക്കാളി മുളക് കോളിഫ്ലവർ പാടങ്ങൾ.. വണ്ടി ഗുണ്ടൽ പേട്ടിലെത്തിയിരിക്കുന്നു. ബസ്സ്റ്റാന്റിനു മുന്നിൽ ഞാനിറങ്ങി. നേരെ ഓഫീസിലെത്തി ഗോപാലസ്വാമി ബേട്ടയ്ക്കുള്ള ബസിന്റെ സമയം തിരക്കി. കന്നടയിൽ എന്തരൊക്കെയോ എന്നെ അദ്ദേഹം പറഞ്ഞു മനസിലാക്കി. എനിക്കാണെങ്കിൽ ഒന്നു മാത്രം മനസിലായി. ഇനി മൂന്നരയ്ക്കേ ബസ് ഉള്ളൂ.. എന്തായാലും ഭക്ഷണം കഴിക്കാതെ പോയാൽ പെടും .. അതു കൊണ്ട് സ്റ്റാന്റിൽ തന്നെ ഹോട്ടലിൽ നിന്ന് ഊണു വാങ്ങി കുറച്ചു കഴിച്ചു. ഹോട്ടലിലെ ചങ്ങാതിയോട് വണ്ടിയുടെ കാര്യം ചോദിച്ചപ്പോൾ അദ്ദേഹം മറ്റൊരു വഴി പറഞ്ഞു . ഊട്ടി ബസിൽ കയറി ഹംഗളയിൽ ഇറങ്ങുക.. എന്നിട്ട് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വരെ ഓട്ടോ പിടിക്കുക. അവിടന്ന് മുകളിലേക്ക് ബസ് കിട്ടുമത്രേ.. 


                     ആദ്യം കണ്ട ഊട്ടി ബസിൽ കയറി. പക്ഷെ അത്  എക്സ്പ്രസായോണ്ട് ഹംഗളയിൽ നിർത്തൂല്ലത്രേ. അതുകൊണ്ട്  തിരിച്ചിറങ്ങി സ്റ്റാന്റിലൂടെ തേരാപ്പാര നടന്ന് കണ്ട ബസിലൊക്കെ ഹംഗള ഹോഗിതാ എന്നു ചോദിച്ചു. ഇതു കണ്ട ഒരു കന്നഡിഗ പരോപകാരി എന്നെ സഹായിക്കാൻ തീരുമാനിച്ചു. അദ്ദേഹം ഹംഗളയ്ക്കുള്ള ബസ് വരാനിടയുള്ള പ്ളാറ്റ് ഫോറം കാണിച്ചു തന്നു എന്ന് മാത്രമല്ല അടുത്ത ബസ് വന്നപ്പോൾ കണ്ടക്ടറോട് ചോദിച്ചിട്ട് എന്നോട് ബസിൽ കയറിക്കോളാനും പറഞ്ഞു. പൂപ്പാടങ്ങളുടെ ഗ്രാമമായ ഗോപാലപുരത്തേക്കാണ് ആ ബസ്. ഹംഗളയിൽ നിന്നും ഗോപാലപുരത്തേക്ക് വഴി തിരിയും. ഗോപാലസ്വാമി ബേട്ട മലയുടെ ചുവട്ടിലാണ് ഗോപാലപുരം ഗ്രാമവും. 


          ആ ബസ് അര മണിക്കൂറു കഴിഞ്ഞാണ് പുറപ്പെട്ടത് . അടുത്ത സീറ്റിലിരുന്ന അപ്പുപ്പൻ ഹംഗളയിലിറങ്ങിയപ്പോൾ ഇത്തിരി നേരം നിന്നാൽ ബസ് വരും അത് പോരെങ്കിൽ ഓട്ടോ പിടിക്കണം എന്നു പറഞ്ഞ് ഓട്ടോ കാണിച്ചു തന്നു. സമയം വിലപ്പെട്ടതായതു കൊണ്ട് ഞാൻ ഓട്ടോ പിടിക്കാൻ തീരുമാനിച്ചു. നൂറു രൂപാ .. തെറ്റു പറയാനില്ല അഞ്ചാറ് കിലോമീറ്ററുണ്ട് ചെക്പോസ്റ്റിലേക്ക്‌. ചെക് പോസ്റ്റിലെത്തിയപ്പോൾ നേരത്തേ എത്തിയവരൊക്കെ ചുമ്മാ പോസ്റ്റായിട്ട് ഇരിക്കുന്നു. ഇനി നാലുമണിക്കുള്ള ലാസ്റ്റ് ബസ് മാത്രമേ മുകളിലേക്കുള്ളു. ഇനിയും പത്തിരുപത്തിയഞ്ചു മിനുട്ടുണ്ട് . എന്നാപ്പിന്നെ ഒന്നു കൂടി മൂത്രമൊഴിച്ചു വരാം. വലിയ അക്ഷരത്തിൽ ടോയിലറ്റ് ബോർഡ് വെച്ചിരിക്കുന്ന പാർക്കിംഗ് ഗ്രൗണ്ടിലേക്ക് നടന്നു. അങ്ങു മൂലയ്ക്കാണ് സംഭവം. നടന്നു അവിടെത്തിയപ്പോൾ താഴിട്ട് പൂട്ടിയിട്ടിരിക്കുന്ന ശൗചാലയം. എന്താ ചെയ്ക.. പ്രകൃതീശ്വരീ ഞാനൊരാരാധകൻ.. അന്ധ വനഗായകൻ. അങ്ങിനെ ആശ്വാസം ഓരോ ശ്വാസത്തിലും.. 

          വീണ്ടും മറ്റു പോസ്റ്റുകളോടൊപ്പം ചെക്പോസ്റ്റിൽ കാത്തിരിപ്പ്.. കൂട്ടത്തിൽ രണ്ടു കേരളാ ബ്രോസുമുണ്ട്.. ഓരോ കാറു വന്നു നിർത്തുമ്പോഴും പ്രതീക്ഷയോടെ നോക്കും. സീൻ ശോകമാണെന്നറിയുമ്പോൾ വീണ്ടും മൊബൈലിലേക്ക് രണ്ടു പേരും തല താഴ്ത്തും. 

           അങ്ങിനെ നാലു മണിയുടെ ലാസ്റ്റ് ബസ് എത്തി. മുകളിലേക്ക് ഇരുപതു രൂപയാണ് ടിക്കറ്റ് . ഹെയർ പിൻ വളവുകൾ കയറി വണ്ടി നീങ്ങി. താഴെ ഗുണ്ടൽപേട്ടയുടെ ദൃശ്യം... കൃഷിപ്പാടങ്ങളുടെ ആകാശ ദൃശ്യം, വലിയ മലകൾ.. പുല്ലു മാത്രം കിളിർക്കുന്ന മലഞ്ചെരിവുകൾ .. പ്രകൃതിയുടെ മനോഹാരിതയിലൂടെ ഇരുപത് മിനുട്ട് യാത്ര. അതാ മുന്നിൽ ഹിമവത് ഗോപാലസ്വാമി ക്ഷേത്രം. ഇവിടെ വരെയാണ് റോഡുള്ളത്. കുറച്ചു കൂടി മുന്നിൽ ഒരു വനം വകുപ്പ് കെട്ടിടം. തൊഴുതിട്ടാകാം ബാക്കിയൊക്കെ. പടി കയറി ക്ഷേത്രത്തിനുള്ളിൽ കയറി.വേണുഗോപാലസ്വാമിയെ ഉള്ളറിഞ്ഞ് തൊഴുത് പുറത്തിറങ്ങി. ക്ഷേത്ര മുറ്റത്തു നിന്ന് ഒരു അൻപതു മീറ്റർ അകലത്ത് മാൻ കൂട്ടം മേഞ്ഞു നടക്കുന്നു. മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമായ പ്രദേശം. മനസ്സും ഹൃദയവും കുളിരണിയുന്ന അന്തരീക്ഷം. ക്ഷേത്ര മുറ്റത്തിനു താഴെ കാട്ടിൽ ഒരു കുളം കാണാം. കാടാണ് ചുറ്റും. ഇതിനു മുൻപത്തെ ബസിൽ വന്ന ചിലരും പ്രകൃതി ഭംഗി കണ്ട് ഉല്ലാസ ഭരിതരായി ഫോട്ടോയും സെൽഫിയും എടുക്കുന്നുണ്ട്. 

         ഞാനും കാടും ഭംഗിയും ആസ്വദിച്ച് സെൽഫിയെടുത്ത് ക്ഷേത്രത്തിന്റെ വലത്തേ മുറ്റത്തേക്ക് എത്തിയപ്പോൾ കാക്കിയിട്ട ഫോറസ്റ്റ് ഉദ്യോസ്ഥർ വടിയൊക്കെ നീട്ടി നിൽക്കുന്നു. എന്താണെന്നോ സീൻ .. ഒരു കാട്ടാന അമ്പലമുറ്റത്ത് ചുമ്മാ കറങ്ങി നടക്കുന്നു. ഫോറസ്റ്റുകാർ ആനയ്ക്കു നേരെയല്ല വടി ചൂണ്ടിയത്. സഞ്ചാരികൾ അടുത്തേക്ക് പോകാതിരിക്കാനാണ്. നല്ല വളഞ്ഞ കൊമ്പുള്ള കൊമ്പൻ .എല്ലാവരും ഫോട്ടോയെടുത്തു. ഞാൻ ഒരു ലൈവ് വിടാൻ ശ്രമിച്ചു. പക്ഷെ റേഞ്ചില്ലാത്തതിനാൽ പരാജയപ്പെട്ട ഞാൻ ക്ഷേത്രത്തിൽ നിന്നിറങ്ങി ഫോറസ്റ്റ് കെട്ടിടത്തിനടുത്തു വരെ പോയി. ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ അവിടുണ്ടായിരുന്ന ആനപ്പിണ്ടത്തിന്റെയും ഫോട്ടോയെടുത്തു. അങ്ങിനെയിങ്ങനെ കാടു കണ്ടു നടന്നു. അഞ്ചു മണിയ്ക്കാണ് ഇവിടെ നിന്നും ലാസ്റ്റ് ബസ്സ്. ഈ ബസ് നേരിട്ട് ഗുണ്ടൽപേട്ട് വരെയുണ്ട്. ബസ് വന്നപ്പോഴേ കയറി സീറ്റുപിടിച്ചു. കാരണം ഇങ്ങോട്ട് വന്നതിനേക്കാൾ കൂടുതലാളുകൾ മടങ്ങാനുണ്ട്. 

                 മലമടക്കുകളിറങ്ങി കൃഷിപ്പാടങ്ങൾക്കിടയിലൂടെ ഗുണ്ടൽപേട്ടയിലെത്തി. നന്നായി വിശക്കുന്നുണ്ട്. ഉച്ചയ്ക്ക് അൽപം ചോറ് മാത്രമാണ് കഴിച്ചത്. സ്റ്റാന്റിലെ ഹോട്ടലിൽ നിന്ന് മസാലദോശയും ചായയും കഴിച്ചു. ഇനി മടക്കം. കേരള KSRTC ബസ്സുകൾ സ്റ്റാന്റിൽ കയറുന്നില്ല. സ്റ്റാന്റിനെതിർവശത്ത് സ്റ്റോപ്പിലേക്കെത്തും മുൻപേ തൃശൂർക്കുള്ള സൂപ്പർഫാസ്റ്റ് കണ്ടു. കൈ കാണിക്കുന്നത് കണ്ടപ്പോൾ വണ്ടി നിറുത്തി എന്നെക്കൂടി കയറ്റി. രാവിലെ വന്ന അതേ ബസ്. തൃശൂർ ഡിപ്പോയിലെ മൈസൂർ സൂപ്പർഫാസ്റ്റ്. മുത്തങ്ങയിൽ ഇരുട്ടിൽ റോഡിലൂടെ കടക്കുന്ന സഹ്യന്റെ പുത്രന്മാരെ കണ്ട് മടക്കയാത്ര... നാളെ വീണ്ടും തിരക്കിലേക്ക് .... അതെ യാത്ര ലഹരിയാണ് ..ആവേശമാണ്.. ആലോചിച്ചാൽ പിന്നെ പോയേ പറ്റൂ.. ഓരോ യാത്രയും തരുന്ന അനുഭൂതിയും സന്തോഷവുമാണ് ഊർജം.


 Yathramanjushree 

 ചിലവ് ഭക്ഷണമടക്കം ആകെ Rs. 429 രൂപ ( നൂറു രൂപ ഓട്ടോ കൂലി)

 Kalpetta - gundalpett super fast: Rs. 87.00 

Lunch: Rs. 30.00 

Gundalpett -Hangala Bus charge : Rs. 10.00

 Hangala - forest check post auto Charge: Rs.100.00 

Checkpost - gopalaswamy Betta Bus charge: Rs. 20.00 

Water bottle : Rs.25.00 

Return to gundalpett Bus Charge: Rs. 30.00 

Masaladosa + tea: Rs. 50.00 

Gundalpett - Kalpetta BusCharge : Rs. 87.00  

https://www.facebook.com/story.php?story_fbid=121523369781169&id=100057705180889

https://www.youtube.com/watch?v=CFRWTSbOrmg&t=4s

 

































No comments:

Post a Comment