Wednesday 2 December 2020

ചെമ്പ്രമുടിയുടെ മടിത്തട്ടിലേക്ക്.....

                        വയനാട്ടിലെത്തിയപ്പോൾ മുതൽ ചെമ്പ്ര മുടിയിലേയ്ക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ   ചെമ്പ്ര കൊടുമുടിയിലേയ്ക്ക്  ഏറെ നാളുകളായി പ്രവേശനമില്ല.വനം വകുപ്പിന്റെ അനുമതിയോടെ മാത്രമേ ചെമ്പ്രയിലേക്ക് കയറാനാകൂ. ഒരു ദിവസം പ്രിയസുഹൃത്ത് ശ്രീ ഐജിയോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹമാണ് ചെമ്പ്ര കൊടുമുടി കയറാൻ പറ്റില്ലെങ്കിലും  ചെമ്പ്ര എസ്റ്റേറ്റിലൂടെ പഴയ ബംഗ്ലാവു വരെയെങ്കിലും പോകാനുള്ള ശ്രമം നടത്താമെന്നേറ്റത്. അദ്ദേഹത്തിന്റെ സൗഹൃദവലയത്തിൽ നിന്നും ചെമ്പ്ര എസ്റ്റേറ്റിലൂടെ ബംഗ്‌ളാവു വരെ പോകാനുള്ള അനുമതി ലഭ്യമായി. ഞാനും പ്രിയതമയും പിന്നെ ഐജിയും അദ്ദേഹത്തിന്റെ പുത്രൻ കെവിനുമൊന്നിച്ചാണ് ചെമ്പ്രയിലേയ്ക്ക് പോയത്. 


            കൽപ്പറ്റയിൽ നിന്ന് കാറിലാണ് യാത്ര. ഊട്ടിയ്ക്കുള്ള റോഡിൽ മേപ്പാടി കഴിഞ്ഞ്  വലത്തേയ്ക്കൊരു ഇറക്കമിറങ്ങി തേയിലത്തോട്ടങ്ങളും കാടും ഇടകലർന്ന ചെറുറോഡിലൂടെയാണ് ഇനി പോകേണ്ടത്. വളവുകളും പുളവുകളും നിറഞ്ഞ എസ്റ്റേറ്റ് റോഡ്. ചുരുക്കം ചില വാഹനങ്ങളും എസ്റ്റേറ്റ് തൊഴിലാളികളെയും  മാത്രമാണ് റോഡിൽ കണ്ടത്. വണ്ടി തേയിലത്തോട്ടങ്ങൾക്കിടയിലൂടെ പതിയെ നീങ്ങി. എരുമക്കൊല്ലി എന്ന എസ്റ്റേറ്റ് ഗ്രാമത്തിലൂടെയാണ് ഞങ്ങൾ പോകുന്നത്. തേയിലത്തോട്ടങ്ങളുടെ മനോഹാരിതയും പിന്നെ മുന്നിൽ കാണുന്ന ചെമ്പ്രകൊടുമുടിയും മടികൂടാതെ കയറ്റങ്ങൾ കയറാൻ ഞങ്ങൾക്കും വണ്ടിക്കും ഉത്സാഹമേകി.       


           എസ്റ്റേറ്റിന്റെ ഓഫിസിനടുത്തെത്തിയപ്പോൾ വണ്ടിനിറുത്തി ഞങ്ങൾ ഓഫീസിലേയ്ക്ക് കയറിച്ചെന്നു. അവിടത്തെ ഉദ്യോഗസ്ഥനായ ശ്രീ. ബിനുവാണ് ഞങ്ങൾക്ക് എസ്റ്റേറ്റ് കാണുന്നതിന് അനുമതി ലഭ്യമാക്കിയിരിക്കുന്നത്. ഓഫീസിൽ കയറിച്ചെന്ന ഞങ്ങൾക്ക് ഹൃദ്യമായ സ്വീകരണമാണ് ബിനു ഉൾപ്പെടെയുള്ള ജീവനക്കാർ നൽകിയത്. പരിചയപ്പെട്ട് വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടയിൽ തലേന്ന് രാത്രി ആനകളിറങ്ങി ശല്യമുണ്ടാക്കിയ വിവരങ്ങളും പറഞ്ഞു. തലേന്നു രാത്രി ബിനുവിന്റെ ക്വാർട്ടേഴ്‌സിനു ചുറ്റുമായിരുന്നത്രെ ആനകളുടെ വികൃതികൾ. വഴിയരികിലുള്ള കമുകു പോലെയുള്ള മരങ്ങൾ ആന മറിച്ചിട്ടു. 


                   ഈയിടെയായി ആനകൾ വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് ബിനു പറയുന്നത്. മുൻപ് കാട്ടുപോത്തുകൾ ഉണ്ടായിരുന്നു. ഇപ്പോൾ അതിന്റെ ഉപദ്രവം തീരെയില്ല. ആനകളാണ് നിലവിൽ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്നത്. ആനകളുടെ തലേന്നു രാത്രിയിലെ വിക്രിയകളെപ്പറ്റി അറിയിച്ചുകൊണ്ട് വനംവകുപ്പിനുള്ള കത്ത് തയ്യാറാക്കികൊണ്ടിരിക്കുമ്പോഴാണ് ഞങ്ങൾ കയറിച്ചെന്നത്. സൗഹൃദഭാഷണങ്ങൾക്കു ശേഷം ഞങ്ങളോട് ബംഗ്ലാവിനടുത്തുവരെയും പോയിക്കണ്ടു വരാൻ പറഞ്ഞു. ആവശ്യമായ അനുമതി അയാൾ വാങ്ങിയിട്ടുണ്ടെന്നും അറിയിച്ചു. എസ്റ്റേറ്റ് ഓഫീസിന്റെ പടികളിറങ്ങി വരുമ്പോൾ ഞാൻ ബിനുവിനോട് ചോദിച്ചു." പോകുന്ന വഴിയിൽ ആനകൾ ഉണ്ടാവില്ലല്ലോ അല്ലെ?"  , ഇവിടത്തെ ആനകൾ പകലങ്ങിനെ ശല്യമുണ്ടാക്കാറില്ലായെന്നാണ് ബിനു പറഞ്ഞത്. എസ്റ്റേറ്റിൽ തൊഴിലാളികളൊക്കെയുണ്ട് എന്നു പറഞ്ഞ് ധൈര്യം പകരുകയും ചെയ്‌തു.


              തിരികെ വണ്ടിയിൽ കയറിക്കഴിഞ്ഞ് ഐജി എസ്റ്റേറ്റിന്റെ ചരിത്രം പറഞ്ഞു തന്നു. മൂന്നു നൂറ്റാണ്ടുകൾക്കു മുൻപ് ബ്രിട്ടീഷുകാരാണ് ഊട്ടിയിൽ നിന്ന് വയനാട്ടിലേയ്ക്കു വരുന്ന വഴിയിൽ ഈ കൊടുമുടിയും മനോഹരമായ പ്രദേശവും കണ്ടെത്തി എസ്റ്റേറ്റ് സ്ഥാപിച്ചത്. ഭാരതം സ്വാതന്ത്രമായതിനു ശേഷവും ഏറെക്കാലം  ഈ തോട്ടത്തിൽ ബ്രിട്ടീഷുകാരായിരുന്നുവത്രെ മാനേജർമാർ. പണ്ട് ബ്രിട്ടീഷുകാർ തേയിലയും കാപ്പിയും നട്ട് തോട്ടമുണ്ടാക്കിയതിനുശേഷം മലമുകളിൽ ഒരു ബംഗ്ളാവു പണിതു. എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു മനോഹരമാളിക. തിരക്കഥ എന്ന സിനിമയിൽ ക്ലൗഡ്‌സ് എൻഡ് എന്ന പേരിൽ ഈ ബംഗ്ളാവ് പ്രധാനപ്പെട്ട ഒരു പശ്ചാത്തലമായി ചിത്രീകരിച്ചിട്ടുണ്ട്. 

                     ബ്രിട്ടീഷുകാരുടെ കാലത്ത് ഈ ബംഗ്ളാവിൽ താമസിച്ചിരുന്ന മാനേജർ സായിപ്പ് കുതിരപ്പുറത്തുകയറി ചെമ്പ്രമുടിയുടെ മുകളിലേയ്ക്കു പോകും. മദാമ്മ പല്ലക്കിലേറിയും. എന്തിനാണെന്നോ? ചെമ്പ്രയുടെ മുകളിൽ ഒരുക്കിയിട്ടുള്ള ടെന്നീസ് കോർട്ടിൽ കളിയ്ക്കാൻ വേണ്ടി. അവിടെ കുതിരകളെ കെട്ടുന്നതിന് ലായവും നിർമ്മിച്ചിട്ടുണ്ടായിരുന്നുവത്രെ. നല്ല ലാഭകരമായ രീതിയിൽ ഒട്ടേറെ തൊഴിലാളികളോടെ പ്രവർത്തിച്ചിരുന്ന ഒരു തോട്ടമായിരുന്നു ഇത്. നൂറുകണക്കിന് തൊഴിലാളികളും ആശുപത്രിയും സ്‌കൂളുമൊക്കെ ഇവിടെയുണ്ടായിരുന്നു. പിൽക്കാലത്ത് തോട്ടം മേഖല ലാഭകരമല്ലാതായതും അവകാശതർക്കങ്ങളും വ്യവഹാരങ്ങളുമെല്ലാം ഈ എസ്റ്റേറ്റിനെയും ബാധിച്ചിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന തേയില ഫാക്‌ടറി ഏതാണ്ട് മുപ്പത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് ഒരു തീപ്പിടുത്തത്തിൽ നശിച്ചു. താഴെ മേപ്പാടിയിലെ വീട്ടിൽ നിന്ന് മലമുകളിൽ തീ കത്തുന്നത് കണ്ട കാര്യവും  ഐജി പറഞ്ഞു. 

                 വീതി നന്നേ കുറഞ്ഞ എസ്‌റ്റേറ്റ്‌ റോഡിലൂടെ ഞങ്ങൾ കയറിക്കൊണ്ടിരുന്നു. റോഡിൽ പലയിടത്തും ആനപ്പിണ്ടം കാണുന്നുണ്ട്. രണ്ടു മൂന്നു മുടിപ്പിൻ വളവുകൾ കയറിച്ചെല്ലുമ്പോൾ ഇടത്തേയ്ക്കൊരു വഴി കയറിപ്പോകുന്നുണ്ട്. വണ്ടി അങ്ങോട്ടു വിട്ടോളാനാണ് ഐജിയുടെ നിർദ്ദേശം. ജോലിയുടെ ഇടവേളയിൽ  റോഡരികിലിരുന്ന്  വിശ്രമിക്കുന്ന തൊഴിലാളികൾ കാർ കടന്നുചെന്നപ്പോൾ എഴുന്നേറ്റുമാറി വഴി നൽകി. 
കയറ്റം കയറിച്ചെന്ന ഞങ്ങൾ എത്തിച്ചേർന്നത്  മനോഹരമായ ഒരു പ്രദേശത്ത് സ്ഥിതിചെയ്യുന്ന പഴയ കെട്ടിടത്തിന്റെ മുറ്റത്തേയ്ക്കാണ്. നീളത്തിലുള്ള  വരാന്തയോടെ  നിർമ്മിക്കപ്പെട്ട കെട്ടിടത്തിന്റെ മുറ്റം വരെയും  തേയിലത്തോട്ടങ്ങൾ . മുന്നിൽ മലഞ്ചെരിവിനോടു ചേർന്ന് തടികൊണ്ട് വാച്ച് ടവർ നിർമ്മിച്ചിട്ടുണ്ട്.  പണ്ട് എസ്റ്റേറ്റിന്റെ ഉള്ളിലെ ആശുപത്രി പ്രവർത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു എന്ന് ഐജി പറഞ്ഞു. ഇവിടെ ആശുപത്രിയായിരുന്നപ്പോൾ അദ്ദേഹമിവിടെ വന്നിട്ടുണ്ടത്രേ.


                  ഇപ്പോൾ ഈ കെട്ടിടം ഒരു സോസ്റ്റെൽ ആയി എസ്റ്റേറ്റ് മാനേജ്‌മെന്റ് രൂപാന്തരപ്പെടുത്തിയിരിക്കുകയാണ്. ഞങ്ങൾ കെട്ടിടത്തിനു ചുറ്റും നടന്ന് പ്രകൃതിഭംഗി ആസ്വദിച്ചു. സോസ്റ്റെലിന്റെ പിൻഭാഗത്ത് ചെമ്പ്രയുടെ മനോഹരമായ ദൃശ്യം കാണാം. വാച്ച് ടവറിനടുത്തു നിന്ന് നോക്കുമ്പോൾ ചെമ്പ്രമുടിയുടെ പശ്ചാത്തലത്തിൽ സോസ്റ്റെലും തേയിലത്തോട്ടങ്ങളും കോടമഞ്ഞു പാറിനടക്കുന്ന മലകളും ചേർന്ന് അതീവസൗന്ദര്യമുള്ള ദൃശ്യാനുഭൂതിയാണ് സമ്മാനിക്കുന്നത്. സോസ്റ്റെലിന്റെ ചുവരുകൾ  നല്ല ഭംഗിയുള്ള പെയിന്റിങ്ങുകൾ  കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. മുറ്റത്തോടു ചേർന്ന് പൂച്ചെടികളും നട്ട് സുന്ദരമാക്കിയിട്ടുണ്ട്. സ്ത്രീകൾക്കായുള്ള പ്രത്യേകം ഡോർമെറ്ററി ഉൾപ്പെടെ റൂമുകളും ഡോർമെറ്ററി സൗകര്യവും ഇവിടെ ലഭ്യമാണ്. സാധാരണ സീസൺ കാലത്ത് നിറയെ ബുക്കിങ് ഉണ്ടാകുമെന്ന് ഇവിടെയുണ്ടായിരുന്ന വിശാഖ് പറഞ്ഞു. 

             
            ഞങ്ങൾ ഇനിയും കുറച്ചുകൂടി മുകളിലേയ്ക്കു പോകുകയാണ്. 
എസ്റ്റേറ്റ് റോഡിൽ പലയിടത്തും ആന പോയതിന്റെ അടയാളങ്ങൾ കാണാം. മൂന്നു നൂറ്റാണ്ടുകൾ പഴക്കമുളള ചൂളമരങ്ങളുടെ വേരുകൾ എന്തൊക്കെയോ രൂപങ്ങൾ പോലെ റോഡിലേയ്ക്ക് നീണ്ടുനിൽക്കുന്നുണ്ട്. തേയിലക്കാടിനിടയിലൂടെ പളുങ്കുതിരും പോലെ വീഴുന്ന നീർച്ചാലുകൾ.ഓരോ മുടിപ്പിൻ വളവും തിരിഞ്ഞു കയറുമ്പോൾ താഴെ താഴ്‌വരയിൽ മനോഹരമായ കാഴ്ച്ചകളാണ് കണ്ണിന് വിരുന്നാകുന്നത്. തേയിലക്കാടുകൾക്കു നടുവിൽ പിങ്കും ചുവപ്പും പൂക്കൾ നിറഞ്ഞ മരങ്ങൾ. മറുവശത്ത് കാടും തോട്ടവും കടന്ന് മുകളിലായി തലയുയർത്തി ഗാംഭീര്യത്തോടെ നിൽക്കുന്ന ചെമ്പ്രമുടിയുടെ ദൃശ്യം. പാറകളിൽ നിന്ന് കുതിച്ചുചാടി നുര ചിതറിത്തെറിക്കുന്ന കാട്ടരുവിയുടെ മുകളിലൂടെ നിർമ്മിച്ചിട്ടുള്ള പാലം കടന്ന് ഞങ്ങളുടെ വണ്ടി മുന്നോട്ട് നീങ്ങി. അടുത്ത വളവിലെ കെട്ടിടത്തിൽ നിന്നാണ്  പണ്ടുകാലത്ത് തൊഴിലാളികളെ ഹാജർ വിളിച്ചു പണിക്കയച്ചിരുന്നത്. മുൻപ് എസ്റ്റേറ്റ് ഓഫീസും ഇവിടെയായിരുന്നു എന്നാണറിഞ്ഞത്. ആനശല്യം മൂലം പിന്നീട് ഓഫീസ് ഇപ്പോൾ ഇരിക്കുന്ന സ്ഥലത്തേയ്ക്ക് മാറ്റുകയായിരുന്നുവത്രേ. അവിടത്തെ അവസ്ഥ ഇങ്ങോട്ടു കയറുന്നതിനു മുൻപ് ബിനു പറഞ്ഞിരുന്നുവല്ലോ. 

                 അങ്ങിനെ ചെന്നു ചെന്ന് എസ്റ്റേറ്റിലെ മൂന്നു നൂറ്റാണ്ടു പഴക്കമുള്ള ബംഗ്‌ളാവിനു മുന്നിൽ വരെ ഞങ്ങൾ എത്തിപ്പെട്ടു. ചെമ്പ്ര മുടിയുടെയും താഴ്വരകളുടെയും തേയിലത്തോട്ടങ്ങളുടെയും കാടുകളുടെയും സൗന്ദര്യമാസ്വദിച്ച് അൽപ്പനേരം... അങ്ങ് താഴെ എരുമക്കൊല്ലിയും മേപ്പാടിയും ദൂരെ കൊളഗപ്പാറയുമൊക്കെ കാണാം. കാഴ്ച്ചകൾ കണ്ടു കണ്ട് ആസ്വദിച്ച് മലയിറക്കം. ആനയിറങ്ങിപ്പോയത്തിന്റെ അടയാളങ്ങൾ കാടുകളിലും മണ്ണിലും കാണാം. തിരികെ എസ്റ്റേറ്റ് ഓഫീസിൽ എത്തിയപ്പോഴേക്കും മഴ വീണിരുന്നു. 

              ഇനിയൊരിക്കൽ സോസ്‌റ്റലിൽ തങ്ങാൻ വേണ്ടി തയ്യാറായി വരണമെന്ന ബിനുവിന്റെ സ്നേഹത്തോടെയുള്ള ക്ഷണം കൈപ്പറ്റിയിട്ട്  നന്ദിയുമറിയിച്ച് ഞങ്ങൾ മേപ്പാടി വഴി കൽപ്പറ്റയ്ക്കു മടങ്ങി. മടക്കയാത്രയിൽ ഡ്രൈവ് ചെയ്‌തിരുന്ന ഞാൻ കാലിൽ ഒരു തണുപ്പു തോന്നി വണ്ടി നിറുത്തി. ഒന്നു രണ്ട് അട്ടകൾ കാലിൽ കയറിപ്പിടിച്ചിട്ടുണ്ട്. പിന്നെ അടുത്ത ചായക്കടയിൽ നിറുത്തി അൽപ്പം ഉപ്പു വാങ്ങി കാലിൽ തേച്ച് അട്ടയെ പറിച്ചുകളഞ്ഞിട്ടായിരുന്നു  യാത്ര തുടർന്നത്..



 





















No comments:

Post a Comment