Saturday 26 April 2014

 16-11-2013

ശനിശിഗ്നാപ്പൂ൪ (വാതിലുകളില്ലാത്ത ഗ്രാമം )-ഷി൪ദ്ദിസായി ബാബ സന്നിധി 


                                 പൂനെയിൽ നിന്നും ഞങ്ങള്ക്കുള്ള ബസ് പുറപ്പെടുന്നത് ലോഡ്ജിനു മുന്നിൽ കണ്ട സ്റ്റാന്റിൽ നിന്നല്ല .അടുത്ത് ഒരു രസ്ടോറന്റിൽ നിന്ന് ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ച് ശനി ശിഗ്നാപ്പൂരിലേക്ക് വഴി തിരക്കി .അവിടെ നിന്നും കിട്ടിയ വിവരമനുസരിച്ച് അഹമ്മദ്‌ നഗറിലേക്ക് ബസ്  കിട്ടുന്ന ബസ് സ്റ്റാന്റിലെക്കു ഓട്ടോ പിടിച്ചു. ബസ് സ്റ്റാന്റിൽ നിന്നും ഔറംഗാബാദിലെക്കുള്ള ബസ്സിൽ കയറി . കണ്ടക്ട൪ പറഞ്ഞത് അഹമ്മദ്‌ നഗറു കഴിഞ്ഞ് ഘോടെഗാവ്  എന്നാ സ്ഥലത്ത് ഇറങ്ങിയാൽ ശനി ശിഗ്നാപ്പൂരിലേക്ക് ലോക്കൽ ബസ്സോ ഓട്ടോയോ കിട്ടും എന്നാണ് .അതനുസരിച്ച് ഘോടെഗാവിലെത്തുമ്പോൾ ഇറക്കണമെന്നു പറഞ്ഞ് ടിക്കെറ്റ് എടുത്തു .ദേശീയ പാത 60 ലൂടെ മറാത്തയുടെ ഗ്രാമങ്ങളിലൂടെയാണ് യാത്ര .അഹമ്മദ്‌ നഗ൪ വലിയ പട്ടണമാണ് .ഛ ത്ര പതി ശിവജി മുഗളന്മാരോട് പ്രതിരോധിച്ച്  പട വെട്ടിയ നാട് . ശിവാജിക്കു ശേഷം മാത്രമാണ് ഔറംഗ സെബിന്  അഹമ്മദ്‌ നഗറിൽ സ്വാധീനം ലഭിച്ചത് . ഔറംഗസേബ് മരിച്ചതും അഹമ്മദ്‌ നഗറിൽവെച്ചാണ്.
അഹമ്മദ്‌ നഗറിൽനിന്നും 25 കിലോമീറ്ററോളം ദൂരമുണ്ട് ഘോടെഗാവിലെക്ക് .അവിടെത്തിയപ്പോൾ കണ്ടക്ട൪ കൃത്യമായി ഞങ്ങളെ വിളിച്ച് സ്ഥലമെത്തിയെന്നു പറഞ്ഞു .ശനി ശിഗ്നാപ്പൂരിലേക്ക് പോകുന്ന വഴിയും വണ്ടി കിട്ടുന്ന സ്ഥലവും കണ്ടക്ട൪ കാണിച്ചു തന്നു. ഒരു ചെറിയ ബസ് സ്റ്റാന്റുണ്ട് ഇവിടെ..അതിനുള്ളിൽ തിരക്കിയപ്പോൾ അര മണിക്കൂറിടവിട്ട്  ബസ്സുകളുണ്ടെന്നറിഞ്ഞു. ഒരു ബസ്സ്‌ ഇപ്പോള് പോയതേയുള്ളൂ .ഇനി അര മണിക്കൂറു കൂടി കാത്തിരിക്കണ്ട എന്നു കരുതി പുറത്ത് മിനി വാനുകളുടെ അടുത്തേക്ക് നീങ്ങി .ആ സമയത്ത് വാനുകളൊന്നും ശിഗ്നാപ്പൂരിലേക്കുണ്ടായിരുന്നില്ല .പിന്നെ വന്നത് ഒരു ആപ്പേ ഓട്ടോയാണ് .അതിൽ ബാഗൊക്കെ പുറകിൽഎടുത്തു വച്ച് ഡ്രൈവ൪ ഞങ്ങള്ക്ക് ഇരിപ്പിടം തന്നു . ഏതാണ്ട്  7-8 പേരായപ്പോൾ വണ്ടി പുറപ്പെട്ടു .നാലഞ്ചു കിലോമീറ്റ൪ നടുവൊടിക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്തിട്ടും ഭേദപ്പെട്ട ഒരു ജങ്ക്ഷൻ പോലും കാണാൻ പറ്റിയില്ല .പൂക്കളും പരുത്തിയുമുള്പ്പെടെ കൃഷി ചെയ്യുന്ന വിശാലമായ കൃഷിഭൂമികളും പാടങ്ങളും .തുണിക്കടകൾ ഈ ഗ്രാമങ്ങളിൽ കാണാനേയില്ല .ഇടയ്ക്കൊക്കെ വളം വില്ക്കുന്ന കടകൾ ഉണ്ട് .റോഡരുകിലെ ചില മരത്തണലുകളിൽ കരിമ്പിൻ ജ്യൂസു വില്ക്കുന്നു .കരിമ്പ്‌ ജ്യൂസാക്കുന്ന യന്ത്രം കറക്കുന്നത്‌ കാളകളാണ് .മുന്നില് ഒരു കമ്പിൽ കെട്ടി വെച്ചിരിക്കുന്ന പുല്ലു തിന്നാനായി കാളകൾ മുന്നോട്ടു നടന്നു കൊണ്ടേയിരിക്കുന്നു.അങ്ങിനെ ആ ജീവി പറ്റിക്കപ്പെട്ട് വട്ടത്തിൽ കറങ്ങുകയും കരിമ്പ്‌ ജ്യൂസാകുകയും ചെയ്യും.പ്രധാനമായും ശനിശിഗ്നാപ്പൂരിലേക്കും ഷി൪ദ്ദിയിലേക്കുമുള്ള തീ൪ഥാടകരുടെ വാഹനങ്ങളാണ് ഈ വഴിയിൽ.അര മണിക്കൂറോളം യാത്ര ചെയ്തപ്പോൾ ഓട്ടോ ഒരു ചെറിയ കവലയിൽ എത്തി .അപ്പോളേക്കും ഞങ്ങളൊഴികെ മറ്റു യാത്രക്കാരെല്ലാം പല സ്ഥലങ്ങളിലായി ഇറങ്ങിയിരുന്നു.സോനായി എന്നാണ് സ്ഥലപ്പേര് എന്നാണെന്റെ ഓര്മ്മ . ഇനി ഇവിടെ നിന്നും വേറെ ഓട്ടോയിൽ പോകണമത്രേ .ഇരുപതു രൂപയാണ് ഓട്ടോ ചാര്ജു പറഞ്ഞിരുന്നത് ..പത്തു രൂപാ ഇനിയും അടുത്ത ഓട്ടോക്ക് കൊടുക്കണം .അങ്ങിനെ ഏതാനും മിനിട്ടുകളുടെ ഗ്രാമക്കാഴ്ച്ചകളുടെ യാത്ര കഴിഞ്ഞപ്പോൾ വലിയ തിരക്കുള്ള ഒരു തെരുവിലേക്ക് എത്തി .ഒരു ബസ് പാര്ക്കിംഗ് എരിയായിലാണ് ഓട്ടോ നി൪ത്തിയത് .അല്പം മുന്നോട്ടു നീങ്ങി ശനീശ്വര ദേവസ്ഥാനത്തിന്റെ കവാടവും ബോ൪ഡുമൊക്കെ കാണാം.
 അമ്പലത്തിൽ കയറുന്നതിന് മുന്പ് വാതിലുകളും താഴുമില്ലാത്ത ഗ്രാമം കാണാൻ തീരുമാനിച്ചു .അങ്ങിനെ ഓട്ടോക്കാരൻ ചേട്ടനോട്   വാതിലുകളില്ലാത്ത വില്ലേജിലേക്ക് കൊണ്ട് പോകാൻ പറഞ്ഞു.അപ്പോ അദ്ദേഹം പറഞ്ഞു. "ഇവിടങ്ങിനെ കാണാൻ വേറൊന്നുമില്ല .ശനീശ്വരദര്ശനമാണ്  ഇവിടെ പ്രധാനമായുംനടത്തേണ്ടത് .വില്ലേജിലങ്ങിനെ കാണാനൊന്നുമില്ല .കൃഷിയാണോ നിങ്ങള്ക്ക് കാണേണ്ടത് ?"
വാതിലുകളും താഴുമില്ലാത്ത ഗ്രാമം കാണാനാണ് എന്ന് പറഞ്ഞപ്പോൾ ചുറ്റുപാടും നോക്കി അദ്ദേഹം പറഞ്ഞു ." ദാ  ഇവിടെ ഒരു കടയിലും വാതിലില്ല .ഇത് പോലെയാണ് ഇവിടെ മുഴുവൻ .ശനിദേവ് എല്ലാം കാത്തോളും ." അപ്പോളാണ് ഞങ്ങൾ കടകളിലേക്ക് ശ്രദ്ധിച്ചത് .ശരിയാണ് ഒരു കടയ്ക്കും വാതിലില്ല .ഹോട്ടലിനും സ്റ്റേഷനറി കടയ്ക്കും ഒന്നിനും വാതിലില്ല പകരം മൂടിയിടുന്നതിന് ക൪ട്ടനുകളുണ്ട്. എതായാലും രാവിലെ കേറി ആഗ്രഹിച്ചതല്ലേ ,വില്ലേജിലൂടെ ഒന്ന് കറങ്ങി വരാൻ തീരുമാനിച്ചു .ഒരു പത്ത് ഇരുപത്  മിനുട്ട് കറങ്ങിയപ്പോളേക്കും മതിയായി .പാടങ്ങളുടെ നടുവിലൂടെയാണ് ഇന്നു രാവിലെ മുതലുള്ള യാത്ര .അത് കൊണ്ട് അങ്ങോട്ടൊന്നും പോകണ്ട വീടുകളുടെ ഭാഗത്ത്‌ കൂടി കറങ്ങിയാൽ മതിയെന്ന് ഓട്ടോക്കാരനോട് പറഞ്ഞു.ചില ഊടുവഴികളിലൂടെയുമൊക്കെ അയാള് ഞങ്ങളെ കൊണ്ട് പോയി .അവിടെല്ലാം ഞങ്ങളുടെ ശ്രദ്ധ വാതിലുള്ള ഏതെങ്കിലും കെട്ടിടം കണ്ടു പിടിക്കാൻ പറ്റുമോ എന്നായിരുന്നു .പക്ഷെ ഞങ്ങൾ പരാജയപ്പെട്ടു .ഒരു കെട്ടിടത്തിനു പോലും കട്ടിളയല്ലാതെ വാതിൽ കാണാൻ കഴിഞ്ഞില്ല .
ദേവസ്ഥാനത്തിനു മുന്നിലെത്തിയപ്പോ ഓട്ടോ ചേട്ടൻ ഒരു നമ്പരിട്ടു .അയ്യാളുടെ അളിയന്റെ കടയുണ്ട് ഇവിടെ ബാഗും ചെരിപ്പുമൊക്കെ  അവിടെ വെക്കാം .അകത്തു കടന്നാൽ അതിനൊന്നും സൌകര്യമില്ലത്രേ ..പക്ഷെ അയാളിതു പറയുമ്പോളും എന്ട്രൻസ്  ഗേറ്റിനു സമീപം തന്നെ വലിയ അക്ഷരത്തിൽക്ലോക്ക് റൂം , ഫ്രീ സ൪വീസ് എന്നെഴുതിയ വലിയ ബോ൪ഡു ഞങ്ങള്ക്ക് കാണാമായിരുന്നു .സ്നേഹത്തിനു നന്ദി പറഞ്ഞ് ഓട്ടോ പറഞ്ഞു വിട്ടു. ബാഗ് അകത്തു കൊണ്ട് പോകുന്നതിന് തടസ്സമൊന്നുമില്ല . സെക്യൂരിറ്റി പരിശോധനയുണ്ട്‌ . ചെരിപ്പ്  കൌണ്ടറിലേല്പിച്ച് ദ൪ശനത്തിനുള്ള ക്യൂവിലെക്കു കയറി .തിരക്കുണ്ടെങ്കിലും ക്യൂ വേഗം ചലിക്കുന്നുണ്ട് .സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് ഒരു കോണ്‍ ക്രീറ്റ്  ഇടനാഴിയിലെ ക്യൂ കോംപ്ലക്സിലെക്കാണ് കടക്കുന്നത്‌ . ക്യൂവിലൂടെ ചെന്ന് ഒരു ക്ഷേത്രത്തിന്റെ മുന്നിലെത്തി .ആളുകള് തിരക്കുണ്ടാക്കിത്തുടങ്ങി. ക്ഷേത്രം കണ്ടത് പൂജകളും ഹോമങ്ങളും മറ്റും നടത്തുന്ന സ്ഥലമാണ് .ചില ഉപദേവത വിഗ്രഹങ്ങളും ഇതിനുള്ളിലുണ്ട് . ഈ മന്ദിരത്തിന് എതി൪ വശത്ത്  വിശാലമായ ഗ്രൗണ്ടിൽ നിര്മ്മിച്ച ഒരു പീഠത്തിനു  മുകളിലാണ് ശനീശ്വര പ്രതിഷ്ഠ .ഒരു കറുത്ത ശിലയാണ് ശനിദേവന്റെ ഇവിടുത്തെ പ്രതിഷ്ഠ .അതിൽ എണ്ണ കൊണ്ട് തുടര്ച്ചയായി അഭിഷേകം നടന്നു കൊണ്ടേയിരിക്കുന്നു .ആളുകള് അവിടേക്ക് പൂമാലകളും പൂക്കളും വാരി എറിയുന്നു. ഇവിടുത്തെ കോണ്‍ ക്രീറ്റ് കെട്ടിടങ്ങൾക്ക് ഒരു പാട് കാലപ്പഴക്കമില്ല. അടുത്ത കാലത്തായി വലിയ തോതിൽ തീ൪ഥാടകരുടെ വര്ധന ഉണ്ടായിട്ടുള്ളതായി നമുക്ക് മനസ്സിലാകും . പ്രതിഷ്ഠയ്ക്ക് പിന്നിലായി ഒരു വലിയ വേപ്പ് മരമുണ്ട് .ഈ മരത്തിന്റെ ശിഖരങ്ങളുടെ നിഴൽ ഒരിക്കലും പ്രതിഷ്ഠ യ്ക്ക്  മുകളിൽപതിക്കില്ല .അഥവാ നിഴലു വീഴുന്ന രീതിയിൽ ശിഖരം വള൪ന്നാൽ അത് തനിയെ ഒടിഞ്ഞു വീഴുമത്രേ . വിശാലമായ ഒരു മൈതാനമാണ് ഇവിടം .അതിൽ നിറയെ ആര്യവേപ്പ് ഉള്പ്പെടെയുള്ള മരങ്ങൾ നട്ടു പിടിപ്പിച്ചിട്ടുണ്ട് .ആളുകള്ക്ക് ധ്യാനിക്കുന്നതിനും പുരാണ ഗ്രന്ഥപാരായണം നടത്തുന്നതിനും ചില സ്ഥലങ്ങൾ തിരിച്ചിട്ടിരിക്കുന്നു.വലിയ സന്തോഷം തോന്നി .സാധാരണ ഇത്തരം തീര്ഥാടന കേന്ദ്രങ്ങളിൽ തിരക്ക് കൂടും തോറും വൃക്ഷം വെട്ടിയും കെട്ടിടം പണിതുമാണ് വികസനം നടത്താറ് .ഇവിടെ കെട്ടിടം പണിതിട്ടുണ്ടെങ്കിലും അവിടെ ധ്യാനത്തിനും മറ്റും സ്ഥലം മാറ്റി വെച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ് . പ്രസാദവിതരണവും അവിടെ നടക്കുന്നുണ്ട് . അങ്ങിനെ ദ൪ശനത്തിനു ശേഷം പുറത്തേക്കിറങ്ങി .









ഈ യാത്രയിൽ ഏറ്റവും ചെലവു കുറഞ്ഞ ഭക്ഷണം ലഭിച്ചത് ശനി ശിഗ്നാപ്പൂരിലാണ് .താലി ഊണും നാലഞ്ചു റോട്ടികളും എന്തൊക്കെയോ സബ്ജികളൂമൊക്കെയായി രണ്ടു പേര്ക്ക് കഴിക്കാവുന്ന ഉച്ച ഭക്ഷണം 30 രൂപയ്ക്ക് .ഊണ് കഴിഞ്ഞ്  ബസ്സ്‌ സ്റ്റാ ന്റ്  തിരക്കി .തെരുവിലെ തിരക്കിലൂടെ ചില കടകളിലൊക്കെ കയറി നടന്നു. ഒടുവിൽ ഷി൪ദ്ദിയിലേക്ക് ഒരു മിനി വാനിൽ യാത്ര .ഒരാള്ക്ക് 50 രൂപയാണ് റേറ്റ് .

Tuesday 8 April 2014

DECCAN-MAHARASHTRA

14/11/2013 DECCAN-MAHARASHTRA

ഡക്കാണ്‍ പീഠഭൂമിയിലേക്ക്‌ :

2013 നവംബ൪ 14 ന് രാത്രി കൊച്ചിയിൽ നിന്നും പൂ൪ണ്ണ എക്സ് പ്രസ്സിൽ യാത്ര തുടങ്ങുമ്പോൽ വാതിലുകളില്ലാത്ത ഇന്ത്യ൯ ഗ്രാമം ശനിശിഗ്നാപ്പൂരും പിന്നെ അജന്ത- എല്ലോറ ഗുഹകളുമായിരുന്നു ലക്‌ഷ്യം .ടിക്കറ്റു ബുക്ക് ചെയ്തതിനു ശേഷം ചില മനക്കണക്കുകൾ ഉണ്ടാക്കിയിരുന്നെങ്കിലും യാത്രാവേളയിൽ അത്തരം യാതൊരു പ്രോഗ്രാം ഷെഡ്യൂളും കയ്യിലെടുത്തിരുന്നില്ല.
സ്ലീപ്പ൪ കോച്ചിലെ രാത്രിയുറക്കം ..നേരം പുലരുമ്പോൾ വണ്ടി കര്ണാടകത്തിൽ..മംഗലൂരും ഉടുപ്പിയും കടന്ന്  കൊങ്കണ്‍ പാതയിലെ തുരങ്കങ്ങളിലൂടെയും മലമടക്കുകളിലൂടെയും വണ്ടി കടന്നു നീങ്ങി .പൂനെയിൽ സ്ഥിരതാമസമാക്കിയ ഓ൪ഡിനൻസു ഫാക്ടറി ഉദ്യോഗസ്ഥൻ മാത്യു സാറും കുടുംബവും ആയിരുന്നു അടുത്ത സീറ്റിൽ .അദ്ദേഹത്തിന്റെ മകൻ അപ്പു ക്രിക്കറ്റ് പ്രേമിയാണ്‌ ..എന്റെ സുഹൃത്ത്‌ അഖിലും അപ്പുവും വാങ്കഡേ സ്റ്റേഡിയത്തിലെ ഏതൊക്കെയോ ക്രിക്കറ്റുകളികളെപ്പറ്റി വിശദമായി ചര്ച്ച ചെയ്യുന്നുണ്ട് .പതിയെ മാത്യു സാ൪ മൂന്നു കുത്ത് ചീട്ടു പുറത്തെടുത്തു ..പിന്നങ്ങോട്ട്‌ ആവേശകരമായ റമ്മി കളി ..മഡ് ഗാവിൽ നിന്നും ബെൽഗാമിലെക്കുള്ള യാത്ര കൊടും വനാന്തരങ്ങളിലൂടെയാണ്.പശ്ചിമഘട്ടത്തിലെ ദക്ഷിണഗോവ -ഉത്തര കര്ണാടക അതി൪ത്തിയിലെ ഭഗവാ൯ മഹാവീ൪ വന്യജീവിസങ്കേതത്തിനുള്ളിലൂടെയാണ് റെയിൽപ്പാത കടന്നു പോകുന്നത് .പ്രശസ്തമായ ദൂധ് സാഗ൪ വെള്ളച്ചാട്ടം ഈ യാത്രയിൽ കാണാം.നാല് നിലകളിലായി മണ്ടോവി നദിയിലെ ഈ വെള്ളച്ചാട്ടതിന്റെ 2 ഭാഗങ്ങൽ റെയിൽ പ്പാളത്തിനു മുകള്ഭാഗത്തും 2 ഭാഗങ്ങൽതാഴെയുമാണ്.ഒട്ടേറെ ചെറുപ്പക്കാ൪ റെയിൽവേ ട്രാക്കിലൂടെ ദൂധ് സാഗ൪ ട്രെക്കിങ്ങിനു പോകുന്നുണ്ട് . തുരങ്കങ്ങൽക്കുള്ളിലൂടെയും പ്രകൃതിരമണീയമായ വനഭംഗികളിലൂടെയും കാസിൽ റോക്ക്  സ്റ്റേഷനും കടന്ന്  രാത്രിയോടെ ബെൽഗാമിലെത്തി.അവിടെ നിന്നും സന്ഗ്ലി ,സത്താറ സ്റ്റേഷനുകളും പിന്നിട്ട് പുലര്ച്ചെ 5 മണിക്കു തന്നെ പൂണെ സ്റ്റേഷനിൽ വണ്ടി എത്തി .നല്ല ഉറക്കത്തിലായിരുന്ന എന്നെയും അഖിലിനെയും മാത്യുസ൪ വിളിച്ചെഴുന്നെല്പ്പിച്ചു. യാത്ര പറഞ്ഞു പോയ അദ്ദേഹം മടങ്ങി വന്ന് എന്റെ ഫോണ്‍ നമ്പ൪ വാങ്ങി .ആവശ്യങ്ങളു ണ്ടെങ്കിൽ വിളിക്കണമെന്നു പറഞ്ഞ് അദ്ദേഹത്തിന്റെ നമ്പരും തന്നു .സ്റ്റേഷനു പുറത്തിറങ്ങി ഹോട്ടലന്വേഷിച്ചു .അധികം അകലെയല്ലാതെ ബസ് സ്റ്റാന്റിനു സമീപം ഒരു ലോഡ്ജിൽ മുറിയെടുത്തു .ഫ്രെഷ് ആകേണ്ട  ആവശ്യം മാത്രമേയുള്ളൂ എന്ന് പറഞ്ഞിട്ടും ലോഡ്ജുകാരൻ വാടക കുറച്ചു തന്നില്ല . ഒരു ചെറു വിശ്രമം .അതിനു ശേഷം ബസ് സ്റ്റാന്റിലെക്കു നീങ്ങി.






അപ്പു
റമ്മികളിയിൽ





ദൂധ്  സാഗ൪ ട്രെക്കിംഗ് പോകുന്ന ചെറുപ്പക്കാ൪
ദൂധ്  സാഗ൪ ട്രെക്കിംഗ് പോകുന്ന ചെറുപ്പക്കാ൪



Saturday 5 April 2014

KAATHMANDU -NEPAL 17

30/04/ 2013 KAATHMANDU

കുമാരിഘറിൽ  നിന്നും ഇറങ്ങി വീണ്ടും ദര്ബാര്സ് ക്വ യറിലെ  വിവിധ ക്ഷേത്രങ്ങളും ഗോപുരങ്ങളും മാ൪ക്കറ്റും കണ്ടു നടന്നു.വൈകുന്നേരം സമയം ചെലവിടാനെത്തുന്ന പ്രാദേശികരും സന്ദര്ശകരും ചെറുപ്പക്കാരും ദര്ബാര്സ് ക്വ യറിനെ സജീവമാക്കുന്നു . കുറച്ചു നേരം ഏതൊക്കെയോ പേരറിയാത്ത കെട്ടിടങ്ങളിൽ ഇരുന്നു വിശ്രമിച്ചു. ഇനി തമേലിലേക്കാണ് പോകേണ്ടത് .അവിടെയാണ് ഇന്നലെ രാത്രി?? അല്ല ഇന്ന് പുലര്ച്ചെ എത്തി മുറി എടുത്തിരിക്കുന്നത് .പോകുന്നത് കാത് മണ്ടു നഗരത്തിന്റെ പ്രധാന സ്ട്രീറ്റു കളിലൂടെ വേണം.ഇന്ന് രാത്രി ടൂറിസ്റ്റു പ്രദേശമായ തമേലിന്റെ നിശാക്കാഴ്ച്ചകളും കാണണം.അതിനു മുന്നേ അത്യാവശ്യമായി എന്തെങ്കിലും കഴിക്കണം.. വിശപ്പിന്റെ ആഘോഷം ..ഏതാണ്ട് അരക്കിലോമീറ്റ റിലധികം തിരക്കേറിയ മാര്ക്കറ്റിനുള്ളിലൂടെ നടന്നു ..വസ്ത്രശാലകളും  ആഭരണശാലകളുമെല്ലാം മാര്ക്കറ്റിനുള്ളിൽ പ്രത്യേകം പ്രത്യേകം ഏരിയകളിൽ നല്ല തിരക്കോടെ പ്രവര്ത്തിക്കുന്നു .മാര്ക്കറ്റിനുള്ളിൽനിന്നും പ്രധാന റോഡുകളിലൊന്നിലേക്ക് കയറി ഹോട്ടൽ അന്വേഷിച്ച് അലയാൻ തുടങ്ങി.ആ  ഏരിയയിൽ റസ്റ്റോറണ്ടു കൾ കുറവാണെന്ന് തോന്നുന്നു.കുറെ അന്വേഷണത്തിനു ശേഷം കണ്ട ഒരു റസ്റ്റോറന്റിൽ കയറി മാമോസും ചായയും കഴിച്ച് വിശപ്പിനു തല്ക്കാല ശമനം വരുത്തി.ഇനി തമെലിലേക്ക് നടക്കാം ..എല്ലാ കവലകളും ഒരു പോലെ തോന്നി.ഒരെണ്ണം കാണുമ്പോൾ തോന്നും രാവിലെ ഇതിലെ വന്നതാണെന്ന് ..അടുത്തത് കാണുമ്പോളും അത് തന്നെ തോന്നും..അതുകൊണ്ട് എല്ലാ ജങ്ക്ഷനുകളിലും വഴി ചോദിച്ച്   വഴി ചോദിച്ച്  തമേലിലെത്തിപ്പെ ട്ടു.






റൂമിലെത്തി നന്നായൊരു കുളിയും  കഴിഞ്ഞ് റിസപ്ഷനിൽ താമേലിന്റെ കാഴ്ചകൾ ചോദിച്ചറിഞ്ഞു . വിദേശി കളായ ടൂറിസ്റ്റുകളാണ് താമെലിലധികവും ഉണ്ടാകുക .അത് കൊണ്ട് തന്നെ അവര്ക്ക് വേണ്ട എല്ലാ സൌകര്യവും ചെയ്തു കൊടുക്കാൻ ഇവിടുത്തെ ആളുകൾ തയ്യാറാകുന്ന കാഴ്ച നമുക്ക് കാണാം ..രാത്രിയാകുമ്പോളേ യ്‌ക്കും താമേൽ തെരുവുകൾ ഉണരുന്നു .പിന്നെ വീഥികൾ മുഴുവൻ അലഞ്ഞു നടക്കുന്ന സഞ്ചാരികളും അവരെ കാൻവാസു  ചെയ്യുന്ന ലോക്കൽ ആളുകളുമാണ് .നേപ്പാളിൽ മദ്യശാലകൾ ഇല്ല .മറിച്ച് ഒരു പെര്മിറ്റും കൂടാതെ ഏതു കടയിലും മദ്യവും ബിയറും വില്ക്കുന്നു .നേപ്പാളി ചായക്കടകളിൽ പോലും മദ്യം കിട്ടും.ഇവിടെ താമെലിൽ വൈകുന്നേരം മുതൽ ഹോട്ടലുകളും ബാറുകളും ഡാൻ സ്  ബാറുകളും അത് പോലെ കടകളും തിരക്കിലേക്കു നീങ്ങും .രാത്രി 10 മണിക്കും  മസാജ് പാ൪ലറുകൾ തുറന്നിരിക്കുന്നത് കാണാം.ഹോട്ടലുകളിൽ വിദേശിസംഗീത ജ്ഞരുടെ കണ്സേര്ട്ടുകളും ഡാൻസ് പ്രോഗ്രാമുകളും സഞ്ചാരികളെ ആകര്ഷിക്കാൻ ഒരുക്കുന്നു. പരിപാടികളുടെ പരസ്യ ബോര്ഡുകൾഹോട്ടലുകളുടെ മുന്നില് കാണാം . നാടൻ മുജ്റനൃത്ത ത്തിന്റെ പടം വെച്ച പരസ്യങ്ങളും ചിലയിടത്തൊക്കെ കണ്ടു. 
           ഇവിടെ ആഘോഷമാണ് എല്ലാം. എല്ലാവരും ടൂറിസ്റ്റുകൾ ..നാളെ രാവിലെ തിരികെ പോകാനുള്ളവർ അതുമല്ലെങ്കിൽ അടുത്ത ഡസ്റ്റിനേഷനിലേക്ക് നീങ്ങാനുള്ളവ൪ .എല്ലാ കെട്ടിടങ്ങളും മള്ട്ടികള൪ ബോ൪ഡുകൾകൊണ്ടും ബള്ബ് കൽ കൊണ്ടും അലംകൃതമായിരിക്കുന്നു .
              തെരുവിലെ തിരക്കിലൂടെ കാഴ്ച കണ്ടു ഞങ്ങൾ നടന്നു. ഇറ്റാലിയൻ , ജാപ്പനീസ്‌ ,ഫ്രഞ്ച് എന്ന് വേണ്ട എല്ലാ രാജ്യങ്ങളുടെയും തന്നെ മെനു പ്രദര്ശിപ്പിച്ച   ഹോട്ടലുകൾ.ഡാൻസ് ബാറുകൾ ,കാസിനോകൾ ,ഇടുങ്ങിയ തെരുവിലൂടെ നടക്കുമ്പോൾ പതിനഞ്ചോ അതിൽ കുറവോ പ്രായമുള്ള ചില കുട്ടികൾഅടുത്ത് വന്ന് പതിയെ ചോദിക്കുന്നു ..'സാ൪ ,മസ്ദി ചാഹിയെ ..തേരാ ചൗദ സാൽകി ഹെ ...' ന ന പറഞ്ഞു വീണ്ടും നടന്നു ..ഇതേ ചോദ്യം ചോദിച്ച ഒരു പയ്യൻ ഞങ്ങളുടെ "ന " കേട്ട് അടുത്ത ചോദ്യം തൊടുത്തു ..എനി അദ൪ ഐറ്റം ,ഹാഷിഷ് സ൪ ..ഞടുങ്ങിപ്പോയി ..
ഇനി ആരെങ്കിലും ആവശ്യക്കാ൪ അവൻ പറഞ്ഞ സാധനം ചോദിച്ചു എന്നിരിക്കട്ടെ ...അത് കിട്ടുമോ സ്വന്തം കിഡ്നി പോകുമോ എന്ന് തമ്പുരാനു മാത്രമറിയാം . 
 എസ്കേപ്പു ചെയ്ത് വീണ്ടും തെരുവിന്റെ അങ്ങേ മൂല മുതൽ ഇങ്ങേയറ്റം വരെ നടന്നു.അപ്പോഴേക്കും  ഏതാണ്ട് അ൪ദ്ധ രാത്രിയായി. ഒരു ഫ്രഞ്ചു ബാൻ ഡിന്റെ ലൈവ് ഷോ പരസ്യം വെച്ച ഹോട്ടലിൽ കയറി .അപ്പോഴേക്കും പരിപാടി തീര്ന്നത് കൊണ്ട് അവിടെ നിന്നിറങ്ങി ഒരു ടെ റ സ്  ടോപ്പ്  റെ സ്റ്റൊ റ ന്റിൽ രണ്ടു മെഴുകുതിരി വെട്ടത്തിൽ ഞാനും അനിയനും  കാൻ ഡിൽ ലൈറ്റ് നേപ്പാളി താലി ഡിന്നറും കഴിച്ച് റൂമിലേക്ക്‌ മടങ്ങി.
01 / 05 / 2014 
ഉച്ചക്ക് ശേഷമാണ്  കാത് മണ്ടുവില്നിന്നു ഡല്ഹിയിലേക്ക് ഞങ്ങള്ക്ക് മടങ്ങാനുള്ള ഫ്ലൈറ്റ് .. അത് കൊണ്ട്  രാവിലെ ഏറെ വൈകിയാണ് എണീറ്റത് .കൊടുമുടികളുടെ നാടായ ,ജീവിക്കുന്ന ദേവതക ളു ള്ള നാടായ ഹിമവാന്റെ മടിത്തട്ടിലെ ഹിന്ദു ,ടിബറ്റൻ ,ബുദ്ധ ,ഗോത്ര സംസ്കാരങ്ങളുടെ നാടായ നേപ്പാളിലേക്ക് ഒരു ചെറു സന്ദര്ശനം സാധ്യമായതിന്റെ സന്തോഷം. അന്നപൂ൪ണ്ണ ,മച്ച പുച്ചാരെ കൊടുമുടികൾ കുറച്ചു അകലെ നിന്നാണെങ്കിലും കാണാൻ കഴിഞ്ഞതാണ് ഈ യാത്രയിലെ ഏറ്റവും പ്രധാന സന്തോഷം .പിന്നെ ഏതൊരു ഇന്ത്യാക്കാരനെയും പോലെ കാശിയെന്നും ബദരിയെന്നും കൈലാസമെന്നും ഗംഗയെന്നുമൊക്കെ കേൾക്കുമ്പോൾ ഉള്ളിലുണരുന്ന ഒരു പ്രത്യേക ഭാവമുണ്ടല്ലോ. പശുപതിനാഥ ക്ഷേത്രദര്ശനം അതും പുണ്യകരം .കേദാ൪നാഥ് ,ബദരിനാഥ് യാത്ര കഴിഞ്ഞപ്പോൾ മുതലാഗ്രഹിക്കുന്നതാണ് മുക്തിനാ ഥ തീ൪ത്ഥാടനം . മുക്തിനാഥിലേക്ക്  പോകാനുള്ള വഴി ഈ യാത്രയിലാണ് കിട്ടിയത്. പോക്കാരയിൽ നിന്നും ജോം സം വഴി അന്നപൂ൪ണ്ണയുടെ താഴ്വരയിലൂടെ മുക്തിനാഥിലെത്താം .ഇനിയൊരവസരത്തിൽ നേപ്പാളിൽ മുക്തിനാഥ് തീ൪ത്ഥയാത്ര ക്കായി എത്തണം.
 ഉച്ചയ്ക്കുമുന്പേ എയ൪ പോര്ട്ടിലെത്തണം .താമെലിൽ നിന്നും ടാക്സിയിൽ അര മണിക്കൂ൪  യാത്ര മാത്രമേയുള്ളൂ ത്രിഭുവൻ എയ൪ പോര്ട്ടിലെയ്ക്ക് .10.30 കഴിഞ്ഞപ്പോഴേ ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ് ഞങ്ങൾ റെഡിയായി .ഒന്ന് കൂടി പുറത്തു ചുറ്റാൻ ഇറങ്ങി.പോഖാരയിലെക്കും തിരിച്ചുമുള്ള അടുപ്പിച്ച രാത്രിയാത്ര നടുവിന്റെ ബൊള്ട്ടെളക്കിയിട്ടുണ്ട് .എന്നാലും നാല് ദിവസത്തെ ഷോര്ട്ട് ട്രിപ്പിന്റെ സമയ പരിമിതിയിൽ ഉദ്ദേശിച്ചതിൽ മാക്സിമം സ്ഥലങ്ങളും (കാത് മണ്ടു ,പോക്കാറ നഗരങ്ങളിൽ) കവറു ചെയ്തു .
 കറക്കം കഴിഞ്ഞ് വീണ്ടും ഹോട്ടലിലെത്തി മാനേജര് ദീദിയോടു ബാത്ത് (ഊണ്) തരാമോ എന്ന് ചോദിച്ചു. കത്രിക്കാ കറി കൂട്ടി ഊണും കഴിച്ച് ത്രി ഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി ..കൈയിലുണ്ടായിരുന്ന കുറച്ചു നേപ്പാളി മണീസ് മാറി എടുക്കാമെന്ന് വിചാരിച്ചപ്പോൾ മണി ട്രാൻസ് ഫ൪ കാരൻ അമ്പിനും വില്ലിനും അടുക്കുന്നില്ല .ലവന്റെ കൈയിലെ ഇന്ത്യൻ മണി മുഴുവൻ തീര്ന്നു പോയത്രേ ...സ്പൈസ് ജറ്റിന്റെ ഒരു ഉദ്യോഗസ്ഥനെയും കൂട്ടി ചെന്ന് അയാൾ അകത്തു കയറി വലിയ നോട്ടുകൾ ഉണ്ടായിരുന്നത് മാറ്റി തന്നു.അവര്ക്ക് വേണ്ടത് ഇന്ത്യൻ കറന്സിയാണ് .അത് കൊണ്ട് മനപ്പൂ൪വ്വം മാറ്റി തരാത്തതാണെന്ന് ഞങ്ങള്ക്ക് മനസ്സിലായി. കേരളത്തിലെ കൊച്ചി റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാന- ആധുനിക സൌകര്യങ്ങൾ  ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു പക്ഷെ കണ്ടെന്നു വരില്ല ..പക്ഷെ ഈ വിമാനത്താവളത്തിലൂടെ ഓരോ ദിവസവും കാത്മണ്ടുവിലെക്കും പോഖാരയിലേക്കും എവ റസ്റ്റു കാണാനും എത്രയോ രാജ്യക്കാർ ഇവിടെയെത്തുന്നു. .
    നേപ്പാളിലെ ആദ്യ ദിവസം അന്നപൂ൪ണ വ്യു പോയിന്റിലേക്കു പോകുമ്പോൾ ടാക്സി ഡ്രൈവ൪ ചോദിച്ച ചോദ്യം ഓര്ക്കുന്നു.സാബ്‍ജി ,ദില്ലിയിൽ ഒരു ടാക്സി ഡ്രൈവ൪ക്ക് എന്ത് ശമ്പളം കിട്ടും? എന്തായാലും ഏറ്റവും കുറഞ്ഞത്‌ പതിനായിരം കിട്ടുമെന്നു പറഞ്ഞപ്പോൾ അദ്ദേഹം വീണ്ടും ചോദിച്ചു. അത്രയും കിട്ടുമോ ?വെറുതെയല്ല ഇവിടെ ആരും ഇല്ലാത്തത് .എല്ലാവരും മറ്റു സ്ഥലങ്ങളിലേക്ക് പോകുകയാണ് ..ഇവിടാകെ കഷ്ടപ്പാടാണ് ..അപ്പൊ ഞാൻ ചോദിച്ചു 'ഇവിടെ നല്ല കൃഷിയൊക്കെ ഉണ്ടല്ല്ലോ .എല്ല്ലാത്തിനും വിലക്കുറവുമാണ് .പിന്നെന്താ കഷ്ടപ്പാട് ?
'അത് തന്നെയാണ് കഷ്ടപ്പാട് കൃഷി ചെയ്‌താൽ സാധനങ്ങള്ക്ക് വിലയില്ല .കാലാവസ്ഥ ആകെ മാറി .വിഷം അടിച്ച് കൃഷിയാകെ പോയി.പിന്നെ മദ്യം ..അങ്ങിനെ ഒരുപാട് ഒരുപാട് പ്രശ്നങ്ങൾ' 
അവിടെയുണ്ടു റോഡുകൾ ഇവിടെയുണ്ടു റോഡുകൾ അവിടെയും ഇവിടെയും റോഡുകളുണ്ട് എന്ന് പാടിയ  മാതിരി അവിടെയും ഇവിടെയുമൊക്കെ പ്രശ്നമുള്ളവന്റെ പ്രശ്നമൊക്കെ ഒന്ന് തന്നെയാണ്.
നേപ്പാൾ രാജാവിന്റെ പാലസ്സിനു മുന്നിലൂടെയും പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലൂടെയും കാറിൽ സഞ്ചരിച്ചപ്പോൾ തോന്നിയത് നമ്മുടെ നാട്ടിലെ ഒരു മുനിസിപ്പാലിറ്റിയിലെ റോഡു പോലും ഇതിലും വീതിയുള്ളതായിരിക്കും എന്നാണ് .പ്രൈം മിനിസ്ട റുടെ ബംഗ്ല്ലാവിനു മുന്നിലെ റോഡ്‌ വീതി കൂട്ടുന്ന ജോലികൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു ആ സമയത്ത്.
 ..ഇപ്പോളും രാജാവ് തന്നെയാണ് നേപ്പാൾ ഭരിക്കുന്നതെന്നാണ് ഒരു നേപ്പാളി മാമന്റെ അടുത്ത്  നിന്ന്  കേട്ടത്. പ്രചണ്ടയെക്കുറിച്ച് ചോദിച്ചപ്പോൾ അത് വെറുതെ എലക്ഷനു വേണ്ടിയല്ലേ എന്ന് മറു ചോദ്യം ..ഇലക്ഷന് വേണ്ടിയാണത്രേ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്.ഭരണമൊക്കെ രാജാവു  തന്നെ.....അവിടെ സുല്ല് 
            മറുപടിയില്ലാത്ത ചോദ്യങ്ങളുമായി നില്ക്കുന്ന സാധാരണക്കാരും കര്ഷകരും ,
വിശ്വാസത്തിന്റെ അനുഷ്ടാനത്തിന്റെ ബഹുവ൪ണ്ണക്കൊടികൾ പാറുന്ന തീ൪ഥാടന കേന്ദ്രങ്ങളിലെ സന്യാസിമാരും ഭിക്ഷുക്കളും ,
അന്നപൂർണ്ണയും എവറസ്റ്റും ഉള്പ്പെടെ ലോകനെറുകയിലേക്ക് പദം  വെച്ച് കയറാനൊരുങ്ങി എത്തിയിരിക്കുന്ന ആണും പെണ്ണുമടങ്ങുന്ന സാഹസികർ , 
താമേൽ തെരുവുകളിലെ ആഘോഷമായി മാറുന്ന വിനോദ സഞ്ചാരികൾ ,
ഇംഗ്ലീഷും എസ്പാനോളും കൈകാര്യം ചെയ്യുന്ന ടൂറിസ്റ്റു ഗൈഡുമാ൪, 

എല്ലാവരെയും സന്തുഷ്ടരാക്കാൻ  ആതിഥ്യത്തിന്റെ എളിമയുമായി നില്ക്കുന്ന നേപ്പാൾ
എല്ലാവര്ക്കും വിസ്മയമായി തലയുയർത്തി നില്ക്കുന്ന സാഗരമാതയും മച്ചപുച്ചാരെയും അന്നപൂർണ്ണയും കാഞ്ചൻജന്ഗയും ഉള്പ്പെടെ 8000 മീറ്ററിനു മേലുള്ള എട്ടു കൊടുമുടികൾ ...

 ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിനു മുന്നില്

സ്പൈസ്  ജറ്റ് എയര് വെയ്സിൽ ഡല്ഹിയിലേക്ക് മടക്കയാത്ര

 

നേപ്പാളിലേക്ക് 

ഇന്ത്യക്കാ൪ക്ക്  നേപ്പാളിലേക്ക് പോകാൻ പാസ്പോര്ട്ടിന്റെ ആവശ്യമില്ല .ഫോട്ടോ പതിച്ച നാഷണൽ ഐഡ ന്റിറ്റി കാ൪ഡിലേതെങ്കിലും മതി പാസ്‌ ലഭിക്കാൻ.
ഇന്ത്യയിൽ നിന്നും പല വഴികളിലൂടെ നേപ്പാളിലെത്താം .ഗോരഖ്പൂരിൽ നിന്നും സുനോളി ബോ൪ഡ൪ വഴിയും സിലിഗുരിയിൽ നിന്നും ഉള്ള റോഡുമാര്ഗവും (ഇവ കൂടാതെ വേറെയും വഴികളുണ്ട് ) കാത്ത് മണ്ടുവിലേക്ക്  വിമാനമാര്ഗവും എത്താം .
ഇന്ത്യൻ രൂപ  1 = 1.6 നേപ്പാളി രൂപ  ആയതിനാൽ താരതമ്യേന ചിലവു കുറവായിരിക്കും  നമുക്ക് .
1000  500 നോട്ടുകൾ ഒഴികെ മറ്റെല്ലാ ഇന്ത്യൻ നോട്ടുകളും നേപ്പാളിൽ ഉപയോഗിക്കാം .




DURBAR SQUARE -NEPAL 16

30 / 04/ 2013 DURBAR  SQUARE - KAATHMANDU

കുമാരി ഘ൪


       ദര്ബാര്സ് ക്വ യറിന്റെ ഒരു ഭാഗത്ത്‌ തന്നെയാണ് കുമാരി ചൌക്ക് . ഇവിടെയാണ്‌ നേപ്പാളിലെ ജീവിക്കുന്ന ദേവതയായ കുമാരിയുടെ ക്ഷേത്രം (വാസസ്ഥലം ).പ്രായപൂര്ത്തിയാകാത്ത ചെറിയ പെണ്‍കുട്ടിയാണ് തലേജു ദേവതയുടെ പ്രതിരൂപമായ കുമാരി .നേപ്പാളിന്റെ രാജ ഭരണത്തിലുൽപ്പെടെ കുമാരിയുടെ അംഗചലനങ്ങൾ പോലും സ്വാധീനം ചെലുത്തുന്നു .ശാക്യരീതിയിലുള്ള വിശ്വകര്മ്മ വിഭാഗത്തിലെ ഗോള്ഡ് സ്മിത്ത് സമുദായത്തിലെ പെണ്‍കുട്ടികളെയാണ് കുമാരി ദേവതയായി തെരഞ്ഞെടുക്കപ്പെടുന്നത് .

       കുമാരി ചൌക്കിലെ പാലസ്സില്നിന്നും പ്രത്യേക ചടങ്ങുകൾക്കല്ലാതെ കുമാരി പുറത്തിറങ്ങാറില്ല .കുമാരിയുടെ പാദം നിലത്തു തൊടാതെ സൂക്ഷിക്കുന്നതിന് പ്രത്യേകം സേവകരുണ്ട് .ഇപ്പോഴത്തെ കുമാരി മൂന്നാം വയസ്സു മുതൽ ദേവതാ പ്രതിരൂപമായി വല്ലപ്പോഴും സന്ദര്ശകര്ക്ക്   ദര്ശനം നല്കി ഇവിടെ വാഴുന്നു.നിലവിൽ കുമാരിക്ക് 8 വയസ്സുണ്ട് .
        കുമാരിമാ൪ ഋതുമതിയാകുന്ന സമയത്ത് അവരുടെ ദേവചൈതന്യം അവരെ വിട്ടു പോകുന്നു എന്നാണ് വിശ്വാസം ..തുടര്ന്നു പെന്ഷനോട് കൂടി ദേവതാ സ്ഥാനത്തു നിന്നും കുമാരിക്ക് പിരിയാം . ദേവതാ സ്ഥാനത് നിന്നും മാറിയാൽ സാധാരണ ജീവിതം നയിക്കുന്നതിന് ഈ പെണ്കുട്ടികള്ക്ക് തടസ്സമൊന്നുമില്ല .(പക്ഷെ ദേവതയായിരുന്ന പെണ്‍കുട്ടികളുടെ ഭ൪ത്താക്കന്മാ൪ ചെറുപ്പത്തിലേ മരണപ്പെടുമെന്ന് മറ്റൊരു വിശ്വാസവും ഇവിടുണ്ട് .)
                 പുരാതന നേപ്പാളി ശൈലിയിലാണ് കുമാരി ഘറിന്റെ നി൪മ്മാണവും .ചുവന്ന ഇഷ്ടിക കൊണ്ട് നിര്മ്മിച്ച കെട്ടിടത്തിന്റെ ജനലുകളും വാതിലു കളുമെല്ലാം നന്നായി കൊത്തു പണികൾ കൊണ്ടു മനോഹരമാക്കിയിട്ടുണ്ട് .ഇടുങ്ങിയ കവാടത്തിൽ അകത്തു കടക്കാനുള്ള സന്ദര്ശകരുടെ നല്ല തിരക്കു് .അതിനിടയിലൂടെ നൂണ്ടു കടന്ന് ഞങ്ങളും ക്യൂവിൽ ഇടം പിടിച്ചു. കവാടത്തിന്റെ പടിയിൽ പാസ്‌ നല്കുന്നുണ്ട്. അകത്തു കടന്നാൽ കാണുന്നത് വിശാലമായ ഒരു നടുമുറ്റ മാണ് .നമ്മുടെ നാട്ടിലെ നാലുകെട്ടുകളുടെ ഉള്ളിലെ നടുമുറ്റവും തുളസിത്തറയുമാണ്‌ ഓര്മ വന്നത് ..മൂന്ന് നിലകളിലായുള്ള കെട്ടിടത്തിന്റെ നടുമുറ്റത്തേക്ക് എല്ലാ വാതിലുകളും ജനാലകളും തുറക്കുന്നു ..എല്ലാ വശത്തും കൊത്തുപണിയുടെ സൌന്ദര്യം കുമാരി ഘറിനെ ആകര്ഷകമാക്കുന്നു. നടുമുറ്റത്ത്‌ ചില ചെടികളൊക്കെ നട്ടു വളര്ത്തിയിട്ടുണ്ട്. ഉള്ളിലേക്ക് കയറിയവരെല്ലാം കുമാരിയുടെ ദര്ശനത്തിന്  കാത്തു നില്ക്കുകയാണ് ..ശബ്ദമുണ്ടാക്കരുതെന്നും കുമാരി വരുമ്പോൽ കാമറയും മൊബൈലും ഓഫ് ചെയ്യണമെന്നും അവിടെയുള്ള സെക്യുരിറ്റി ജീവനക്കാർ എല്ലാവരോടുമായി പറയുന്നുണ്ട് .ഏതാണ്ട് പത്തു മിനുട്ട് മുകളിലെ കിളിവാതിലിൽ ഒരു അനക്കം ..ആരൊക്കെയോ വന്നു താഴേക്കു നോക്കുന്നു.അപ്പോൾ സെക്യുരിറ്റി ജീവനക്കാർവീണ്ടും കാമറയും മൊബൈലും ഓഫ് ചെയ്യണമെന്നും കുമാരി ഇപ്പോൾ ദര്ശനം തരുമെന്നും പറഞ്ഞു.എല്ലാവരുടെയും ശ്രദ്ധ മുകളിലെ കിളിവാതിലിലേക്കായി .അതാ ഞങ്ങൾ കാത്തിരുന്ന ജീവിക്കുന്ന ദേവത കിളിവാതിലിൽ എത്തി താഴേക്കു നോക്കി നില്ക്കുന്നു.കടും ചുവപ്പുവസ്ത്രമണിഞ്ഞ്‌  മുഖത്ത് മേക്കപ്പു ചെയ്ത് കണ്ണുകൾ നീളത്തിൽ എഴുതിയ കൊച്ചു ദേവത.കുട്ടിത്തം മാറാത്ത കുസൃതി കണ്ണുകൾ ..ഒന്നോ രണ്ടോ മിനുട്ട് അവിടെ നിന്ന ശേഷം ദേവത ഓടി മാറുന്നതു കണ്ടു . എല്ലാവരും കുമാരി ദര്ശന ത്തിനു ശേഷം പുറത്തേക്ക് ...ഞങ്ങളും ..വിശ്വാസത്തിന്റെ വിവിധ മുഖങ്ങളും രീതികളും സമ്പ്രദായങ്ങളും ..

 കുമാരി ഘറിന്റെ ഉള്ളിലെ നടുമുറ്റം

 മുകളിലെ കിളിവാതിലിലാണ് കുമാരി ദര്ശനം നല്കുന്നത് ..


 കുമാരിയെ ദര്ശി ക്കാൻ കാത്തു നില്ക്കുന്ന സന്ദര്ശകര് .

DURBAR SQUARE -NEPAL 15

30/04/2014 DURBAR SQUARE -KAATHMANDU

തലേജു ക്ഷേത്രം 

കാത്ത് മണ്ടുവിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രമാണ് തലേജു ടെമ്പിൾ .പതിനാറാം നൂറ്റാണ്ടിൽ മഹേന്ദ്ര മല്ല രാജാവാണ് ഈ ക്ഷേത്രം നിര്മ്മിച്ചത്. ഹിന്ദുമത വിശ്വാസികൾക്ക്  ഇത്   ദുര്ഗാ ക്ഷേത്രമായും ബുദ്ധമതക്കാ൪ക്ക്  താന്ത്രിക മൂര്ത്തി താരാ  സങ്കല്പത്തിലും തലേജു ക്ഷേത്രം പ്രധാനപ്പെട്ടതാണ്.
 തലേജു ക്ഷേത്രം
 തലേജു ക്ഷേത്രം

DURBAR SQUARE -KATHMANDU-NEPAL 14

30/04/2013 DURBAR SQUARE -KATHMANDU


UNESCO  ലോക പൈതൃക പട്ടികയിൽ ഉള്പ്പെടുത്തിയ പ്രദേശമാണ്  കാത് മണ്ടുവിലെ ദര്ബാ൪ സ് ക്വയ൪ അഥവാ ഹനുമാൻധോക്ക . .നേപ്പാൾരാജാവിന്റെ പാലസും ദര്ബാറും ഇവിടെയാണ്‌.കൊട്ടാരങ്ങളും ക്ഷേത്രങ്ങളും പരമ്പരാകൃതശൈലിയിലുള്ള കെട്ടിടങ്ങളും ചെറിയ മാര്ക്കെറ്റുകളും ഒക്കെയുണ്ട് ദര്ബാ൪ സ് ക്വയറിൽ .പതിനാറാം നൂറ്റാണ്ടിൽ പ്രതാപ മല്ല രാജാവ്  ദുഷ്ട ശക്തികളെയും രോഗങ്ങളെയും ഒഴിച്ച് നി൪ത്തു ന്നതിന്  ഹനുമാ൯ ധോക്ക പാലസിനു മുന്നില് ഹനുമാന്റെ ഒരു പ്രതിമ സ്ഥാപിച്ചു. അങ്ങിനെയാണു ഈ സ്ഥലത്തിന് ഹനുമാ൯ധോക്കഎന്ന് പേര് വന്നത്. കുമാരി ഘ൪ ,കാല ഭൈരവ ക്ഷേത്രം ,കാസ്ത മണ്ഡപം ,മഞ്ചു ദേവാൾ തുടങ്ങി ഒട്ടേറെ കാഴ്ചകളുണ്ട്‌ ദ൪ബാ൪സ് ക്വയറിൽ.

 മഞ്ചു ദേവാൾ

മഞ്ചു ദേവാലിന്റെ മുന്നിലാണ് ഡ്രൈവർ ഞങ്ങളെ കൊണ്ടുവിട്ടത്‌ .തിരികെ ഹോട്ടലിൽ എത്താനുള്ള  വഴിയും കാണാനുള്ള കാഴ്ചകളും അദ്ദേഹം പറഞ്ഞു തന്നു ..16 -നൂറ്റാണ്ടിൽ നിര്മ്മിച്ച മൂന്നു നിലയുള്ള കെട്ടിടമാണ് ഇത്. ഇതിനുള്ളിൽ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നു.നേപ്പാളി പഗോഡ ശൈലിയിലാണ് മഞ്ചു ദേവാലിന്റെ നിര്മ്മാണം നടത്തിയിരിക്കുന്നത്. ദ൪ബാ൪ സ് ക്വയറിലാകെ ഇത്തരത്തിലുള്ള കെട്ടിടങ്ങൾ ഒരു പാടുണ്ട് ..ശില്പ ചാതുരിയുള്ള കൊത്തു പണി കൊണ്ട് മിക്ക കെട്ടിടങ്ങളും അലങ്കരിച്ചിരിക്കുന്നു . തടിയിലുള്ള കെട്ടിടങ്ങളാണ് കൂടുതലും. ശിലാ ശില്പങ്ങളും ഇവിടെ കാണാനുണ്ട്.






കാലഭൈരവ ക്ഷേത്രം

തൊട്ടടുത്തു തന്നെയാണ്  കാലഭൈരവ ക്ഷേത്രം .തുറസ്സായ സ്ഥലത്ത്  കാലഭൈരവന്റെ വലിയ ഒരു പ്രതിഷ്ഠ. പൂജാ സാധനങ്ങളുടെയും വഴിപാടുകളുടെയും കച്ചവടം തിരക്കിൽ നടക്കുന്നുണ്ട്. കുങ്കുമവും നെയ്‌ ദീപങ്ങളും വാങ്ങി ഭക്ത൪ വഴിപാടും പ്രാ൪ത്ഥനയും നടത്തുന്നു.ക്ഷേത്രത്തിന്റെ മുന്നിലെ തിരക്കിൽ കയറി ദര്ശനം നടത്തി ഞാനും ആ തിരക്കിന്റെ കൂടെ ഒരു ഭക്തനായി ...


 ജഗന്നാഥ ക്ഷേത്രവും പ്രതാപ് ധ്വജവും 

ഒരു ഒറ്റക്കൽ തൂണിന്റെ മുകളിൽ പാലസിനു അഭിമുഖമായി പ്രതാപ മല്ല രാജാവിന്റെ വെങ്കല പ്രതിമ ..ജഗന്നാഥ ക്ഷേത്രത്തിനു മുന്നിലാണ് ഈ ധ്വജം .ക്ഷേത്രത്തിലും പരിസരത്തും നിറയെ പ്രാവുകൽ..ദ൪ബാ൪ സ് ക്വയറിന്റെ എല്ലാ ഭാഗത്തും നിറയെ പ്രാവുകളെ കാണാം .