Saturday 26 April 2014

 16-11-2013

ശനിശിഗ്നാപ്പൂ൪ (വാതിലുകളില്ലാത്ത ഗ്രാമം )-ഷി൪ദ്ദിസായി ബാബ സന്നിധി 


                                 പൂനെയിൽ നിന്നും ഞങ്ങള്ക്കുള്ള ബസ് പുറപ്പെടുന്നത് ലോഡ്ജിനു മുന്നിൽ കണ്ട സ്റ്റാന്റിൽ നിന്നല്ല .അടുത്ത് ഒരു രസ്ടോറന്റിൽ നിന്ന് ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ച് ശനി ശിഗ്നാപ്പൂരിലേക്ക് വഴി തിരക്കി .അവിടെ നിന്നും കിട്ടിയ വിവരമനുസരിച്ച് അഹമ്മദ്‌ നഗറിലേക്ക് ബസ്  കിട്ടുന്ന ബസ് സ്റ്റാന്റിലെക്കു ഓട്ടോ പിടിച്ചു. ബസ് സ്റ്റാന്റിൽ നിന്നും ഔറംഗാബാദിലെക്കുള്ള ബസ്സിൽ കയറി . കണ്ടക്ട൪ പറഞ്ഞത് അഹമ്മദ്‌ നഗറു കഴിഞ്ഞ് ഘോടെഗാവ്  എന്നാ സ്ഥലത്ത് ഇറങ്ങിയാൽ ശനി ശിഗ്നാപ്പൂരിലേക്ക് ലോക്കൽ ബസ്സോ ഓട്ടോയോ കിട്ടും എന്നാണ് .അതനുസരിച്ച് ഘോടെഗാവിലെത്തുമ്പോൾ ഇറക്കണമെന്നു പറഞ്ഞ് ടിക്കെറ്റ് എടുത്തു .ദേശീയ പാത 60 ലൂടെ മറാത്തയുടെ ഗ്രാമങ്ങളിലൂടെയാണ് യാത്ര .അഹമ്മദ്‌ നഗ൪ വലിയ പട്ടണമാണ് .ഛ ത്ര പതി ശിവജി മുഗളന്മാരോട് പ്രതിരോധിച്ച്  പട വെട്ടിയ നാട് . ശിവാജിക്കു ശേഷം മാത്രമാണ് ഔറംഗ സെബിന്  അഹമ്മദ്‌ നഗറിൽ സ്വാധീനം ലഭിച്ചത് . ഔറംഗസേബ് മരിച്ചതും അഹമ്മദ്‌ നഗറിൽവെച്ചാണ്.
അഹമ്മദ്‌ നഗറിൽനിന്നും 25 കിലോമീറ്ററോളം ദൂരമുണ്ട് ഘോടെഗാവിലെക്ക് .അവിടെത്തിയപ്പോൾ കണ്ടക്ട൪ കൃത്യമായി ഞങ്ങളെ വിളിച്ച് സ്ഥലമെത്തിയെന്നു പറഞ്ഞു .ശനി ശിഗ്നാപ്പൂരിലേക്ക് പോകുന്ന വഴിയും വണ്ടി കിട്ടുന്ന സ്ഥലവും കണ്ടക്ട൪ കാണിച്ചു തന്നു. ഒരു ചെറിയ ബസ് സ്റ്റാന്റുണ്ട് ഇവിടെ..അതിനുള്ളിൽ തിരക്കിയപ്പോൾ അര മണിക്കൂറിടവിട്ട്  ബസ്സുകളുണ്ടെന്നറിഞ്ഞു. ഒരു ബസ്സ്‌ ഇപ്പോള് പോയതേയുള്ളൂ .ഇനി അര മണിക്കൂറു കൂടി കാത്തിരിക്കണ്ട എന്നു കരുതി പുറത്ത് മിനി വാനുകളുടെ അടുത്തേക്ക് നീങ്ങി .ആ സമയത്ത് വാനുകളൊന്നും ശിഗ്നാപ്പൂരിലേക്കുണ്ടായിരുന്നില്ല .പിന്നെ വന്നത് ഒരു ആപ്പേ ഓട്ടോയാണ് .അതിൽ ബാഗൊക്കെ പുറകിൽഎടുത്തു വച്ച് ഡ്രൈവ൪ ഞങ്ങള്ക്ക് ഇരിപ്പിടം തന്നു . ഏതാണ്ട്  7-8 പേരായപ്പോൾ വണ്ടി പുറപ്പെട്ടു .നാലഞ്ചു കിലോമീറ്റ൪ നടുവൊടിക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്തിട്ടും ഭേദപ്പെട്ട ഒരു ജങ്ക്ഷൻ പോലും കാണാൻ പറ്റിയില്ല .പൂക്കളും പരുത്തിയുമുള്പ്പെടെ കൃഷി ചെയ്യുന്ന വിശാലമായ കൃഷിഭൂമികളും പാടങ്ങളും .തുണിക്കടകൾ ഈ ഗ്രാമങ്ങളിൽ കാണാനേയില്ല .ഇടയ്ക്കൊക്കെ വളം വില്ക്കുന്ന കടകൾ ഉണ്ട് .റോഡരുകിലെ ചില മരത്തണലുകളിൽ കരിമ്പിൻ ജ്യൂസു വില്ക്കുന്നു .കരിമ്പ്‌ ജ്യൂസാക്കുന്ന യന്ത്രം കറക്കുന്നത്‌ കാളകളാണ് .മുന്നില് ഒരു കമ്പിൽ കെട്ടി വെച്ചിരിക്കുന്ന പുല്ലു തിന്നാനായി കാളകൾ മുന്നോട്ടു നടന്നു കൊണ്ടേയിരിക്കുന്നു.അങ്ങിനെ ആ ജീവി പറ്റിക്കപ്പെട്ട് വട്ടത്തിൽ കറങ്ങുകയും കരിമ്പ്‌ ജ്യൂസാകുകയും ചെയ്യും.പ്രധാനമായും ശനിശിഗ്നാപ്പൂരിലേക്കും ഷി൪ദ്ദിയിലേക്കുമുള്ള തീ൪ഥാടകരുടെ വാഹനങ്ങളാണ് ഈ വഴിയിൽ.അര മണിക്കൂറോളം യാത്ര ചെയ്തപ്പോൾ ഓട്ടോ ഒരു ചെറിയ കവലയിൽ എത്തി .അപ്പോളേക്കും ഞങ്ങളൊഴികെ മറ്റു യാത്രക്കാരെല്ലാം പല സ്ഥലങ്ങളിലായി ഇറങ്ങിയിരുന്നു.സോനായി എന്നാണ് സ്ഥലപ്പേര് എന്നാണെന്റെ ഓര്മ്മ . ഇനി ഇവിടെ നിന്നും വേറെ ഓട്ടോയിൽ പോകണമത്രേ .ഇരുപതു രൂപയാണ് ഓട്ടോ ചാര്ജു പറഞ്ഞിരുന്നത് ..പത്തു രൂപാ ഇനിയും അടുത്ത ഓട്ടോക്ക് കൊടുക്കണം .അങ്ങിനെ ഏതാനും മിനിട്ടുകളുടെ ഗ്രാമക്കാഴ്ച്ചകളുടെ യാത്ര കഴിഞ്ഞപ്പോൾ വലിയ തിരക്കുള്ള ഒരു തെരുവിലേക്ക് എത്തി .ഒരു ബസ് പാര്ക്കിംഗ് എരിയായിലാണ് ഓട്ടോ നി൪ത്തിയത് .അല്പം മുന്നോട്ടു നീങ്ങി ശനീശ്വര ദേവസ്ഥാനത്തിന്റെ കവാടവും ബോ൪ഡുമൊക്കെ കാണാം.
 അമ്പലത്തിൽ കയറുന്നതിന് മുന്പ് വാതിലുകളും താഴുമില്ലാത്ത ഗ്രാമം കാണാൻ തീരുമാനിച്ചു .അങ്ങിനെ ഓട്ടോക്കാരൻ ചേട്ടനോട്   വാതിലുകളില്ലാത്ത വില്ലേജിലേക്ക് കൊണ്ട് പോകാൻ പറഞ്ഞു.അപ്പോ അദ്ദേഹം പറഞ്ഞു. "ഇവിടങ്ങിനെ കാണാൻ വേറൊന്നുമില്ല .ശനീശ്വരദര്ശനമാണ്  ഇവിടെ പ്രധാനമായുംനടത്തേണ്ടത് .വില്ലേജിലങ്ങിനെ കാണാനൊന്നുമില്ല .കൃഷിയാണോ നിങ്ങള്ക്ക് കാണേണ്ടത് ?"
വാതിലുകളും താഴുമില്ലാത്ത ഗ്രാമം കാണാനാണ് എന്ന് പറഞ്ഞപ്പോൾ ചുറ്റുപാടും നോക്കി അദ്ദേഹം പറഞ്ഞു ." ദാ  ഇവിടെ ഒരു കടയിലും വാതിലില്ല .ഇത് പോലെയാണ് ഇവിടെ മുഴുവൻ .ശനിദേവ് എല്ലാം കാത്തോളും ." അപ്പോളാണ് ഞങ്ങൾ കടകളിലേക്ക് ശ്രദ്ധിച്ചത് .ശരിയാണ് ഒരു കടയ്ക്കും വാതിലില്ല .ഹോട്ടലിനും സ്റ്റേഷനറി കടയ്ക്കും ഒന്നിനും വാതിലില്ല പകരം മൂടിയിടുന്നതിന് ക൪ട്ടനുകളുണ്ട്. എതായാലും രാവിലെ കേറി ആഗ്രഹിച്ചതല്ലേ ,വില്ലേജിലൂടെ ഒന്ന് കറങ്ങി വരാൻ തീരുമാനിച്ചു .ഒരു പത്ത് ഇരുപത്  മിനുട്ട് കറങ്ങിയപ്പോളേക്കും മതിയായി .പാടങ്ങളുടെ നടുവിലൂടെയാണ് ഇന്നു രാവിലെ മുതലുള്ള യാത്ര .അത് കൊണ്ട് അങ്ങോട്ടൊന്നും പോകണ്ട വീടുകളുടെ ഭാഗത്ത്‌ കൂടി കറങ്ങിയാൽ മതിയെന്ന് ഓട്ടോക്കാരനോട് പറഞ്ഞു.ചില ഊടുവഴികളിലൂടെയുമൊക്കെ അയാള് ഞങ്ങളെ കൊണ്ട് പോയി .അവിടെല്ലാം ഞങ്ങളുടെ ശ്രദ്ധ വാതിലുള്ള ഏതെങ്കിലും കെട്ടിടം കണ്ടു പിടിക്കാൻ പറ്റുമോ എന്നായിരുന്നു .പക്ഷെ ഞങ്ങൾ പരാജയപ്പെട്ടു .ഒരു കെട്ടിടത്തിനു പോലും കട്ടിളയല്ലാതെ വാതിൽ കാണാൻ കഴിഞ്ഞില്ല .
ദേവസ്ഥാനത്തിനു മുന്നിലെത്തിയപ്പോ ഓട്ടോ ചേട്ടൻ ഒരു നമ്പരിട്ടു .അയ്യാളുടെ അളിയന്റെ കടയുണ്ട് ഇവിടെ ബാഗും ചെരിപ്പുമൊക്കെ  അവിടെ വെക്കാം .അകത്തു കടന്നാൽ അതിനൊന്നും സൌകര്യമില്ലത്രേ ..പക്ഷെ അയാളിതു പറയുമ്പോളും എന്ട്രൻസ്  ഗേറ്റിനു സമീപം തന്നെ വലിയ അക്ഷരത്തിൽക്ലോക്ക് റൂം , ഫ്രീ സ൪വീസ് എന്നെഴുതിയ വലിയ ബോ൪ഡു ഞങ്ങള്ക്ക് കാണാമായിരുന്നു .സ്നേഹത്തിനു നന്ദി പറഞ്ഞ് ഓട്ടോ പറഞ്ഞു വിട്ടു. ബാഗ് അകത്തു കൊണ്ട് പോകുന്നതിന് തടസ്സമൊന്നുമില്ല . സെക്യൂരിറ്റി പരിശോധനയുണ്ട്‌ . ചെരിപ്പ്  കൌണ്ടറിലേല്പിച്ച് ദ൪ശനത്തിനുള്ള ക്യൂവിലെക്കു കയറി .തിരക്കുണ്ടെങ്കിലും ക്യൂ വേഗം ചലിക്കുന്നുണ്ട് .സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് ഒരു കോണ്‍ ക്രീറ്റ്  ഇടനാഴിയിലെ ക്യൂ കോംപ്ലക്സിലെക്കാണ് കടക്കുന്നത്‌ . ക്യൂവിലൂടെ ചെന്ന് ഒരു ക്ഷേത്രത്തിന്റെ മുന്നിലെത്തി .ആളുകള് തിരക്കുണ്ടാക്കിത്തുടങ്ങി. ക്ഷേത്രം കണ്ടത് പൂജകളും ഹോമങ്ങളും മറ്റും നടത്തുന്ന സ്ഥലമാണ് .ചില ഉപദേവത വിഗ്രഹങ്ങളും ഇതിനുള്ളിലുണ്ട് . ഈ മന്ദിരത്തിന് എതി൪ വശത്ത്  വിശാലമായ ഗ്രൗണ്ടിൽ നിര്മ്മിച്ച ഒരു പീഠത്തിനു  മുകളിലാണ് ശനീശ്വര പ്രതിഷ്ഠ .ഒരു കറുത്ത ശിലയാണ് ശനിദേവന്റെ ഇവിടുത്തെ പ്രതിഷ്ഠ .അതിൽ എണ്ണ കൊണ്ട് തുടര്ച്ചയായി അഭിഷേകം നടന്നു കൊണ്ടേയിരിക്കുന്നു .ആളുകള് അവിടേക്ക് പൂമാലകളും പൂക്കളും വാരി എറിയുന്നു. ഇവിടുത്തെ കോണ്‍ ക്രീറ്റ് കെട്ടിടങ്ങൾക്ക് ഒരു പാട് കാലപ്പഴക്കമില്ല. അടുത്ത കാലത്തായി വലിയ തോതിൽ തീ൪ഥാടകരുടെ വര്ധന ഉണ്ടായിട്ടുള്ളതായി നമുക്ക് മനസ്സിലാകും . പ്രതിഷ്ഠയ്ക്ക് പിന്നിലായി ഒരു വലിയ വേപ്പ് മരമുണ്ട് .ഈ മരത്തിന്റെ ശിഖരങ്ങളുടെ നിഴൽ ഒരിക്കലും പ്രതിഷ്ഠ യ്ക്ക്  മുകളിൽപതിക്കില്ല .അഥവാ നിഴലു വീഴുന്ന രീതിയിൽ ശിഖരം വള൪ന്നാൽ അത് തനിയെ ഒടിഞ്ഞു വീഴുമത്രേ . വിശാലമായ ഒരു മൈതാനമാണ് ഇവിടം .അതിൽ നിറയെ ആര്യവേപ്പ് ഉള്പ്പെടെയുള്ള മരങ്ങൾ നട്ടു പിടിപ്പിച്ചിട്ടുണ്ട് .ആളുകള്ക്ക് ധ്യാനിക്കുന്നതിനും പുരാണ ഗ്രന്ഥപാരായണം നടത്തുന്നതിനും ചില സ്ഥലങ്ങൾ തിരിച്ചിട്ടിരിക്കുന്നു.വലിയ സന്തോഷം തോന്നി .സാധാരണ ഇത്തരം തീര്ഥാടന കേന്ദ്രങ്ങളിൽ തിരക്ക് കൂടും തോറും വൃക്ഷം വെട്ടിയും കെട്ടിടം പണിതുമാണ് വികസനം നടത്താറ് .ഇവിടെ കെട്ടിടം പണിതിട്ടുണ്ടെങ്കിലും അവിടെ ധ്യാനത്തിനും മറ്റും സ്ഥലം മാറ്റി വെച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ് . പ്രസാദവിതരണവും അവിടെ നടക്കുന്നുണ്ട് . അങ്ങിനെ ദ൪ശനത്തിനു ശേഷം പുറത്തേക്കിറങ്ങി .









ഈ യാത്രയിൽ ഏറ്റവും ചെലവു കുറഞ്ഞ ഭക്ഷണം ലഭിച്ചത് ശനി ശിഗ്നാപ്പൂരിലാണ് .താലി ഊണും നാലഞ്ചു റോട്ടികളും എന്തൊക്കെയോ സബ്ജികളൂമൊക്കെയായി രണ്ടു പേര്ക്ക് കഴിക്കാവുന്ന ഉച്ച ഭക്ഷണം 30 രൂപയ്ക്ക് .ഊണ് കഴിഞ്ഞ്  ബസ്സ്‌ സ്റ്റാ ന്റ്  തിരക്കി .തെരുവിലെ തിരക്കിലൂടെ ചില കടകളിലൊക്കെ കയറി നടന്നു. ഒടുവിൽ ഷി൪ദ്ദിയിലേക്ക് ഒരു മിനി വാനിൽ യാത്ര .ഒരാള്ക്ക് 50 രൂപയാണ് റേറ്റ് .

No comments:

Post a Comment