Saturday 19 December 2020

ശാപമേറ്റ് മരുഭൂമിയായി മാറിയ തലക്കാട്- പഞ്ചലിംഗ ദർശനയാത്ര



                 സോമനാഥ് പുരയിൽ നിന്നും 28  കിലോമീറ്റർ ദൂരമുണ്ട് തലക്കാടേയ്ക്ക് . മൈസൂരിൽ നിന്നും 55 കിലോമീറ്ററും  . ശാപമേറ്റ് മരുഭൂമിയായി മാറിയ പ്രദേശം. പന്ത്രണ്ടു വർഷം കൂടുമ്പോൾ പഞ്ചലിംഗദർശനം എന്ന മഹോത്സവം നടക്കുന്ന നാട്. ചെറിയ ഗ്രാമങ്ങളും കൃഷിപ്പാടങ്ങളും കടന്ന് ഞങ്ങളുടെ ആൾട്ടോ കാർ മുന്നോട്ട് പോയ് ക്കൊണ്ടിരുന്നു. വഴിക്കാഴ്ച്ചകളും കൊണ്ടിരിക്കുമ്പോൾ മുന്നിൽ ഇടതു വശത്ത് ഒരു കുന്നിൻമുകളിൽ ഒരു ക്ഷേത്രം ഡ്രൈവർ കാണിച്ചു തന്നു.   അതാണത്രേ മുടുക്കുത്തൂർ മല്ലികാർജുന ക്ഷേത്രം. പഞ്ചലിംഗ ദർശനത്തിൽ പെട്ട ക്ഷേത്രമാണത്. ഇത് കൂടാതെ തലക്കാട് വൈദ്യനാഥേശ്വരക്ഷേത്രം  , പാതാളേശ്വരക്ഷേത്രം, മരാളേശ്വര ക്ഷേത്രം , അരകേശ്വരക്ഷേത്രം എന്നിവയാണ് പഞ്ചലിംഗങ്ങൾ. പന്ത്രണ്ടു വർഷം കൂടുമ്പോൾ ഈ ക്ഷേത്രങ്ങളിൽ ഒരേ സമയം മഹോത്സവം തുടങ്ങും. ഒട്ടേറെ ഭക്തർ ആ സമയത്ത് പഞ്ചലിംഗദർശനത്തിനായ് എത്തിച്ചേരും.

                   വണ്ടി മെയിൻ റോഡിൽ നിന്നും മല്ലികാർജുന ക്ഷേത്രത്തിന്റെ കവാടം കടന്ന് കുന്നിനു മുകളിലേയ്ക്ക് പോകുകയാണ്. വലിയ  മൈതാനം പോലെയാണ് കുന്നിന്റെ താഴെയുള്ള റോഡും പരിസരവും. കാരണം എല്ലാ വർഷവും ശിവരാത്രിയ്ക്കു മുൻപായി ഇവിടെ കാർഷികവ്യാപാര മേള നടക്കുന്നുണ്ടത്രേ. മല്ലികാർജുന ക്ഷേത്രത്തിനു തൊട്ടു താഴെ ചെറു വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമുണ്ട്. അവിടെ നിന്ന് പടികൾ കയറി മല്ലികാർജുന ക്ഷേത്രദർശനം നടത്തി. ശ്രീ മഹാദേവനും പാർവ്വതിദേവിയ്ക്കും പ്രത്യേകം ഗർഭഗൃഹങ്ങളുണ്ട്. ക്ഷേത്രത്തിലേയ്ക്ക്  കുന്നിന്  താഴെ നിന്നും പടികൾ കയറി വരുന്ന വഴി ഞങ്ങൾ കണ്ടു. ഇവിടെ നിന്നും ചുറ്റുപാടുമുള്ള പ്രദേശങ്ങളൊക്കെ കാണാം. അധികം സമയം ഞങ്ങൾ അവിടെ നിന്നില്ല. നേരെ തലക്കാടേയ്ക്കാണ് ഞങ്ങൾക്ക് പോകേണ്ടത്. ഇനിയും ആറേഴു കിലോമീറ്ററുണ്ട് തലക്കാട് വൈദ്യനാഥേശ്വരക്ഷേത്രത്തിലേയ്ക്ക്.

                   തലക്കാട് എത്തിയ ഞങ്ങൾ ആദ്യം പോയത്  വൈദ്യനാഥേശ്വരക്ഷേത്രത്തിലേക്കാണ് . ക്ഷേത്രത്തിനടുത്ത് ഡ്രൈവർ ഞങ്ങളെ ഇറക്കി. വൈദ്യനാഥേശ്വരക്ഷേത്രവും മറ്റു ക്ഷേത്രങ്ങളും കണ്ടതിനു ശേഷം ഫോണിൽ വിളിച്ചാൽ മതി എന്നദ്ദേഹം പറഞ്ഞു. സമയം പന്ത്രണ്ട് മണിയായി. വൈദ്യേശ്വരക്ഷേത്രത്തിൽ ദർശനം നടത്തി  പരിസരം ചുറ്റിനടന്നു കണ്ടു. മുപ്പതോളം വലിയ ക്ഷേത്രങ്ങൾ ഉണ്ടായിരുന്ന വലിയ ജനപദമായിരുന്നു പണ്ട് തലക്കാട്. വിജയനഗര കാലഘട്ടത്തിൽ ഒരു ശാപത്തെ തുടർന്ന് മരുഭൂമിയായി മണലിനടിയിൽ പെട്ടുപോയ സ്ഥലമാണിത്. മണലിൽ മുങ്ങിപ്പോകാതിരുന്നത് വൈദ്യനാഥേശ്വരക്ഷേത്രം മാത്രമാണ് പോലും.

                  വിജയനഗരസാമ്രാജ്യകാലത്തൊരിയ്ക്കൽ മൈസൂരിലെ വോഡയാർ രാജാക്കന്മാർക്ക്  ലഭിച്ച ശാപമാണ് തലക്കാട് ശാപമെന്ന പേരിൽ അറിയപ്പെടുന്നത്. അക്കാലത്ത് മൈസൂരിൽ വിജയനഗരത്തിന്റെ ഗവർണറായിരുന്ന തിരുമലരാജൻ ശ്രീരംഗപട്ടണത്ത് കുടുംബസമേതം താമസിച്ചിരുന്നു. ദീർഘകാലമായി വിട്ടുമാറാത്ത അസുഖത്തെ തുടർന്ന് തിരുമലരാജൻ തന്റെ ഔദ്യോഗിക ചുമതലകൾ ഭാര്യയായ അലമേലമ്മയെ ഏൽപ്പിച്ച് തലക്കാട് വൈദ്യനാഥേശ്വരക്ഷേത്രത്തിൽ ഭജനത്തിനും ചികിത്സയ്ക്കുമായി പോയി. കുറച്ചു ദിവസങ്ങൾക്കു ശേഷം ഭർത്താവിന്റെ അസുഖം ഗുരുതരമായി എന്നറിഞ്ഞ അലമേലമ്മ ഔദ്യോഗികച്ചുമതലകളും അധികാരവും ഔദ്യോഗിക വസ്‌തുക്കളും മൈസൂരിലെ  വോഡയാർ രാജാവിന് കൈമാറിയിട്ട് തലക്കാടേക്ക് തിരിച്ചു. എന്നാൽ അതിനോടകം തിരുമലരാജൻ അസുഖം മൂർച്ഛിച്ച് മരണപ്പെട്ടിരുന്നു. 

                        റാണി അലമേലമ്മ കൈമാറിയ ഔദ്യോഗികവസ്‌തുക്കൾ പരിശോധിച്ച വോഡയാർ രാജാവ് , ശ്രീരംഗക്ഷേത്രവുമായി ബന്ധപ്പെട്ട ചില ദിവ്യാഭരണങ്ങൾ കൈമാറിയിട്ടില്ലായെന്ന് മനസ്സിലാക്കി. അതും കൂടി ഏതുവിധേനയും  കൈക്കലാക്കി കൊണ്ടുവരാൻ വോഡയാർ രാജാവ് തന്റെ സൈന്യത്തോട് ഉത്തരവിട്ടു.  തലക്കാടെത്തിയ മൈസൂർ സൈന്യം  ദുഖിതയായിരുന്ന അലമേലമ്മയെ ആഭരണങ്ങൾക്കായി കാവേരി തീരത്തു വെച്ച് തടഞ്ഞു വെയ്ക്കുകയും ഉപദ്രവിക്കുകയും ചെയ്തുവത്രേ. തലക്കാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ അധികാരം നൽകിയിട്ടും അത്യാർത്തി കാണിച്ച മൈസൂർ വോഡയാർ രാജാക്കന്മാരെ റാണി അലമേലമ്മ ശപിച്ചു. തന്റെ കൈയിലുണ്ടായിരുന്ന ആഭരണങ്ങൾ റാണി കാവേരിയിലേക്കെറിഞ്ഞു. ഈ തലക്കാട് പ്രദേശം മരുഭൂമിയായി മാറും , വോഡയാർ രാജവംശം അനന്തരാവകാശികളില്ലാതെ പുത്രദുഃഖത്താൽ കരയും എന്നായിരുന്നു റാണി ശപിച്ചത്.എന്നിട്ട് റാണി അലമേലമ്മ കാവേരിയിൽ ചാടി ജീവൻ വെടിഞ്ഞു.

                               ഐതിഹ്യമെന്തുമാവട്ടെ അത് വിശ്വസിച്ചാലും ഇല്ലെങ്കിലും  വോഡയാർ രാജാക്കന്മാർ ഇന്നും അനന്തരാവകാശികൾക്കു വേണ്ടി ആൺ കുട്ടികളെ ദത്തെടുക്കുകയാണ്. തലക്കാട് പ്രദേശം 10 മുതൽ 15 അടി വരെ ഉയരത്തിൽ മണൽ നിറഞ്ഞു മൂടിപ്പോയിരിക്കുന്നു. യാതൊരു വിധ കൃഷിയോ നിർമ്മാണ പ്രവർത്തനങ്ങളോ സാധ്യമല്ലാത്ത മരുപ്രദേശമാണിന്ന് തലക്കാട്.    കാവേരി നദിയൊഴുകുന്നതിന്റെ കരയിലാണ് ഈ മരുപ്രദേശമെന്നത് ഒരു അതിശയമാണ്. മുപ്പതിലധികം ക്ഷേത്രങ്ങളുണ്ടായിരുന്ന ഇവിടെ ആരോ ഏഴോ അമ്പലങ്ങൾ മാത്രമേയുള്ളൂ. അതിമനോഹരവും ബൃഹത്തുമായ കീർത്തി നാരായണ ക്ഷേത്രം ഉൾപ്പെടെ ചില ക്ഷേത്രങ്ങൾ ആർക്കിയോളജി വിഭാഗം ഉദ്യോഗസ്ഥർ മണലിനടിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പുരാതന രേഖകളും ലിഖിതങ്ങളും പരിശോധിച്ച് കൂടുതൽ ഗവേഷണങ്ങളും ഉൽഖനനങ്ങളും ഇവിടെ നടന്നു കൊണ്ടിരിക്കുകയാണ്. 

                 വൈദ്യനാഥേശ്വരക്ഷേത്രത്തിൽ നിന്നും ഞങ്ങൾ പാതാളേശ്വര ക്ഷേത്രത്തിലേയ്ക്ക് വഴിചോദിച്ച് നടന്നു .മരുഭൂമിപോലെ മണൽക്കാടാണിവിടം മണലിൽ ചവിട്ടിയാൽ കാൽ ചുട്ടുപൊള്ളുമെന്നതിനാൽ ക്ഷേത്രത്തിലേക്കുള്ള വഴിനീളെ നടപ്പന്തൽ ഉണ്ടാക്കിയിട്ടുണ്ട്. മണലിനുള്ളിൽ ഒരു കിടങ്ങിനുള്ളിൽ എന്നപോലെ പാതാളേശ്വര ക്ഷേത്രം ഞങ്ങൾ കണ്ടു. അവിടെയും ദർശനം നടത്തിയിറങ്ങുമ്പോൾ വീണ്ടും മുന്നോട്ട് വഴി കണ്ടു. കുറെപ്പേർ അതിലെ പോകുന്നുമുണ്ട്. ഞങ്ങളും നടന്നു. നൂറോ നൂറ്റമ്പതോ മീറ്റർ നടന്നു കാണും അതാ അവിടെ മറ്റൊരു റോഡ് വന്നുചേരുന്നു. റോഡിലൂടെ അൽപം മുന്നോട്ട് നടന്നാൽ കാണുന്നത് വിശാലമായ ബീച്ച് പോലെയുള്ള പ്രദേശമാണ്. കാവേരി നദിയിൽ ആളുകൾ ബീച്ചിലെന്ന പോലെ ഉല്ലസിക്കുന്നു. കുട്ടവഞ്ചികളിൽ സവാരി നടത്തുന്നു. കുളി കഴിഞ്ഞ് ചായയും ബജിയും , അല്ലെങ്കിൽ മാങ്ങാ, കുക്കുമ്പർ, പൈനാപ്പിൾ എന്നിവ മസാലചേർത്ത് കഴിച്ചുകൊണ്ട് സമയം കളയുന്നു. ഒരു നല്ല ഫാമിലി പിക്‌നിക് സ്പോട്ടാണ് ഇത്. കാവേരി ബേസിൻ എന്ന ഇങ്ങോട്ടുള്ള വഴിയാണെന്നറിഞ്ഞല്ല അനിൽകുമാർ സാറും ഞാനും നടന്നത്. ഏതായാലും നട്ടപ്പൊരിഞ്ഞ വെയിലത്ത് ഒരു കുളിർമയായി. 
 
                                       ഇനി തിരിച്ച്‌ വന്ന  വഴി തന്നെ മടങ്ങണം. ഓരോ കുക്കുമ്പറും  പൈനാപ്പിൾ കഷണവും വാങ്ങിക്കഴിച്ചുകൊണ്ട് മണൽപ്പരപ്പിലൂടെ നടന്നു. പാതാളേശ്വര ക്ഷേത്രത്തിൽ നിന്നും എതിർദിശയിൽ ഒരു നടവഴിയുണ്ട് . അത് നേരെ മരാളേശ്വരക്ഷേത്രത്തിലേക്കാണ് . അതും മണ്ണിനടിയിൽ നിന്ന് കുഴിച്ചെടുത്ത പോലെയാണ്. വെള്ളമില്ലാത്ത ഒരു കുളത്തിനുള്ളിൽ അമ്പലം നിർമ്മിച്ചതുപോലെ തോന്നും. പടികളിറങ്ങിപ്പോയി അവിടെയും ഞങ്ങൾ ദർശനം നടത്തി. ഇനിയും നടവഴി നീളുന്നുണ്ട്. ഇവിടെ ഏറ്റവും ബൃഹത്തായ ക്ഷേത്രം . അടുത്തകാലത്തു കണ്ടെടുത്തതാണ്. ഇപ്പോഴും ചുറ്റിനും ഖനനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കീർത്തിനാരായണ ക്ഷേത്രം. നടവഴിയിലൂടെ നടക്കുമ്പോഴേ ദൂരെ കീർത്തിനാരായണ ക്ഷേത്രത്തിന്റെ വിമാനം കാണാം. നടവഴിക്കിരുവശവും കുറ്റിക്കാടുകളാണ്. വേലികെട്ടി സഞ്ചാരികൾ അങ്ങോട്ട് കടക്കാതെ കമ്പിയിട്ടിട്ടുണ്ട് ഈ പരിസരത്ത്. എന്നാലും ചില കച്ചവടക്കാർ കൂൾ ഡ്രിങ്ക്‌സും മറ്റുമായി അതിലെ വരുന്നുണ്ട്.  

                          വലിയ മണ്ഡപം കടന്നാണ് കീർത്തിനാരായണക്ഷേത്രത്തിൽ പ്രവേശിക്കുന്നത് . നിലവിൽ ഒരു നില മാത്രമേയുള്ളൂ മണ്ഡപത്തിന് .ആർക്കിയോളജി ഉദ്യോഗസ്ഥർ പൊളിഞ്ഞ ഭാഗമൊക്കെ ശരിയാക്കുന്നുണ്ട്. ക്ഷേത്രത്തിലേയ്ക്ക് പോകുന്ന വഴിയിൽ ഉല്ഖനനത്തിനിടയിൽ കിട്ടിയ ശിലകൾ കൂട്ടിയിട്ടിരിക്കുന്നത് കാണാം. സാധാരണ വലിയ ചുറ്റുമതിലോടു കൂടിയാണ് അക്കാലത്തു ക്ഷേത്രങ്ങൾ നിർമ്മിച്ചിരുന്നത്. അതൊക്കെ തകർന്നടിഞ്ഞിട്ടുണ്ടാകും.  തകർന്നു കിടക്കുന്ന ഭാഗങ്ങളുടെ പുനരുദ്ധാരണ ശ്രമങ്ങൾ പുരാവസ്‌തുവിഭാഗം നടത്തികൊണ്ടിരിക്കുന്നുണ്ട്.

                                    എ ഡി 1117 ൽ ഹൊയ്‌സാല ശൈലിയിൽ നിർമ്മിച്ച ക്ഷേത്രമാണ് ഇത്. വലിയ ബലിപീഠം , അതുകഴിഞ്ഞ് മണ്ഡപം , പിന്നെ മുറ്റം , അതിനു നടുവിൽ മണ്ഡപവും ക്ഷേത്രവും. ഗർഭഗൃഹത്തിനു മുകളിൽ നല്ല ഉയരമുള്ള വിമാനമുണ്ട് കീർത്തിനാരായണ ക്ഷേത്രത്തിൽ. രണ്ടു മണിയായി . ഭക്ഷണവും കഴിച്ചിട്ടില്ല . നല്ല ചൂടുമുണ്ട്. കീർത്തിനാരായണക്ഷേത്രത്തിൽ നിന്ന് നമുക്ക് പുറത്തേയ്ക്ക് പോകാം. അവിടെ നിന്നും ഡ്രൈവറെ ഫോണിൽ വിളിച്ചു. ഇനി ശിവനസമുദ്രയിൽ കാവേരിയിലെ  വെള്ളച്ചാട്ടം കാണാൻ പോകുകയാണ്. പ്രശസ്‌തമായ ബാരാചൗക്കി , ഗഗന ചൗക്കി വെള്ളച്ചാട്ടങ്ങൾ. ഏതായാലും ഇവിടെ തലക്കാടിൽ ചെറിയ തട്ടുകടകൾ മാത്രമേയുള്ളൂ. നല്ല ഭക്ഷണമാണെന്ന് ഡ്രൈവർ പറഞ്ഞെങ്കിലും ഞങ്ങൾ ആ സാഹസത്തിനു മുതിർന്നില്ല. ഇനി പോകുന്ന വഴിയിൽ ഹോട്ടലുകൾ കുറവാണ്. ഗഗനചൗക്കിയിൽ ടൂറിസ്റ്റുകൾ വരുന്നതിനാൽ അവിടെ കാണുമായിരിക്കും എന്നാണ് ഡ്രൈവറണ്ണൻ പറയുന്നത്. എന്നാൽ പിന്നെ അങ്ങോട്ട്  വെച്ച് വിട്ടോ എന്ന് ഞങ്ങൾ പറഞ്ഞു. 

                        തലക്കാട് ഒരു അതിശയമാണ്. മരുഭൂമിയായി മാറിയ പ്രദേശം . ഒരു കാലത്ത് മുപ്പതിലധികം വലിയ ക്ഷേത്രങ്ങളും നഗരവും നിലനിന്നിരുന്ന ജനപദം. ശാപത്തിന്റെ കഥ അങ്ങിനെ നിൽക്കട്ടെ. ഒരു പക്ഷെ പ്രകൃതിയുടെ, കാലാവസ്ഥയുടെ  എന്തെങ്കിലും വ്യത്യാസം  ആകാം ഇവിടം ഇങ്ങിനെയായതിനു പിന്നിൽ . എങ്കിലും ഇത്രയും മണൽക്കൂമ്പാരം എങ്ങിനെ ഇവിടെ വന്നു എന്നതിന് വ്യക്തമായ ഒരു കാരണവും ഇന്ന് വരെ കൃത്യമായി കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. എന്തെല്ലാം വിസ്മയങ്ങളാണല്ലേ നമുക്കു ചുറ്റും. സത്യം ശിവം സുന്ദരം…

https://facebook.com/story.php?story_fbid=121523369781169&id=100057705180889

https://www.youtube.com/watch?v=WuQ3B-CoEdA&feature=youtu.be




































No comments:

Post a Comment