Friday 18 December 2020

പ്രവാചകന്റെ തിരുകേശം സൂക്ഷിച്ചിട്ടുള്ള ഹസ്രത് ബാൽ മസ്‌ജിദ്‌.

         


           പ്രവാചകന്റെ തിരുകേശം സൂക്ഷിച്ചിട്ടുള്ള മസ്‌ജിദ്‌ ആണ് ഹസ്രത് ബാൽ ദേവാലയം. കാശ്‌മീരിലെ ശ്രീനഗറിൽ ദാൽ തടാകക്കരയിലായാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.ഞങ്ങൾ (അതായത് ഞാനും മഞ്‌ജേഷും പിന്നെ ഞങ്ങളുടെ അമ്മാവൻ ത്യാഗരാജനും) ഹസ്രത്ത്ബാലിൽ എത്തുമ്പോഴേക്കും സമയം വൈകുന്നേരമായിരുന്നു.നല്ല തണുപ്പുള്ള കാലാവസ്ഥ. പട്ടാളം കാവൽ നിൽക്കുന്ന ഗേറ്റിനുള്ളിലൂടെ ഞങ്ങൾ മസ്‌ജിദിനുള്ളിലേയ്ക്ക് പ്രവേശിച്ചു. പരവതാനികൾ വിരിച്ച നീണ്ട ഇടനാഴിയിലൂടെ ഞങ്ങൾ ഉള്ളിലേയ്ക്ക് നടന്നു. ഉള്ളിലേയ്ക്ക് കടക്കുന്നതിനു മുൻപ് സ്ത്രീകൾക്ക് നടന്നുപോകാനുള്ള വഴി തിരിയുന്നുണ്ട്. അവിടെ ഒരു ഹാളിൽ വരെയാണ് സ്ത്രീകൾക്ക് പ്രവേശനമുള്ളത്. അവിടെ നിന്നും ജനാലയിലൂടെ അവർക്ക് തിരുകേശം സൂക്ഷിച്ചിട്ടുള്ള സ്ഥലം കാണാം. ഞങ്ങൾ മസ്‌ജിദിന്റെ ഉള്ളിലേയ്ക്കുള്ള ഇടനാഴിയിൽ കൂടി മുന്നോട്ട് നടന്നു. ഞങ്ങൾക്കൊപ്പം രാജസ്ഥാനിൽ നിന്നുള്ള രണ്ടുപേർ കൂടി അപ്പോൾ മസ്‌ജിദ്‌ സന്ദർശിക്കാൻ എത്തിയിട്ടുണ്ടായിരുന്നു. 

            മസ്‌ജിദിന്റെ ഹാളിനു മുന്നിൽ എത്തിയപ്പോൾ തൊപ്പി ധരിച്ച പ്രായമായൊരാൾ ഞങ്ങളുടെ അടുത്തെത്തി സലാം പറഞ്ഞു. ഞാനും വാ അലൈക്കും അസ്സലാം പറഞ്ഞ് പ്രത്യഭിവാദ്യം ചെയ്‌തപ്പോൾ എവിടെ നിന്നാണ് വരുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഞങ്ങൾ കേരളത്തിൽ നിന്നാണെന്നും ഒപ്പമുണ്ടായിരുന്ന രാജസ്ഥാനികൾ ജയ്‌പ്പൂരിൽ നിന്നാണെന്നും അദ്ദേഹത്തോടു പറഞ്ഞു.ഇതിനിടയിൽ അദ്ദേഹം എന്റെ പേരും ചോദിച്ചു. തുടർന്ന് മസ്‌ജിദിന്റെ സവിശേഷത അദ്ദേഹം ഞങ്ങൾക്ക് വിവരിച്ചു തന്നു. ഹാളിനുള്ളിൽ ഒരു ബാൽക്കണിയെന്നപോൽ സജ്ജീകരിച്ചിരിക്കുന്ന സ്ഥലത്താണത്രെ പ്രവാചകന്റെ തിരുകേശം സൂക്ഷിച്ചിരിക്കുന്നത്. അതും അദ്ദേഹം ചൂണ്ടിക്കാണിച്ചു തന്നു. പച്ചനിറമുള്ള പട്ടു തുണികൊണ്ട് മൂടിയിരിക്കുകയാണ് അവിടം. എല്ലാം വിവരിച്ചു കഴിഞ്ഞപ്പോൾ എല്ലാവരോടുമായി അൽപ്പസമയം ഇരുന്നു പ്രാർത്ഥിച്ചിട്ട് പോയാൽ മതി എന്നും ഉപദേശിച്ചു. എന്നിട്ട് എന്നെ പ്രത്യേകമായി ഹാളിനുള്ളിലേയ്ക്ക് ക്ഷണിച്ചു. എങ്കിലും ഞാൻ ആ ക്ഷണം നിരസിച്ചു കൊണ്ട് ഞാൻ മറ്റുള്ളവരോടൊപ്പം ഇവിടെ ഇരുന്നോളാമെന്നു പറഞ്ഞു. അഞ്ചു മിനുട്ടോളം അവിടെ ഇരുന്നതിനു ശേഷം പുറത്തേയ്ക്കുള്ള വഴിയിലൂടെ ഞങ്ങൾ പുറത്തേയ്ക്കിറങ്ങി.

ദാൽ തടാകക്കരയിൽ വിശാലമായ ഒരു ഉദ്യാനത്തിനു നടുവിലാണ് ഈ മസ്‌ജിദ്‌. ചിനാർ മരങ്ങൾ വച്ചു പിടിപ്പിച്ചിരിക്കുന്ന വളപ്പിലെ നടവഴിയിലൂടെ ഞങ്ങൾ പുറത്തേയ്ക്കു നടന്നു. സന്ധ്യ ആയിരിക്കുന്നു. വൈദ്യുതവിളക്കുകളുടെ വെളിച്ചത്തിൽ തിളങ്ങുന്ന മിനാരവും മകുടവും ചിന്നാർ മരങ്ങൾക്കിടയിലൂടെ കാണാൻ ഭംഗിയുണ്ട്. ഒരു മിനാരവും ഒരു മകുടവും മാത്രമാണ് ഈ മസ്‌ജിദിനുള്ളത്.

        പ്രവാചകന്റെ പരമ്പരയിൽ പെട്ടതെന്നു കരുതപ്പെടുന്ന സെയ്‌ദ് അബ്‌ദുള്ള മുഖേനയാണ് തിരുകേശം ഇവിടെയെത്തിയത്. സെയ്‌ദ് അബ്‌ദുള്ള മദീനയിൽ നിന്ന് ഇന്ത്യയിൽ വന്ന് ബീജാപൂരിൽ താമസമാക്കിയതാണ്. സെയ്‌ദ് അബ്‌ദുള്ളയുടെ മരണശേഷം മകൻ സെയ്‌ദ് ഹമീദിന്റെ കൈവശമായിരുന്നു തിരുകേശമുണ്ടായിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ തിരുകേശം സൂക്ഷിക്കുവാൻ ബുദ്ധിമുട്ടിയ സെയ്‌ദ് ഹമീദ് കാശ്‌മീരി സമ്പന്നവ്യാപാരിയായ കാജാ നൂറുദ്ദീൻ ഏഷായ് എന്നയാൾക്ക് അത് വിറ്റു. അങ്ങിനെയാണ് ആദ്യം തിരുകേശം കാശ്‌മീരിൽ എത്തുന്നത്. പക്ഷേ തിരുകേശം വിൽപ്പന നടന്നതറിഞ്ഞ ഔറംഗസേബ് കാജാ നൂറുദ്ദീനെ പിടിച്ച് തടവറയിലാക്കുകയും തിരുകേശം കൈക്കലാക്കി അജ്‌മീർ ദർഗ്ഗയിൽ സ്ഥാപിക്കുകയും ചെയ്‌തു. പിന്നീട് മാനസാന്തരം വന്ന ഔറംഗസേബ് കാജാ നൂറുദ്ധീനെ മോചിപ്പിക്കാനും തിരുകേശം അദ്ദേഹത്തിനു കൈമാറാനും തീരുമാനിച്ചെങ്കിലും അപ്പോഴേയ്ക്കും കാജാ നൂറുദ്ദീൻ ജയിലിൽ കിടന്ന് മരണമടഞ്ഞിരുന്നു. അങ്ങിനെ എ ഡി 1700 ൽ കാജാ നൂറുദ്ദീന്റെ മൃതശരീരവും തിരുകേശവും കാശ്‌മീരിൽ എത്തിച്ചേർന്നു. അദ്ദേഹത്തിന്റെ മകളായ ഇനായത് ബീഗം തിരുകേശത്തിന്റെ അടുത്ത അവകാശിയായി മാറി. ഇന്നും അവരുടെ പരമ്പരയിലെ പുരുഷൻമാർക്കാണ് തിരുകേശത്തിന്റെ സംരക്ഷണാവകാശം. നിശാന്തേ എന്നാണ് ഇവരുടെ സ്ഥാനപ്പേര്.

             1963 ഡിസംബറിൽ ഈ തിരുകേശം കാണാതായത് വലിയ കലാപങ്ങൾക്ക് കാരണമായി. 1964 ജനുവരി നാലിന് തിരുകേശം വീണ്ടെടുത്ത് പുനഃസ്ഥാപിക്കപെട്ടു. പാകിസ്ഥാനിൽ ഈ വിഷയത്തിൽ നടന്ന കലാപത്തെത്തുടർന്ന് രണ്ടു ലക്ഷത്തോളം അഭയാർത്ഥികളാണ് ഇന്ത്യയിലെത്തിയത്. 1993 ഒക്ടോബറിൽ ഈ മസ്‌ജിദിൽ സായുധ തീവ്രവാദികൾ കയറിയതിനെത്തുടർന്ന് ഇന്ത്യൻ സേന ഇവിടം വളഞ്ഞതും പിന്നീട് ബിജ്‌ബെഹെരയിൽ വെടിവെയ്പ്പ് നടന്നതുമെല്ലാം കാശ്‌മീർ രാഷ്ട്രീയത്തെയും സമാധാനശ്രമങ്ങളെയും ബാധിച്ചിരുന്നു. വർഷങ്ങളോളം ഈ പ്രശ്‌നം ഒരു ഇവിടുത്തെ രാഷ്ട്രീയത്തെ കലുഷിതമാക്കിയിരുന്നു. ഇന്ന് ഞങ്ങൾ ചെല്ലുമ്പോഴും പട്ടാളത്തിന്റെ ബന്തവസ്സിലാണ് ഈ മസ്‌ജിദ്‌. എൻട്രി ഗേറ്റിൽ തന്നെ ചാക്കുകൾ അടുക്കി സുരക്ഷാപോസ്റ്റുണ്ടാക്കി കാവൽ നിൽക്കുന്ന സൈനികരെ ഞങ്ങൾ കണ്ടിരുന്നു.








 

No comments:

Post a Comment