Tuesday 22 December 2020

ഖജുരാഹോ- Part 3 - വെസ്റ്റേൺ ഗ്രൂപ്പ് ടെംപിൾസ് -കലയെ സ്നേഹിക്കുന്നവർക്ക് ഒരിക്കലെങ്കിലും ഇവിടെ വരാതിരിക്കാനാവില്ല…

      ഈസ്റ്റേൺ , സതേൺ ഗ്രൂപ്പിലുള്ള അമ്പലങ്ങൾക്കു ശേഷം ഇനി സന്ദർശിക്കാനുള്ളത് ഖജുരാഹോയിലെ ഏറ്റവും വലുതും കലാപരമായ മികച്ചതെന്ന് വിലയിരുത്തപ്പെടുന്നതുമായ വെസ്റ്റേൺ ഗ്രൂപ്പിലെ കന്ദാരിയ മഹാദേവ ക്ഷേത്രം ,ലക്ഷ്മണ ക്ഷേത്രം, ജഗദംബ ക്ഷേത്രം ., ചിത്രഗുപ്ത ക്ഷേത്രം ,വിശ്വനാഥ ക്ഷേത്രം എന്നിവയാണ്. ഇവ കൂടാതെ ഈ ഗ്രൂപ്പിൽ പാർവതി ക്ഷേത്രം, നന്ദി മണ്ഡപം , പ്രതാപേശ്വർ ടെംപിൾ , ഇന്നും പൂജ നടക്കുന്ന മാതംഗേശ്വർ ക്ഷേത്രം എന്നിവയുമുണ്ട്. ഇതിൽ നിലവിൽ പൂജ ഉള്ള മാതംഗേശ്വർ ക്ഷേത്രം ഒഴികെയുള്ള ക്ഷേത്രങ്ങൾ ഒരു കോമ്പൗണ്ടിൽ ആക്കി പാസ് മൂലം സന്ദർശനം നിയന്ത്രിച്ചിട്ടുണ്ട്. ഖജുരാഹോയുടെ പോസ്റ്ററുകളിലും മറ്റും കാണുന്നത് വെസ്റ്റേൺ ഗ്രൂപ്പിലെ കന്ദാരിയ മഹാദേവ ക്ഷേത്രത്തിന്റെ ചിത്രങ്ങളാണ് കൂടുതലും. മനോഹരമായി പൂച്ചെടികളും മറ്റും വെച്ച് പിടിപ്പിച്ച ഗാർഡൻ ഒരുക്കിയിട്ടുണ്ട് ക്ഷേത്രങ്ങളുടെ കോമ്പൗണ്ടിൽ. മാതംഗേശ്വര ക്ഷേത്രത്തിനു മുന്നിലെ ആർക്കിയോളജി കൗണ്ടറിൽ നിന്ന് പാസ് എടുക്കാവുന്നതാണ്. ഇന്ത്യൻ , സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് നാൽപതു രൂപയാണ് എൻട്രൻസ് ചാർജ് . ഇവിടെ ASI അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഗൈഡുമാർക്കു മാത്രമേ അനുവാദമുള്ളൂ . ആറ് പേരു വരെയുള്ള ഗ്രൂപ്പിന് പരമാവധി 1800 രൂപയാണ് നിശ്ചയിച്ചിട്ടുള്ള ചാർജ് എന്നു തോന്നുന്നു. പലപ്പോഴും ചാർജ് കുറയാനും സാധ്യതയുണ്ട് .

             ഞങ്ങളും പാസ് എടുത്ത് ,താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും അറേഞ്ച് ചെയ്ത ഗൈഡിനൊപ്പം വെസ്റ്റേൺ ഗ്രൂപ്പ് ക്ഷേത്രങ്ങൾ സന്ദർശിക്കാൻ കയറി. പാസ് എടുക്കാൻ ഗൈഡ് പോയ സമയത്ത് ഖജുരാഹോയിലെ പോസ്റ്റ് ബോക്സ് കണ്ടപ്പോൾ സഹയാത്രികനായ പോസ്റ്റൽ വകുപ്പിൽ നിന്നും വിരമിച്ച നാരായണൻ സാറിനു അവിടെ നിന്നൊരു നൊസ്റ്റാൾജിയ ഫോട്ടോ എടുക്കാൻ ആഗ്രഹം. ലോകപ്രശസ്തമായ ഖജുരാഹോ ഡാൻസ് ഫെസ്റ്റിവൽ നടക്കുന്ന സമയമാണ് ഇപ്പോൾ . എല്ലാ വൈകുന്നേരങ്ങളിലും ഇന്ത്യൻ ക്ലാസിക്കൽ നൃത്തങ്ങൾ മനോഹരമായ ഫെസ്റ്റിവൽ വേദിയിൽ അരങ്ങേറുന്നുണ്ട്. വെസ്റ്റേൺ ഗ്രൂപ്പിലെ മഹാദേവ ക്ഷേത്രത്തിനു പുറകിൽ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലാണ് നൃത്തവേദി. ഇന്ന് വൈകിട്ട് പ്രഗത്ഭ നർത്തകരുടെ ഒഡീസി, മണിപ്പൂരി നൃത്തങ്ങൾ ഉണ്ട് എന്നറിഞ്ഞു. വൈകിട്ട് ആ സാധ്യതയും ഉപയോഗപ്പെടുത്തണം. ഡാൻസ് ഫെസ്റ്റിവൽ നടക്കുന്ന സമയമായിട്ടും ഖജുരാഹോയിൽ വലിയ തിരക്ക് കാണുന്നില്ല. കൊറോണയുടെ നിയന്ത്രണങ്ങളും ഒക്കെ കാരണമായിരിക്കാം .

പാസ് കാണിച്ച് ദേഹപരിശോധനയ്ക്ക് ശേഷം ഞങ്ങൾ അകത്തു കയറി . ഇവിടെ നിന്ന് തന്നെ ആ മനോഹരക്ഷേത്രങ്ങളുടെ ഗംഭീരദൃശ്യം ലഭ്യമാണ്. നടക്കാനുള്ള ഒരു ആവേശമായി ആ കാഴ്ച്ച മാറുകയാണ്. ആദ്യം ചെല്ലുന്നത് ലക്ഷ്മണ ക്ഷേത്രത്തിലേക്കാണ് . മറ്റു ക്ഷേത്രങ്ങളെ പ്പോലെ തന്നെ വലിയ പീഠത്തിലാണ് ക്ഷേത്രം, ആദ്യ രണ്ടു ഗ്രൂപ്പിലെ അമ്പലങ്ങളെ വെച്ച് നോക്കുമ്പോൾ എത്രയോ വലുതാണ് ഈ ക്ഷേത്രങ്ങൾ. ദൂരെ നിന്ന് തന്നെ കന്ദാരിയ മഹാദേവ ക്ഷേത്രത്തിന്റെ വലുപ്പം കണ്ടറിയാം. 

ലക്ഷ്മണ ക്ഷേത്രത്തിൽ പ്രതിഷ്ഠ വൈകുണ്ഠ വിഷ്ണു ആണ്. പേര് മാത്രമാണ് ലക്ഷ്മണ എന്ന് .300 ഓളം ശില്പങ്ങളാണ് ഈ ക്ഷേത്രത്തിലുള്ളത്. എൺപത്തഞ്ച് അടിയിലധികം ഉയരമുള്ള അമ്പലത്തിന്റെ നീളവും ഏതാണ്ട് അത്ര തന്നെ. നായാട്ട് , യുദ്ധം , വിവാഹം , വിവാഹ ഘോഷയാത്ര , ഗുരുകുലം ,നൃത്ത സദസ്സ് , മേക്ക്അപ് ചെയ്യുന്ന സ്ത്രീകൾ , വ്യത്യസ്ത കേശാലങ്കാരങ്ങൾ തുടങ്ങി ഒട്ടേറെ ശില്പങ്ങൾ... അഗ്നിദേവന്റേതുൾപ്പെടെ ദേവീ ദേവന്മാരുടെ ശില്പങ്ങൾ . ഈ പ്രദേശത്തു സാധാരണമല്ലാത്ത ഒട്ടകത്തിന്റെ ശിൽപങ്ങൾ ,പിന്നെ ഒരുപാട് ഇറോട്ടിക് ശില്പങ്ങൾ, ഗ്രൂപ് സെക്സ്. , വിവിധ സെക്സ് പൊസിഷനുകളുടെ ശില്പങ്ങൾ ക്ഷേത്രമതിലിലുണ്ട്.ഒരിഞ്ചു സ്ഥലം പോലും ശില്പികളുടെ കലാകാരന്മാരുടെ കൈയെത്താത്തതായി ഇവിടെയില്ല. ക്ഷേത്രത്തിനു മുന്നിലെ തോരണവും ഉള്ളിലെ ശില്പങ്ങളും സുന്ദരം..

         ലക്ഷ്മണ ക്ഷേത്രത്തിന്റെ മുന്നിൽ രണ്ടു മണ്ഡപങ്ങളുണ്ട്. ഒന്ന് ദേവീ മണ്ഡപവും മറ്റൊന്ന് വരാഹ ക്ഷേത്രവുമാണ് . വരാഹമൂർത്തിയുടെ ശിൽപം എത്ര വലുതാണെന്നോ .വരാഹശില്പത്തിന്റെ ദേഹം മുഴുവൻ നൂറുകണക്കിന് ചെറു ശിൽപങ്ങൾ കൊത്തിയിരിക്കുന്നു. ഈ ശിൽപവും ഭാഗികമായി തകർത്തിട്ടുണ്ട് എന്നു കാണാം ഖജുരാഹോയിലെ എല്ലാ ക്ഷേത്രങ്ങളിലെയും വിഗ്രഹങ്ങളും ശിൽപങ്ങളുമെല്ലാം തകർക്കപ്പെട്ടിട്ടുണ്ട്. മുഖം ഛേദിച്ചും , കൈകാലുകൾ വെട്ടിക്കളഞ്ഞും , ഒക്കെ വികൃതമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഗസ്നി മുതൽ ഇങ്ങോട്ട് സിക്കന്തർ ലോധിയുടെ ഉൾപ്പെടെ എത്രയോ ആക്രമണങ്ങൾ നേരിട്ടു ഈ പ്രദേശം. പിന്നീടെപ്പോഴോ കാട് പിടിച്ചു പോയതിനാൽ മുഗൾ കാലത്തെ ആക്രമണങ്ങളിൽ നിന്ന് രക്ഷപെട്ടു എന്ന് കരുതാം

             ഇനി നേരെ വിസ്മയക്കാഴ്ചയായ കന്ദാരിയ മഹാദേവ ക്ഷേത്രത്തിലേയ്ക്ക് ആണ്. മുന്നിലെത്തുമ്പോളേക്കും തന്നെ എല്ലാവര്ക്കും ഫോട്ടോയെടുക്കാൻ കൊതിയായി. പിന്നെ അമ്പലത്തിന്റെ പശ്ചാത്തലത്തിൽ ഓരോരുത്തരുടേയും ഒറ്റയ്ക്കും കുടുംബം തിരിച്ചും ഭാര്യാഭർത്താക്കന്മാർ അങ്ങനെയും ഫോട്ടോ എടുത്തു. ചന്ദനത്തിൽ കടഞ്ഞെടുത്ത പോലെ തോന്നും ഈ മന്ദിരങ്ങൾ കണ്ടാൽ .. ഖജുരാഹോയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് കന്ദാരിയ മഹാദേവ ക്ഷേത്രം.സംശയമില്ല ഖജുരാഹോയിലെ ഏറ്റവും മനോഹരവും ഏറ്റവും വലുതും ഈ ക്ഷേത്രം തന്നെ.

                             പത്തടി ഉയരമുള്ള ഒരു വലിയ പ്ലാറ്റ് ഫോമിൽ കന്ദാരിയ മഹാദേവ ക്ഷേത്രവും ദേവി ജഗദംബ ക്ഷേത്രവും പിന്നെ ഒരു മണ്ഡപവും സ്ഥിതി ചെയ്യുന്നു.ഏതാണ്ട് 115 അടിയാണ് ക്ഷേത്ര ശിഖരത്തിന്റെ ഉയരം .. നൂറ് അടി നീളവും എഴുപത്തടിയോളം വീതിയുമുണ്ട് കന്ദാരിയ മഹാദേവ ക്ഷേത്രത്തിന്. സാൻഡ് സ്റ്റോണിൽ തീർത്ത ഈ ക്ഷേത്രങ്ങൾ കാവ്യ- പ്രാസഭംഗിയുള്ള ഒരു മനോഹര ഗീതമാണ് . ക്ഷേത്രത്തിനുള്ളിൽ മണ്ഡപത്തിലെ തോരണം , സീലിംഗ്, ബാൽക്കണി, മഹാമണ്ഡപത്തിലെ കൊത്തുപണികൾ, ഗർഭഗൃഹത്തിന്റെ പ്രദക്ഷിണവഴി, പുറം ചുവരുകളിലെയും പ്ലാറ്റ്ഫോമിലെയും ശില്പഭംഗികൾ .. എങ്ങിനെ വിവരിക്കാനാകും .രണ്ടു വശങ്ങളിൽ രാജസദസ്സും സാമൂഹ്യജീവിതവും നൃത്ത സംഗീതാദികളും , സപ്ത മാതാക്കളും , മുനികളും, ഗണപതിയും,ചാമുണ്ഡേശ്വരിയും അപ്സരസ്സുകളും ,യക്ഷ കിന്നരന്മാരും .. മറ്റു രണ്ടു വശങ്ങളിലാണ് കൂടുതലായി രതിശില്പങ്ങൾ ഉള്ളത്. കൂടെയുള്ള ഗൈഡ് ടോർച്ചടിച്ച് വിശേഷപ്പെട്ട ഓരോ ശില്പവും കാണിച്ചു വിവരിച്ചു തന്നു.പക്ഷെ ഇപ്പോൾ ഓർക്കുമ്പോൾ ഓരോന്നും ഓർമയെ കിട്ടുന്നില്ല.കാരണം ഈ ക്ഷേത്രത്തിൽ മാത്രം 900-1000 ശില്പങ്ങളാണ് ഉള്ളത് .ചന്ദേല രാജാക്കന്മാരിൽ വിദ്യാധരൻ ആണ് എ ഡി 1050 ൽ ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 

         ഇതേ പീഠത്തിൽ തന്നെയാണ് ദേവി ജഗദംബ ക്ഷേത്രവും സ്ഥിതിചെയ്യുന്നത്. ഇവിടെയും ആവർത്തിക്കുന്നു കലാസ്വാദനം. പ്രേമത്തിന്റെ , രതിയുടെ ശില്പങ്ങൾ ധാരാളമാണ് , ജഗദംബ ക്ഷേത്രത്തിലും , തൊട്ടടുത്തുള്ള ചിത്രഗുപ്ത ക്ഷേത്രത്തിലും.ചിത്രഗുപ്ത ക്ഷേത്രമെന്നാണ് പേരെങ്കിലും ഇവിടുത്തെ പ്രതിഷ്ഠ സൂര്യദേവനാണ്.ഈ ക്ഷേത്രങ്ങളിലെ ഓരോ ശില്പങ്ങളും എടുത്തു വിവരിക്കാനും മറ്റും ഒരിക്കലും സാധ്യമല്ല . എങ്കിലും തന്റെ ജീൻസ് പോലെയോ ലെഗ്ഗിൻസ് പോലെയോ ഉള്ള വസ്ത്രം ചെറുതായി ഉരിഞ്ഞ് ശരീരം പ്രദർശിപ്പിക്കുന്ന അപ്സരസ്സ്,മംഗോളിയൻ മുഖഷേയ്പുള്ള ആളുമായി വേഴ്ചയിലേർപ്പെടുന്ന യുവതി, താടിയുള്ള ആളുടെ താടിയിൽ വിരലോടിച്ചു പ്രേമം പങ്കു വെയ്ക്കുന്നത് , പിന്നെ ഒരു ഡബിൾ സൈഡ് സ്റ്റാച്യൂ - കണ്ണാടി നോക്കി സന്തോഷത്തോടെ സീമന്തകുങ്കുമം തൊടുന്ന യുവതിയുടെ ശില്പമാണ് ഒരു വശം , അതെ ശിൽപം തന്നെ മറ്റൊരു വശത്തു നിന്ന് നോക്കിയാൽ ദേഷ്യത്തോടെ നിൽക്കുന്ന യുവതിയെ കാണാം. കലയുടെ വിസ്മയ കാഴ്ച്ചകളാണ്. 

          ചിത്രഗുപ്ത ക്ഷേത്രത്തിൽ നിന്നും പാർവതീ ക്ഷേത്രത്തിലേയ്ക്കും അവിടെ നിന്നും നന്ദി മണ്ഡപത്തിലേയ്ക്കും മഹാദേവ ക്ഷേത്രത്തിലേക്കുമാണ് ഞങ്ങൾ പോയത്. അതിനടുത്തു തന്നെ ഏതാണ്ട് നൂറോ നൂറ്റമ്പതോ വര്ഷം പഴക്കമുള്ള പ്രതാപേശ്വർ ക്ഷേത്രവും കോമ്പൗണ്ടിലുണ്ട് . 

             സമയം മൂന്നായിരിക്കുന്നു ആർക്കും വിശപ്പ് തോന്നുന്നില്ല .. കാഴ്ച്ചകളുടെ അമൃതേത്ത് കഴിച്ച് , സംതൃപ്തമായി ,മനസ്സ് നിറഞ്ഞിരിക്കുന്നു എല്ലാവരുടെയും . എങ്കിലും ഉച്ചഭക്ഷണം കഴിക്കാതിരിക്കാനാവില്ല. മുൻകൂട്ടി ഒരു ഹോട്ടലിൽ ഇത്ര പേർക്കുള്ള താലി മീൽസ് പറഞ്ഞു വെച്ചിട്ടുണ്ട്. രുചികരമായ ഭക്ഷണവും കഴിച്ച് .ഖജുരാഹോയിലെ ഏറ്റവും പുരാതനമായ ക്ഷേത്രം ചൗസാത് യോഗിനി മന്ദിർ കാണാൻ പോയി . അറുപത്തിനാല് യോഗിനിമാരുടെ പേരിലുള്ളതാണ് ക്ഷേത്രം പക്ഷെ എ ഡി ആറാം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ ക്ഷേത്രത്തിന്റെ ഏതാനും ഭാഗങ്ങൾ മാത്രമാണ് ഇന്ന് കാണാൻ കഴിയുക, ബാക്കി തകർന്നടിഞ്ഞു കിടക്കുന്നു. 64 യോഗിനി ക്ഷേത്രത്തിന്റെ മുന്നിൽ ഒരു വിശാലമായ കുളമുണ്ട് . അതിനക്കരെയാണ് വെസ്റ്റേൺ ഗ്രൂപ്പിലെ അമ്പലങ്ങൾ . നിലവിൽ കുളത്തിനു ഒരു വശത്തു കൂടി വീതിയുള്ള ഒരു പാത നിർമ്മിച്ചു കൊണ്ടിരിക്കുന്നു. കൂടാതെ കുളത്തിലും പരിസരത്തും വലിയ ഗാർഡനും പാർക്കും നിർമ്മിക്കാനുള്ള പദ്ധതികളാണ് നടന്നു വരുന്നത് എന്ന് ഞങ്ങളുടെ ഗൈഡ് പറഞ്ഞു. കുളത്തിൽ ചെറിയ കുട്ടികൾക്കുള്ള ബോട്ടിങ് ഒക്കെ പ്ലാനിൽ ഉണ്ടത്രേ.

            ഇന്നത്തെ ക്ഷേത്ര സന്ദർശനങ്ങൾ കഴിഞ്ഞു. രാവിലെ തുടങ്ങിയ നടത്തമാണ്. തിരികെ റൂമിൽ പോയി ഒന്ന് ഫ്രെഷായിട്ട് ഏഴു മണിക്ക് ഖജുരാഹോ ഡാൻസ് ഫെസ്റ്റിവലിൽ നൃത്തം കാണാനും മേളാ നഗരിയിൽ മേള കാണാനും പോകണം . ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഖജുരാഹോ. കേട്ടറിഞ്ഞതിനെക്കാളും വായിച്ചറിഞ്ഞതിനേക്കാളും എത്രയോ മനോഹരമാണ് ഈ ശില്പനഗരവും ക്ഷേത്രങ്ങളും. ഒരവസരം കിട്ടിയാൽ ആരായാലും ഖജുരാഹോ സന്ദർശിക്കണം , കലയെ ആസ്വദിക്കുന്നവർക്ക് , സ്നേഹിക്കുന്നവർക്ക് ഒരിക്കലെങ്കിലും വരാതിരിക്കാനാവില്ല ഇവിടെ , അതാണ് സത്യം. 

ഒന്നാം  ഭാഗം വായിക്കാൻ : 

http://yathramanjushree.blogspot.com/2020/12/part-ii.html

രണ്ടാം ഭാഗം   വായിക്കാൻ :

http://yathramanjushree.blogspot.com/2020/12/part-1.html 

 

FB Page ---------

പാർട്ട് 1 വായിക്കാൻ :https://www.facebook.com/yathraman.../posts/1116579588673353

 പാർട്ട് II വായിക്കാൻ : https://www.facebook.com/pg/yathramanjushree/photos/...

























































No comments:

Post a Comment