Sunday 20 December 2020

അഹിംസയിലേക്കുള്ള മാനസാന്തരത്തിന്റെ ധൗലി - കലിംഗ

                          ബി സി 262 ൽ ആണ് കലിംഗ യുദ്ധം അവസാനിക്കുന്നത്. അങ്ങ് ഇന്നത്തെ അഫ്ഘാൻ പ്രദേശങ്ങൾ മുതൽ ഇങ്ങ്  കർണാടകവും തെലുങ്കാനയും വരെ നീളുന്ന മൗര്യ സാമ്രാജ്യം. സാമ്രാട്ട് അശോകന്റെ കീഴിൽ ഭാരതത്തിലെ എക്കാലത്തെയും ഏറ്റവും വിശാലമായ സാമ്രാജ്യം. എന്നാൽ കിഴക്ക് ദിക്കിൽ ഈ വിശാല സാമ്രാജ്യത്തിൽപ്പെടാതെ സ്വയംപര്യാപ്‌തമായൊരു രാജ്യം .ഉത്കലപ്രദേശങ്ങൾ ഉൾപ്പെടുന്ന കലിംഗരാജ്യം. കലിംഗയെയും കൂടി വിശാലമായ സാമ്രാജ്യഭാഗമാക്കുവാൻ തുനിഞ്ഞ സാമ്രാട്ട് അശോകന് നേരിടേണ്ടി വന്നത് അതികഠിനമായൊരു യുദ്ധമാണ്. രണ്ടു ലക്ഷത്തോളം വരുന്ന സൈനികരുമായി യുദ്ധം ചെയ്‌ത അശോകചക്രവർത്തി യുദ്ധം വിജയിക്കുക തന്നെ ചെയ്തു. യുദ്ധാവസാനം അശോകചക്രവർത്തി കലിംഗയിലെ ദയാനദിക്കരയിലെ ധൗലിയെന്ന ചെറുകുന്നിൻ മുകളിൽ തന്റെ സൈന്യത്തെ അഭിവാദ്യം ചെയ്യാനെത്തി .കുന്നിൻ മുകളിൽ നിന്നും താഴേയ്ക്കു നോക്കിയ ചക്രവർത്തി  ദയാനദിയുടെ നിറം  മാറ്റം  കണ്ട്   ഞെട്ടി . ചോര പടർന്ന് ചുവന്നൊഴുകുന്ന ദയാനദിയുടെ ചിത്രം അദ്ദേഹത്തിന്റെ മനസ്സിൽ ഒട്ടേറെ ചിന്തകൾക്ക് വഴി വെച്ചു. രാജാവിന്റെ രണവീര്യത്തിൽ നിന്നും ,യോദ്ധാവിന്റെ ധൈര്യത്തിൽ നിന്നും ആ മനസ്സ് ചാഞ്ചല്യപ്പെട്ടു . 

                ബുദ്ധമതവിശ്വാസിയായിരുന്നെങ്കിലും അഹിംസയുടെ താത്വികചിന്തകളിലേക്ക് ഒരിക്കലും എത്തിയിട്ടില്ലാതിരുന്ന സാമ്രാട്ട് അശോകൻ താൻ ചെയ്‌ത യുദ്ധങ്ങളെയും പാപങ്ങളെയും പറ്റി ഓർത്തു പശ്ചാത്തപിക്കാൻ തുടങ്ങി.

              ഏതാണ്ട് ഒന്നര ലക്ഷത്തോളം പേരുടെ ജീവനാണ് കലിംഗ യുദ്ധത്തിൽ നഷ്ടപ്പെട്ടതത്രെ . അവരുടെ ചോരവീണു ചുവന്നൊഴുകുന്ന ദയാ നദിയും കലിംഗയിലെ യുദ്ധക്കാഴ്ച്ചകളും അശോക ചക്രവർത്തിയെ അഹിംസാവാദിയാക്കി മാറ്റി . തന്റെ പിന്നീടുള്ള ജീവിതം ബുദ്ധമതപ്രചാരണത്തിനായി അദ്ദേഹം മാറ്റിവെച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബുദ്ധമത പ്രചാരകരെ  അയച്ചു. ബുദ്ധനുമായി ബന്ധപ്പെട്ട പുണ്യകേന്ദ്രങ്ങളിൽ സ്‌തൂപങ്ങളും സ്‌മാരകങ്ങളും നിർമ്മിച്ചു.

                ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ നിന്നും എട്ടു കിലോമീറ്റർ അകലെയാണ് ധൗലി ഗിരി അഥവാ ധൗലി കുന്നുകൾ. കലിംഗ നിപ്പോൺ ബുദ്ധ സംഘം എന്ന സംഘടനയും ഒഡീഷ സർക്കാരും ചേർന്ന് നിർമ്മിച്ച അന്താരാഷ്ട്ര ശാന്തി സ്‌തൂപമുണ്ട് ധൗലിയിൽ . 1972 ലാണ് ഈ സ്‌തൂപം സ്ഥാപിക്കപ്പെട്ടത്. ഭുവനേശ്വറിൽ നിന്നും കൊണാർക്കിലേക്കുള്ള യാത്രയിൽ ഉദയഗിരി ഗുഹകളും സന്ദർശിച്ചതിനു ശേഷമാണ് ധൗലിയിലെത്തുന്നത്. ദയാനദീതീരത്തു നിന്നും കുന്നിൻ മുകളിലേയ്ക്ക് നീളുന്ന റോഡ് . പാർക്കിങ് ഏരിയയും ടോയ്‌ലറ്റ് കോംപ്ലെക്സും കടന്ന് മുന്നോട്ട് നടന്ന് ശാന്തിസ്‌തൂപത്തിന്റെ പടവുകൾ കണ്ടു. മുകളിലേക്കുള്ള വഴിയിൽ നിറയെ ചെറിയ കടകളുണ്ട് . കലണ്ടറുകൾ, ശ്രീബുദ്ധന്റെ ശില്പങ്ങൾ , വിവിധ ഭാഷകളിലുള്ള ബുക്കുകൾ , ഐസ് ക്രീം , കൂൾ ഡ്രിങ്കുകൾ , പായ്‌ക്കറ്റിലാക്കിയ വറപൊരികൾ, കരിക്ക് , പഴങ്ങൾ, കുക്കുംബർ , കുങ്കുമം ,കളിപ്പാട്ടങ്ങൾ എന്നിവ നിരത്തിയ കടകളിൽ നിന്നും കച്ചവടക്കാർ ഓരോ സന്ദർശകനെയും വിളിക്കുന്നുണ്ട്. കച്ചവടക്കാർക്കിടയിലൂടെ നടന്ന് സ്റ്റെപ്പുകൾ കയറി ചെന്നത് വൃക്ഷങ്ങൾ തണൽ വിരിക്കുന്ന വിശാലമായ ഒരു മുറ്റത്തേയ്ക്കാണ് . അവിടെ നിന്നും വലിയ ആ സ്‌തൂപം മുഴുവനായും കാണാം.  തൂവെണ്മയാർന്ന ശാന്തിസ്തൂപം. ഏറ്റവും മുകളിൽ കുടകൾ നിവർത്തിയ  പോലെ നാലഞ്ചു രൂപങ്ങൾ. വീതിയുള്ള  പടവുകൾക്കിരുവശവും സ്വർണ വർണ്ണത്തിൽ സിംഹങ്ങളുടെ ശില്പങ്ങളുണ്ട്. അവിടെ മാത്രമല്ല കെട്ടോ, സ്‌തൂപത്തിന്റെ ചുറ്റുമതിലിൽ മറ്റിടങ്ങളിലും സിംഹങ്ങളുണ്ട്. 

സ്റ്റെപ്പുകൾ കയറിച്ചെല്ലുന്നത് ധ്യാനത്തിലിരിയ്ക്കുന്ന ശ്രീബുദ്ധന്റെ വലിയ ഒരു ശില്പത്തിനു മുന്നിലേക്കാണ്. ശയനബുദ്ധൻ ഉൾപ്പെടെ ബുദ്ധഭഗവാന്റെ ശില്പങ്ങളുണ്ട് സ്‌തൂപത്തിനു ചുറ്റും. 

           വിവിധ ശില്പങ്ങൾ കണ്ട് സ്‌തൂപത്തിനു ചുറ്റും നടന്നു. സ്‌തൂപത്തിൽ നിന്നും കുന്നിനു താഴെ ഒഴുകുന്ന ദയാനദിയിലേയ്ക്ക് നോക്കി. ക്രിസ്‌തുവിനും 262 കൊല്ലങ്ങൾക്ക് മുൻപ് ഇവിടെ നിന്നും രക്തവർണം പടർന്നൊഴുകിയ ആ നദി കണ്ട് , ഒന്നര ലക്ഷത്തോളം മനുഷ്യരുടെ കബന്ധങ്ങളും കണ്ട് മാനസാന്തരം വന്ന സാമ്രാട്ട് അശോകനെക്കുറിച്ച് സ്‌കൂൾ പാഠപുസ്തകങ്ങളിൽ പഠിക്കാനുണ്ടായിരുന്നത് ഓർത്തു. മഹാനായ അശോകചക്രവർത്തി ഈ കുന്നിൻ മുകളിൽ തന്നെ പാറമേലും കല്ലുകളിലും തന്റെ ചിന്തകൾ കോറിയിട്ടിരുന്നു. 

                    ഒരു മണിക്കൂറിലധികം ഇവിടെ സമയം ചെലവഴിച്ചു. സഹയാത്രികരിൽ ചിലർ സുവനീറുകൾ വാങ്ങുന്നുണ്ട്. കുക്കുമ്പർ വാങ്ങിയവർ ഓരോ കഷണം കൊണ്ട് വന്നു തന്നു. ഈ യാത്ര തുടരുന്നത് കൊണാർക്കിലേക്കാണ്. ഇന്ത്യൻ പൗരാണിക വാസ്തുവിദ്യയുടെ എക്കാലത്തെയും മാതൃകകളിൽ ഒന്നായ , ആയിരം കൊല്ലത്തെ പാരമ്പര്യം പേറുന്ന സൂര്യ ക്ഷേത്രത്തിലേയ്ക്ക്. ടോയിലെറ്റിലും കടകളിലും പോയിരുന്ന സഹയാത്രികർ മടങ്ങിയെത്തിയിട്ടുണ്ട്. ഇനി യാത്ര തുടരാം . സ്‌കൂൾ പാഠപുസ്തകങ്ങളിൽ പഠിച്ച കലിംഗ യുദ്ധത്തിന്റെയും മഹാനായ അശോകചക്രവർത്തിയുടെയും പാഠങ്ങൾ വീണ്ടും ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് വാഹനത്തിലേക്ക് കയറി.

https://facebook.com/story.php?story_fbid=1143387759325869&id=142018986129423




















No comments:

Post a Comment