Wednesday 2 December 2020

രായിരനെല്ലൂർ മലമുകളിലേക്ക് .. നാറാണത്തുഭ്രാന്തൻ കല്ലുരുട്ടിക്കയറ്റിയ വഴിയിലൂടെ...

             

                പറയിപെറ്റ പന്തിരുകുലത്തിൽ പിറന്ന് നാറാണത്തുമനയിൽ വളർന്ന നാറാണത്തുഭ്രാന്തൻ വേദപഠനത്തിനാണ് തിരുവേഗപ്പുറത്തെത്തിയത്. വിചിത്രമെന്നു തോന്നുന്ന പല പ്രകൃതങ്ങളുമുണ്ടായിരുന്ന നാറാണത്തു ഭ്രാന്തൻ അടുത്തുള്ള രായിരനെല്ലൂർ മലമുകളിലേയ്ക്ക് വലിയ ഉരുളൻ കല്ലുകൾ ഉരുട്ടിക്കയറ്റുമായിരുന്നു. കഷ്ടപ്പെട്ട് മലമുകളിലെത്തിക്കുന്ന കല്ലുകൾ അദ്ദേഹം അവിടെ നിന്നും താഴേക്ക് ഉരുട്ടി വിടും. വളരെപ്പെട്ടെന്ന് കല്ലുകൾ താഴെയ്ക്കു വീഴുന്ന കാഴ്ച കണ്ട് നാറാണത്തു ഭ്രാന്തൻ ആർത്തുചിരിക്കും.. 

                 ഒരിക്കൽ ഒരു തുലാമാസം ഒന്നാം തീയതി രായിരനെല്ലൂർ മലമുകളിലെത്തിയ നാറാണത്തു ഭ്രാന്തന് ദേവീദർശനമുണ്ടായി. കൈയിലുണ്ടായിരുന്ന മലരും കദളിപ്പഴവും സമക്ഷത്ത് സമർപ്പിച്ച് ഭ്രാന്തൻ ദേവിയെ വണങ്ങി.  സംപ്രീതയായ ദേവി നാറാണത്തു ഭ്രാന്തനെ അനുഗ്രഹിച്ചു. ദേവീദർശനം ലഭിച്ച മലമുകളിൽ അദ്ദേഹം ദേവീപ്രതിഷ്ഠ നടത്തി വനദുർഗ്ഗാക്ഷേത്രം നിർമ്മിച്ചു എന്നാണ് ഐതിഹ്യം.

                  മറ്റൊരവസരത്തിൽ ഭദ്രകാളിയോടു വരം ചോദിച്ച ഭ്രാന്തൻ്റെ കഥയും പ്രസിദ്ധമാണല്ലോ..ശ്മശാനഭൂമിയിൽ ചുടലനൃത്തമാടാനെത്തിയ ഭദ്രകാളി കണ്ടത് അവിടെ സുഖമായിക്കിടന്നുറങ്ങുന്ന നാറാണത്തു ഭ്രാന്തനെയാണ്. മനുഷ്യസാന്നിദ്ധ്യം അസൗകര്യമായി തോന്നിയ കാളി ഭ്രാന്തനെ ഭയപ്പെടുത്താനായി തൻ്റെ ഭൂതഗണങ്ങളെ  പറഞ്ഞയച്ചു. ശബ്ദം കേട്ടുണർന്ന ഭ്രാന്തൻ തൻ്റെ മുന്നിൽ നിൽക്കുന്ന ഭീകരരൂപങ്ങൾ കണ്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി.  ഭദ്രകാളി നേരിട്ടു വന്ന് ഭയപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഭ്രാന്തൻ്റെ ചിരി വർദ്ധിച്ചതേയുള്ളൂ. ഒടുക്കം തങ്ങൾക്ക് ചുടലനൃത്തമാടാനുള്ള സമയമാണിതെന്നും ഇവിടെ നിന്നും പോകുകയാണെങ്കിൽ എന്തു വരവും നല്കാമെന്നും കാളി ഭ്രാന്തനോടു പറഞ്ഞു. സമ്മതം മൂളിയ ഭ്രാന്തൻ കാളിയോട് തൻ്റെ ആയുസ്സ് ഒരു ദിവസം കൂടുതലാക്കി നല്കാനാണ് വരം ചോദിച്ചത്. ആയുസു കൂട്ടി നല്കാൻ തനിക്ക് കഴിയുകയില്ലായെന്ന് ഭദ്രകാളി പറഞ്ഞപ്പോൾ , ഒരു ദിവസം കുറച്ചു നല്കണമെന്നാണ് ഭ്രാന്തനാവശ്യപ്പെട്ടത്. ധർമ്മസങ്കടത്തിലായ കാളി ആയുസ്സു കുറച്ചു നല്കാനും തനിക്ക് കഴിയില്ലായെന്ന് ഭ്രാന്തനെ അറിയിച്ചു. പിന്നെന്തിനാണ് വരം നല്കാമെന്നു തന്നോടു പറഞ്ഞതെന്നാണ് ഭ്രാന്തൻ കാളിയോടു ചോദിച്ചത്. ഭ്രാന്തൻ്റെ ജ്ഞാനം തിരിച്ചറിഞ്ഞ ഭദ്രകാളി തന്നാൽ സാധ്യമാവുന്ന എന്തെങ്കിലുമൊന്നു ചോദിക്കാൻ ആവശ്യപ്പെട്ടു. അങ്ങിനെ തൻ്റെ ഇടത്തേകാലിലുണ്ടായിരുന്ന മന്ത് വലത്തേക്കാലിലേക്ക് മാറ്റി നല്കാൻ ഭ്രാന്തൻ കാളിയോടു വരം ചോദിക്കുകയും ഭദ്രകാളി അതു സാധിച്ചുനല്കുകയും ചെയ്തു. തൻ്റെ മന്തുകാലുമായി ഭ്രാന്തൻ ചുടലപ്പറമ്പിൽ നിന്നും പുറത്തേക്കു നടന്നുവെന്നാണ് കഥ. 

                പറയിപെറ്റ പന്തിരുകുലവും നാറാണത്തു ഭ്രാന്തനുമൊക്കെ ഐതിഹ്യങ്ങളാണോ, ചരിത്രമാണോ, അതോ കഥകളോ..? ഏതായാലും മലയാളത്തിൻ്റെ മണ്ണിൽ ആഴത്തിൽ വേരൂന്നിയ പേരുകളാണ് നാറാണത്തുഭ്രാന്തനും പെരുന്തച്ചനും  പാക്കനാരുമൊക്കെ.

              തൃശൂർ - കോഴിക്കോട് റൂട്ടിൽ വളാഞ്ചേരിയിൽ നിന്നും കൊപ്പത്തേക്കുള്ള വഴിയിൽ പത്തു കിലോമീറ്റർ സഞ്ചരിച്ചാൽ രായിരനെല്ലൂർ മലയുടെ ചുവട്ടിലെത്താം. മലയുടെ മുകളിലേക്ക് ഏതാണ്ട് മുക്കാൽ ഭാഗത്തോളം കോൺക്രീറ്റുപടികൾ നിർമ്മിച്ചിട്ടുണ്ട്. അതിനു ശേഷമുള്ള ഭാഗം  മണ്ണുവെട്ടിയ പടികളിലൂടെ കയറിച്ചെന്ന് വനദുർഗാക്ഷേത്രത്തിൽ  ദർശനം നടത്തി. മലമുകളിലെ ക്ഷേത്രപരിസരവും നാറാണത്തുഭ്രാന്തൻ്റെ ശില്പം സ്ഥിതി ചെയ്യുന്ന ഭാഗവുമൊഴിച്ച് എല്ലായിടവും വനമാണ്. വലിയ ആൽമരങ്ങൾക്കും ഏഴിലംപാലയ്ക്കുമരികിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ തൊഴുതു വലം വെച്ചിട്ടാണ് ഞങ്ങൾ നാറാണത്തു ഭ്രാന്തൻ്റെ ശിൽപ്പത്തിനരികിലേക്കു പോയത്. മലയുടെ ഒരറ്റത്തായി    സ്ഥാപിച്ചിട്ടുള്ളതിനാൽ താഴെ നിന്നുതന്നെ ഈ പ്രതിമ കാണാനാകും. 

               സുരേന്ദ്രകൃഷ്ണൻ എന്ന ശിൽപ്പിയാണ് നാറാണത്തുഭ്രാന്തൻ്റെ ശിൽപ്പം നിർമ്മിച്ചിരിക്കുന്നത്. തത്വജ്ഞാനിയായ നാറാണത്തുഭ്രാന്തൻ്റെ മുന്നിൽ പ്രണമിച്ചിട്ട് ചുറ്റുപാടുമുള്ള ഗ്രാമങ്ങളുടെയും വയലുകളുടെയും ആകാശക്കാഴ്ചയാസ്വദിച്ച് അൽപ്പനേരം ഞങ്ങൾ അവിടെ നിന്നു. മല കയറിയതിൻ്റെ ക്ഷീണവുമുണ്ടല്ലോ. പത്തിരുപതു മിനുട്ടു മലമുകളിൽ ചെലവഴിച്ചിട്ടാണ് ഞങ്ങൾ തിരിച്ചിറങ്ങിയത്. ഏറെ നാളത്തെ ആഗ്രഹം സാധ്യമായതിൻ്റെ സന്തോഷത്തിലാണ് മടക്കം. തിരുവേഗപ്പുറം ക്ഷേത്രത്തിലും തൊഴുതിട്ടാണ് ഞങ്ങൾ പോന്നത്. നിയന്ത്രണങ്ങളുള്ളതിനാൽ ഗോപുരത്തിനു പുറത്തു നിന്നു മാത്രമാണ് ദർശനം സാധ്യമായതെന്നു മാത്രം...


       










No comments:

Post a Comment