Tuesday 22 December 2020

കലയുടെ ശിൽപ്പോദ്യാനമായ ഖജുരാഹോയിലെ ഡാൻസ് ഫെസ്റ്റിവലിൽ ഒരു മഞ്ഞുള്ള രാവിൽ

    ചന്ദേല രാജാക്കന്മാരുടെ ആഗ്രഹത്താൽ  അതിവിദദ്ധരായ ശിൽപ്പകലാകാരന്മാർ നിർമ്മിച്ച ഖജുരാഹോയിലൂടെ നടക്കുമ്പോൾ കാഴ്ച്ചയുടെ മനോഹാരിതകളാണ് ചുറ്റും. അതിശയം കൂറുന്ന കണ്ണുകളോടെയാണ് കന്ദാരിയ ക്ഷേത്രത്തിനു മുന്നിലും മറ്റും നിൽക്കാനായത്. ഈസ്റ്റേൺ ഗ്രൂപ്പിലെ വാമന ക്ഷേത്രത്തിൽ നിന്നു തുടങ്ങി സതേൺ ഗ്രൂപ്പിലെ ദുൽഹമന്ദിറും ബീജമണ്ഡലും പിന്നെ വെസ്റ്റേൺ ഗ്രൂപ്പിൽ കന്ദാരിയ മഹാദേവ ക്ഷേത്രം ,ലക്ഷ്മണ ക്ഷേത്രം, ജഗദംബ ക്ഷേത്രം ., ചിത്രഗുപ്ത ക്ഷേത്രം ,വിശ്വനാഥ ക്ഷേത്രം തുടങ്ങി പുരാതനമായ ചൗസാത് യോഗിനി ക്ഷേത്രവും ഇന്നു സന്ദർശിച്ചു. എങ്കിലും ഒരു ക്ഷീണവും തോന്നുന്നില്ല. മറിച്ച് സന്തോഷമാണ്. ഒരു തരം ആനന്ദമാണ് അനുഭവപ്പെടുന്നത്.  


    സഹയാത്രികരെല്ലാവരും തന്നെ ഉത്സാഹത്തിലാണ്. കലയെ സ്നേഹിക്കുന്നവർ ഇവിടെത്തിയേ തീരൂ. അത്രയ്ക്ക് മനോഹരങ്ങളായ ശിൽപ്പസമുച്ചയങ്ങളാണ് ഇവിടുത്തെ ഓരോ നിർമ്മിതിയും. ഖജുരാഹോയിലെ തപാൽപെട്ടി കണ്ടപ്പോൾ ഒപ്പമുണ്ടായിരുന്ന നാരായണൻ സാറിന് ( നയനൻ കൽപ്പറ്റ ) ഒരു ഫോട്ടോയെടുത്തേ തീരൂ. മുൻ തപാൽ വകുപ്പ് ജീവനക്കാരനായ അദ്ദേഹത്തിന് ഇന്ത്യാ പോസ്റ്റ് എന്നെഴുതിയ ആ തപാൽപ്പെട്ടിയോട് വൈകാരികമായ അടുപ്പവും സ്നേഹവും ഇപ്പോഴുമുണ്ട്. അത്യാവശ്യം തണുപ്പുള്ള കാലാവസ്ഥയായിരുന്നതിനാലാകാം അത്ര ക്ഷീണം തോന്നാത്തത്. തിരികെ റൂമിൽ പോയി ഒന്ന് ഫ്രെഷായിട്ട് ഏഴു മണിയോടെ വീണ്ടും പുറത്തേയ്ക്കിറങ്ങി. 


      പ്രശസ്തമായ ഖജുരാഹോ ഡാൻസ് ഫെസ്റ്റിവൽ നടന്നുകൊണ്ടിരിക്കുകയാണ്. നൃത്തമേളയും മേളാനഗരിയും കാണണം. ഒപ്പമുണ്ടായിരുന്ന സഹയാത്രികർ നേരത്തേ തന്നെ ഇറങ്ങിയിരുന്നു. ഞങ്ങൾ താമസിക്കുന്ന കാസാ ഡി വില്ല്യം എന്ന ഹോട്ടലിൽ നിന്ന് വളരെ അടുത്താണ് ഫെസ്റ്റിവൽ നടക്കുന്നത്. വളരെ മനോഹരമായി ഒരുക്കിയ കവാടങ്ങളും അലങ്കാരങ്ങളും കടന്ന് നൃത്തവേദിയിലേയ്ക്ക് ചെന്നു. ഖജുരാഹോ വെസ്റ്റേൺ ഗ്രൂപ്പ് ക്ഷേത്രത്തിന്റെ പിൻഭാഗത്തായാണ് ഈ ഫെസ്റ്റിവലിന്റെ വേദി. അതിസുന്ദരമായ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നൃത്തവേദി. ദീപവിതാനങ്ങളാൽ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട് പരിസരം. ഞാൻ എത്തുമ്പോൾ ഒരു നൃത്തം അവസാനിച്ചിരുന്നു. അടുത്തതായി ഒഡീസി നൃത്തമാണ് അരങ്ങേറിയത്. മൈതാനത്തെ കസേരകൾ മിക്കവാറും നിറഞ്ഞിരിക്കുന്നു. ഞാനും കാണികൾക്കിടയിൽ ഒഴിഞ്ഞു കിടന്ന ഒരു കസേരയിലേയ്ക്ക് നീങ്ങി. ദൂരെയിരിക്കുന്നവർക്ക് വ്യക്തമായി ആസ്വദിക്കുന്നതിന് പ്രൊജക്റ്റർ സ്ക്രീനുകളും മൈതാനത്ത് സ്ഥാപിച്ചിട്ടുണ്ട്. 


       1975 ലാണ് ഇവിടെ ഡാൻസ് ഫെസ്റ്റിവൽ ആരംഭിച്ചത്. കലയുടെ കേളീരംഗമായ ഖജുരാഹോയുടെ ടൂറിസത്തിന്റെ വികസനത്തിനും കലാരൂപങ്ങളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ മേള ആരംഭിച്ചത്. എല്ലാ വർഷവും ഫെബ്രുവരി മാസം ഇരുപതാം തീയതി മുതൽ ഒരാഴ്ച്ചക്കാലമാണ് ഡാൻസ് ഫെസ്റ്റിവൽ നടത്തിവരുന്നത്. കഥക് , കുച്ചുപ്പുടി , ഭരതനാട്യം, മോഹിനിയാട്ടം, മണിപ്പൂരി, ഒഡീസി തുടങ്ങി ശാസ്ത്രീയ - പാരമ്പര്യ നൃത്തരൂപങ്ങളാണ് നൃത്തോത്സവത്തിൽ അവതരിപ്പിക്കപ്പെടുന്നത്. അതത് നൃത്തരൂപങ്ങളിൽ വൈദഗ്ദ്യം നേടിയ  ദേശീയതലത്തിൽ തന്നെ ശ്രദ്ധേയരായ  പ്രമുഖരാണ് കലാരൂപങ്ങൾ അവതരിപ്പിക്കുന്നത്.  മധ്യപ്രദേശ് സംസ്ഥാന സാംസ്കാരിക വകുപ്പാണ് ഈ നൃത്തോത്സവത്തിന്റെ മുഖ്യസംഘാടകർ. വിവിധ കലാ സാംസ്കാരികസ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെയാണ് ഈ സാംസ്കാരിക മേള നടത്തപ്പെടുന്നത്. 


              മണിപ്പൂരി നൃത്തം തീരാറായപ്പോൾ ഞാൻ മെല്ലെ പുറത്തേയ്ക്കിറങ്ങി. നൃത്തോത്സവത്തിന്റെ മേളാനഗരിയിലൂടെ ഒന്നു കറങ്ങാമെന്നു കരുതിയാണ് പുറത്തിറങ്ങിയത്. നാടൻ ഉൽപ്പന്നങ്ങളും കൈത്തറി  വസ്ത്രങ്ങൾ തുടങ്ങി ട്രൈബൽ മേഖലയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വരെ സ്റ്റാളുകളിൽ കണ്ടു. ചില ഭക്ഷണശാലകളും ഈ ഗ്രൗണ്ടിലുണ്ട്. അങ്ങിനെ സ്റ്റാളുകൾ കയറിയിറങ്ങി നടക്കുമ്പോൾ സഹയാത്രികരായ മധുസൂദനൻ സാറിനെയും  വിജയലക്ഷ്മി ടീച്ചറേയും കണ്ടുമുട്ടി. ഒരു ചായ കുടിച്ചാലോയെന്ന ഒറ്റ ചോദ്യത്തിൽ ഞങ്ങൾ ഒരു ഭക്ഷണശാലയിലേയ്ക്ക് നടന്നു. ആ ചായകുടി ജിലേബിയിലേയ്ക്കും , പാവ് ബാജിയിലേയ്ക്കുമെല്ലാം നീണ്ടു. അപ്പോഴേയ്ക്കും മീരയും വത്സലാകുമാരി മാഡവും കൂടിയെത്തി. ഒരു വിധം നല്ല തണുപ്പുള്ള രാവ്. പാവ് ബാജിയുടെയും ചായയുടെയും ജിലേബിയുടെയും രുചി ചൂടോടെ  ആസ്വദിച്ച് ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങുകയാണ്. മേളയുടെ ഭാഗമായി വഴിയിലിരുവശത്തും സ്ഥാപിച്ച അലങ്കാരസ്തൂപങ്ങൾക്കും  ചിത്രങ്ങൾക്കും ഇടയിലൂടെ കലയുടെ , സൗന്ദര്യക്കാഴ്ച്ചകൾ കൊണ്ട് സമ്പന്നമായ പകലനുഭവങ്ങളെ അയവിറക്കിക്കൊണ്ട് ഞങ്ങൾ നടന്നു.  കുളിരുള്ള  രാവിൽ അലങ്കാരത്തോടെ വർണ്ണദീപങ്ങൾ തെളിഞ്ഞുനിൽക്കുന്നു. മൈതാനിയിൽ നടക്കുന്ന കഥക് നൃത്തത്തിന്റെ സംഗീതം ഞങ്ങളെ മുറിയിൽ വരെ പിന്തുടർന്നിരുന്നു.

ഖജുരാഹോ - ഒന്നാം  ഭാഗം വായിക്കാൻ : 

http://yathramanjushree.blogspot.com/2020/12/part-ii.html


ഖജുരാഹോ- രണ്ടാം ഭാഗം   വായിക്കാൻ :

http://yathramanjushree.blogspot.com/2020/12/part-1.html


ഖജുരാഹോ- മൂന്നാം ഭാഗം   വായിക്കാൻ :

http://yathramanjushree.blogspot.com/2020/12/part-3.html

 


















No comments:

Post a Comment